മലയാളം ഇമ്പമായി

Posted on: 13 Oct 2008


വത്തിക്കാന്‍സിറ്റി:മലയാളത്തില്‍ ശ്രുതിമധുരമായ സ്വരത്തില്‍ ഉയര്‍ന്ന ഗാനങ്ങള്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നവ്യാനുഭവമായി. രണ്ടുമലയാള ഗാനങ്ങളാണ്, വിശുദ്ധ പദവി പ്രഖ്യാപനച്ചടങ്ങില്‍ ആലപിക്കപ്പെട്ടത്.
ചടങ്ങുകളുടെ ആരംഭത്തില്‍ 'ധന്യേ, കന്യകേ, അല്‍ഫോന്‍സാമ്മേ, പനിനീര്‍പ്പൂവിന് സൗരഭ്യം തൂകൂ' എന്ന് തുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. ഫാ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, ഫാ. ജോസ് വാളംപറമ്പില്‍, ബ്രദര്‍ ബിനോജ് മുളവരയ്ക്കല്‍ എന്നിവര്‍ചേര്‍ന്നാണ് ഈ ഗാനം രചിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. അഗസ്റ്റിന്‍ തന്നെയാണ് സംഗീതം നിര്‍വ്വഹിച്ചതും.
കര്‍മ്മങ്ങളുടെ ഒടുവില്‍ എഫ്.സി.സി. ചങ്ങനാശ്ശേരി പ്രൊവിന്‍സ് പുറത്തിറക്കിയ 'മാലാഖമാരൊത്തു വാനില്‍, വാഴുന്നൊരല്‍ഫോന്‍സാ' എന്ന ഗാനവും ആലപിച്ചു. കേരളത്തിന്റെ തനത് ഈണത്തിലും താളത്തിലുമുയര്‍ന്ന ഗാനങ്ങള്‍ മറ്റുരാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ക്ക് പുതിയ അനുഭവമായപ്പോള്‍, വിദേശ മലയാളികള്‍ക്ക് ഗൃഹാതുര സ്മരണയേകി. ഏഴുവൈദികരും 15 സിസ്റ്റര്‍മാരും നാലുവൈദിക വിദ്യാര്‍ത്ഥികളും അഞ്ച് അല്‍മായരുമടങ്ങിയതായിരുന്നു ഗായകസംഘം.
ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ഫാ. ജസ്റ്റിന്‍ കല്ലേലി, ഫാ. സിറിള്‍ ആനന്ദ്, ഫാ. ജോണ്‍സണ്‍, ഫാ. ജേക്കബ് മരങ്ങാട്, സിസ്റ്റര്‍മാരായ ഗ്രേസി, തേജസ്, ലിയ, അല്‍മായരായ ടോമി, ജിജി, ഡില്‍റ്റീസ്, ജൂലിയ, ഡില്ലീസ് എന്നിവരും ഗായക സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
ചരിത്രത്തിലാദ്യമായി. സെന്റ് പീറ്റേഴ്‌സ് ബസ്ലിക്കയില്‍ വിശുദ്ധപദവി പ്രഖ്യാപനച്ചടങ്ങില്‍ തിരുശേഷിപ്പു സമര്‍പ്പണം നടത്തിയത് മൂന്നുമലയാളികളുടെ നേതൃത്വത്തിലാണെന്നതും ശ്രദ്ധേയമായി. തിരുശേഷിപ്പ് അടക്കംചെയ്ത പേടകംവഹിച്ചത് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭാ മദര്‍ ജനറാള്‍ സീലിയയാണ്. ആലപ്പുഴ, ചേര്‍ത്തല പട്ടണക്കാട് മാങ്കുറിയില്‍ കുടുംബാംഗമാണ്. മദര്‍ സീലിയ. പേടകത്തിനൊപ്പം ദീപമേന്തിയത് കെ.എം. മാണി എം.എല്‍.എ.യും ഫാ. ഫ്രാന്‍സിസ് വടക്കേലുമാണ്.
ദിവ്യബലിമദ്ധ്യേ മാര്‍പ്പാപ്പ മുമ്പാകെ കാഴ്ച സമര്‍പ്പണ വേളയില്‍ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയിലെ മൂന്ന് സംന്യാസിനികളാണ് അല്‍ഫോന്‍സാമ്മയ്ക്കുവേണ്ടി കാണിക്കയര്‍പ്പിച്ചത്. സിസ്റ്റര്‍ മരിയ ഫ്രാന്‍സിസ് (ഭരണങ്ങാനം) സിസ്റ്റര്‍ റാണിറ്റ (ചങ്ങനാശ്ശേരി), സിസ്റ്റര്‍ പൗളി നോസ് (പാലാ) എന്നിവരാണിത്. അല്‍ഫോന്‍സാമ്മയുടെ ബന്ധുകൂടിയായ ബ്രദര്‍ ജിനോ മുട്ടത്തുപ്പാടമടക്കമുള്ള ഏതാനും വൈദികവിദ്യാര്‍ത്ഥികള്‍ ശുശ്രൂഷികളായി.





MathrubhumiMatrimonial