ചന്ദ്രയാന്‍ -1 യാത്രാഘട്ടങ്ങള്‍

Posted on: 21 Oct 2008


ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആദ്യ യാത്രാ ദൗത്യമാണ് ചന്ദ്രയാന്‍ -1. നിരവധി ശാസ്ത്രജ്ഞരുടെ മാസങ്ങളായുള്ള പരിശ്രമത്തിലൂടെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലാണ് ചന്ദ്രയാന്‍-1 ഉപഗ്രഹം രൂപകല്പന ചെയ്തത്. യാത്രയ്ക്കുള്ള എല്ലാ പരീക്ഷണങ്ങളും വിജയിച്ച വാഹനത്തെ ഈയിടെയാണ് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പെയ്‌സ് സെന്ററിലെത്തിച്ചത്. വിക്ഷേപണത്തറയില്‍ ജടഘഢ11*റോക്കറ്റില്‍ ഘടിപ്പിച്ചതോടെ ഉപഗ്രഹം ചാന്ദ്രയാത്രയ്ക്ക് തയ്യാറായി. വിക്ഷേപണത്തിനുള്ള 'കൗണ്ട് ഡൗണ്‍' തിങ്കളാഴ്ച പുലര്‍ച്ചെ തുടങ്ങി. ബുധനാഴ്ച രാവിലെ വിക്ഷേപിക്കുന്ന ഉപഗ്രഹം പല ഘട്ടങ്ങള്‍ പിന്നിട്ടാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുക.

ഭൂമിയില്‍ നിന്ന് 3,87,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തുന്നതോടെ വിക്ഷേപണ പ്രക്രിയ പൂര്‍ത്തിയാകും. ആദ്യം ഉപഗ്രഹം ഭൂമിയില്‍ നിന്ന് 23,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തും. പിന്നീട്, 37,000 വും 73,000 വും കിലോമീറ്റര്‍ വരുന്ന രണ്ട് ഭ്രമണപഥത്തില്‍ ഭൂമിയെ വലംവെക്കും. അതിനുശേഷമാണ് ഉപഗ്രഹത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് (സര്‍ക്കം ലൂണാര്‍ ഓര്‍ബിറ്റ്) തൊടുത്തു വിടുക. ചന്ദ്രന്റെ ആയിരം കിലോമീറ്റര്‍ ദൂരെയുള്ള ഭ്രമണപഥത്തിലെത്തുന്ന ഇതിനെ പിന്നീട് ഘട്ടം ഘട്ടമായി നിയന്ത്രിച്ച് നൂറ് കിലോമീറ്റര്‍ വരുന്ന ഭ്രമണപഥത്തിലെത്തിക്കും.ഈ പ്രക്രിയ നവംബര്‍ എട്ടോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഭ്രമണപഥത്തില്‍ ഉപഗ്രഹം രണ്ടുവര്‍ഷം ചന്ദ്രനെ വലംവെച്ച് നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കും.

ഉപഗ്രഹം 100 കിലോമീറ്റര്‍ അകലെയുള്ള ചാന്ദ്രഭ്രമണപഥത്തിലെത്തിയാല്‍ 'മൂണ്‍ ഇംപാക്ട് പ്രോബ്' എന്ന ഉപകരണം ചന്ദ്രനിലേക്ക് ഇടിച്ചിറക്കും. 29 കിലോ വരുന്ന ഈ ഉപകരണം ഉപഗ്രഹത്തില്‍ നിന്ന് വേര്‍പെട്ട് 20 മിനിറ്റുകൊണ്ട് ചന്ദ്രനില്‍ വീഴും.
ചന്ദ്രനിലിറങ്ങാനുള്ള വാഹനത്തിന്റെ രൂപകല്പനയ്ക്കാവശ്യമായ സാങ്കേതിക വിദ്യ കണ്ടെത്തുന്നതിനാണ് ഈ പരീക്ഷണം. മാത്രമല്ല, ചന്ദ്രന്റെ ഉപരിതല ഘടനയുടെ വീഡിയോ എടുക്കുന്നതിനായി ഇതില്‍ ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. റഡാര്‍ ആള്‍ട്ടിമീറ്റര്‍, വീഡിയോ ഇമേജിങ് സിസ്റ്റം, മാസ് സ്‌പെക്‌ട്രോ മീറ്റര്‍ എന്നിവയാണ് ഇതില്‍ സജ്ജീകരിച്ചിട്ടുള്ള പേലോഡുകള്‍. ഒരടിയിലധികം വരുന്ന ചതുരപ്പെട്ടി പോലുള്ളതാണ് മൂണ്‍ ഇംപാക്ട് പ്രോബ്.

ചന്ദ്രനെ ഒരു തവണ വലം വെക്കാന്‍ ഉപഗ്രഹത്തിന് 117 മിനിറ്റ് വേണം. 316 ടണ്‍ ആണ് ജടഘഢ11* യുടെ ഭാരം. 1304 കിലോ വരുന്ന ഉപഗ്രഹത്തിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമ്പോള്‍ ഇന്ധനം കുറെ നഷ്ടപ്പെടുന്നതുകൊണ്ട് 590 കിലോ ഭാരമേ ഉണ്ടാകൂ. ഉപഗ്രഹത്തിലെ 11 ഉപകരണങ്ങള്‍ക്കും കൂടി 90 കിലോ ഭാരമുണ്ട്.സോളാര്‍ പാനല്‍ സംഭരിക്കുന്ന സൗരോര്‍ജം ഉപയോഗിച്ചാണ് ഉപഗ്രഹം പ്രവര്‍ത്തിക്കുക. ഊര്‍ജം ലിത്തിയം അയേണ്‍ ബാറ്ററിയില്‍ ശേഖരിക്കുകയും ചെയ്യും.

ബാംഗ്ലൂരിനടുത്തുള്ള ബിയാലലു എന്ന ഗ്രാമത്തിലാണ് ഉപഗ്രഹത്തില്‍ നിന്ന് റേഡിയോ സിഗ്‌നലുകള്‍ സ്വീകരിക്കാനും അയയ്ക്കാനുമുള്ള കൂറ്റന്‍ ആന്റിന സ്ഥാപിച്ചിരിക്കുന്നത്.

Tags:   chandrayan-1, ISRO, India, NASA, water on moon, space science



MathrubhumiMatrimonial