പ്രാര്‍ത്ഥനാ നിര്‍ഭരമായി ചങ്ങനാശ്ശേരി ക്ലാരമഠം

Posted on: 13 Oct 2008


ചങ്ങനാശ്ശേരി: ക്ലാരമഠത്തിന്റെ സ്‌നേഹസന്താനത്തെ വിശുദ്ധ പദവിയിലേക്ക് സഭയുയര്‍ത്തിയപ്പോള്‍ അല്‍ഫോന്‍സാമ്മയുടെ സ്മൃതികളുറങ്ങുന്ന ചങ്ങനാശ്ശേരി ക്ലാരമഠത്തില്‍ ആഹ്ലഌദം തിരയടിച്ചു. രാവിലെ മുതല്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകളാല്‍ മുഖരിതമായിരുന്നു മഠത്തിന്റെ അങ്കണം. വാഴപ്പള്ളി സ്‌കൂളില്‍ 9ാം ക്ലാസില്‍ മലയാളം ഹയര്‍ പഠിക്കുന്നതിനും തുടര്‍ന്ന് നൊവിഷേക് പഠനത്തിനും അല്‍ഫോന്‍സാമ്മ താമസിച്ചത് ചങ്ങനാശ്ശേരി ക്ലാരമഠത്തിലായിരുന്നു. അല്‍ഫോന്‍സാമ്മ നിത്യവൃതം സ്വീകരിച്ചതും ക്ലാരമഠത്തിന്റെ ചാപ്പലില്‍വച്ചായിരുന്നു. മാര്‍ ജെയിംസ് കാളാശ്ശേരി മെത്രാനായിരുന്നു കാര്‍മ്മികന്‍. ഈ ചരിത്ര നിമിഷങ്ങളെ സ്മരിച്ച് നൂറുകണക്കിന് സന്യാസിനികള്‍ കൈകളില്‍ മെഴുകുതിരി തെളിയിച്ചു.

അല്‍ഫോന്‍സാമ്മയ്ക്ക് ചാവറയച്ചന്‍ പ്രത്യക്ഷപ്പെട്ട് അത്ഭുത രോഗസൗഖ്യം നല്‍കിയ മുറിയില്‍ രാവിലെ മുതല്‍ നൊവേന നടന്നു. മഠം ചുറ്റിയുള്ള പ്രദക്ഷിണവും ഉണ്ടായിരുന്നു. മധുരപലഹാര വിതരണവും മഠാങ്കണത്തില്‍ നടന്നു. രാവിലെ വിശുദ്ധബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വൈസ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജിയോമരിയ, മദര്‍ സിസ്റ്റര്‍ മേഴ്‌സിലിറ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.






MathrubhumiMatrimonial