നന്ദിയോടെ ജിനിലും കുടുംബവും

Posted on: 13 Oct 2008


വത്തിക്കാന്‍സിറ്റി: ജിനിലിന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ ദിവസമായിരുന്നു ഞായറാഴ്ച. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് സാക്ഷ്യം വഹിച്ച നിമിഷം.
കോട്ടയം ജില്ലയിലെ മണ്ണാറപ്പാറയില്‍ നിന്ന് നന്ദി നിറഞ്ഞ മനസ്സുമായാണ് ജിനില്‍ മെറിന്‍ ഷാജിയെന്ന പത്തുവയസ്സുകാരനും അച്ഛന്‍ ഷാജി, അമ്മ ലിസി, സഹോദരന്‍ ജൂബിന്‍ എന്നിവര്‍ വത്തിക്കാനിലെത്തിയത്.
കാലുകള്‍ വളഞ്ഞിരുന്നതിനാല്‍ നടക്കാനുള്ള കഴിവില്ലാതിരുന്ന ജിനില്‍ അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയില്‍ ലഭിച്ച അനുഗ്രഹത്താലാണ് സുഖം പ്രാപിച്ചത്. വൈദ്യശാസ്ത്രം ഉപേക്ഷിച്ച ജിനിലിന് ലഭിച്ച അത്ഭുത രോഗശാന്തിയാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് കാരണമായി തീര്‍ന്നത്. ഒരിക്കലും നടക്കാനാവില്ലെന്ന് കരുതിയ ജിനില്‍ വത്തിക്കാനിലൂടെ നടന്നു; പിന്നെ ഓടി. സന്തോഷം കൊണ്ട് തുള്ളിച്ചാടി.

''ജീവിതത്തിലെ ഏറ്റവും വലിയ സംഭവം. ഒരിക്കലും ഇത് മറക്കാനാവില്ല'' - ജിനിലും അച്ഛന്‍ ഷാജിയും പറഞ്ഞു.ജിനിലിന്റെ ഇടവകയായ മണ്ണാറപ്പാറ സെന്റ്‌സേവ്യേഴ്‌സ് പള്ളിയില്‍ നിന്ന് 42 പേരടങ്ങുന്ന സംഘമാണ് കര്‍മങ്ങള്‍ക്ക് എത്തിയത്. വികാരി ഫാ.ജോസഫ് കാരിപ്പുറം, ഫാ.തോമസ് കാലാച്ചിറയില്‍, പ്രൊഫ. ലോപ്പസ് മാത്യു, ബിജു മറ്റപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെത്തിയത്.




MathrubhumiMatrimonial