ഉപരിതലവും പാറകളും

Posted on: 21 Oct 2008


ചന്ദ്രന് ഭൂമിയുടെ രണ്ട് ശതമാനം വ്യാപ്തി മാത്രമേയുള്ളൂ. ഗുരുത്വാകര്‍ഷണമാണെങ്കില്‍ ഭൂമിയിലുള്ളതിന്റെ 17 ശതമാനം മാത്രം. അന്തരീക്ഷമില്ല. പകല്‍ കൊടും ചൂടും രാത്രി ശൈത്യവുമാണിവിടെ. പകല്‍ താപനില 130 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. രാത്രിയാണെങ്കില്‍ പൂജ്യത്തിനും 180 ഡിഗ്രി താഴെയാണ് തണുപ്പ്. ജീവന്റെ ലക്ഷണങ്ങളൊന്നും തന്നെ ചന്ദ്രനില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗര്‍ത്തങ്ങളും കുന്നുകളും നിറഞ്ഞതാണ് ഉപരിതലം. ക്ഷുദ്രഗ്രഹങ്ങളും ധൂമകേതുക്കളും പതിച്ചാണ് പല ഗര്‍ത്തങ്ങളും ഉണ്ടായിരിക്കുന്നത്. ഉപരിതലത്തില്‍ കാല്‍ താഴ്ന്നുപോകുന്ന രീതിയില്‍ 'റിഗോളിത്' എന്ന പൊടിപടലമാണ്.

ഭൂമിയിലേതിനേക്കാള്‍ കാലപ്പഴക്കം ചെന്ന പാറകളാണ് ചന്ദ്രനില്‍. അപ്പോളോ ചാന്ദ്രപര്യവേക്ഷണത്തില്‍ 382 കിലോ (2415 കഷ്ണങ്ങള്‍) പാറകള്‍ ഭൂമിയില്‍ എത്തിച്ചിട്ടുണ്ട്. 'ലൂണ' വാഹനങ്ങള്‍ മൂന്ന് തവണയായി 326 ഗ്രാം പാറകളും കൊണ്ടുവന്നിട്ടുണ്ട്.

അനോര്‍ത്തോസൈറ്റ്, ഗാബ്രോ, ഡ്യൂണൈറ്റ്, ബസാള്‍ട്ട്, ബ്രക്ഷ്യ, ഗ്രാനൈറ്റ് (ഡയറൈറ്റ്, മോണ്‍സോഡയറൈറ്റ്, ഗ്രാനോഫയര്‍) എന്നിവയാണ് ചന്ദ്രനില്‍ കാണുന്ന പ്രധാന പാറകള്‍. ഇത്തരം പാറകള്‍ ഭൂമിയിലുണ്ടെങ്കിലും ഇവയിലടങ്ങിയിരിക്കുന്ന ധാതുക്കളുടെ അളവില്‍ വ്യത്യാസമുണ്ട്.

ചന്ദ്രനില്‍ ജലാംശമുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ക്ഷുദ്രഗ്രഹങ്ങളും ധൂമകേതുക്കളും പതിച്ചപ്പോള്‍ ഇതിലെ ജലതന്മാത്രകള്‍ ചന്ദ്രനില്‍ വീണിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. കാറ്റടിക്കുന്നതിനാല്‍ ഹൈഡ്രജന്‍ തന്മാത്രകള്‍ മണ്ണിലെ ഓക്‌സിജനുമായി കലര്‍ന്ന് ജലകണങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ചന്ദ്രനിലെ ഉയര്‍ന്ന താപനില മൂലം ഇത് അപ്പോഴപ്പോള്‍ത്തന്നെ നീരാവിയായി നഷ്ടപ്പെടും. പക്ഷേ, സൂര്യപ്രകാശമേല്‍ക്കാത്ത ധ്രുവപ്രദേശങ്ങളില്‍ ജലവും ഹിമവും ഉണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍.

ജലലഭ്യതയെക്കുറിച്ചുള്ള നിരീക്ഷണത്തിനായി ചന്ദ്രയാന്‍-1 ന്റെ മൂന്ന് ഉപകരണങ്ങളില്‍ (പേലോഡ്) പ്രത്യേക സജ്ജീകരണമുണ്ട്. ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജര്‍, മൂണ്‍ മിനറോളജി മാപ്പര്‍, നിയര്‍ ഇന്‍ഫ്രാറഡ് സ്‌പെക്‌ട്രോമീറ്റര്‍ എന്നിവ വെള്ളത്തിന്റെ അംശം കണ്ടെത്താന്‍ സഹായിക്കും.
Tags:   chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial