വത്തിക്കാനില്‍ വിശ്വാസത്തിന്റെ ആഘോഷം

Posted on: 13 Oct 2008

ഡോ. സിറിയക് തോമസ്‌



വത്തിക്കാന്‍:ഞായറാഴ്ച രാവിലെ 8 മണിക്ക് മുമ്പുതന്നെ സെന്റ്പീറ്റേഴ്‌സ് ബസ്സിലിക്കയുടെ സമീപം വിശ്വാസികളുടെ നീണ്ടനിര രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റോമിലെത്തിയ മലയാളികളില്‍ പലരും ഇന്ത്യയുടെ ദേശീയപതാകയും വഹിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ വംശജയായ ഒരു വിശുദ്ധയെ നാമകരണം ചെയ്യുന്ന ചടങ്ങില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ പീഠത്തിന് സമീപമാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിനും ഇരിപ്പിടം ഒരുക്കിയിരുന്നത്.
കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫ്, മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം.ജേക്കബ്, പി.സി.തോമസ് എം.പി., എം.എല്‍.എ.മാരായ കെ.എം.മാണി, കെ.വി.തോമസ്, കെ.സി.ജോസഫ്, പി.സി.ജോര്‍ജ്, എം.ജി.യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ.ജാന്‍സി ജെയിംസ്, മുന്‍ വൈസ് ചാന്‍സലര്‍ സിറിയക് തോമസ്, മുന്‍ എം.എല്‍.എ. ഇ.എം.ആഗസ്തി, മാണി സി.കാപ്പന്‍, അഡ്വ. കുര്യന്‍ ജോര്‍ജ്ജ് കണ്ണന്താനം എന്നിവരടങ്ങിയ പ്രതിനിധി സംഘത്തോടൊപ്പം ബ്ലോസം ഫെര്‍ണാണ്ടസ്, കുട്ടിയമ്മ മാണി, സോണിയ മോന്‍സ്, ഷര്‍ലി കെ.വി.തോമസ്, അനു സിറിയക് തോമസ് എന്നിവരും അതില്‍ സംബന്ധിച്ചു.

അല്‍ഫോന്‍സാമ്മയുടെ ശവകുടീരത്തില്‍ നിന്ന് പുറത്തെടുത്ത ശരീരത്തിന്റെ പടങ്ങള്‍ കാണുവാന്‍ ഭാഗ്യം സിദ്ധിച്ച ഡോ. ജോഷി ജോണും (കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍- ലണ്ടന്‍) ഭാര്യ തങ്കമണിയും ഇന്ത്യന്‍ സംഘത്തിന്റെ സമീപത്ത് ഉണ്ടായിരുന്നു.
മാര്‍പ്പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിനു പകരം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യസഹകാര്‍മ്മികരില്‍ ഒരാളായി. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൂര്‍ണ്ണവിശ്രമം നിര്‍ദ്ദേശിച്ചിരുന്നു.



MathrubhumiMatrimonial