കുടമാളൂരിന്റെ വിശുദ്ധ ഞായര്‍

Posted on: 13 Oct 2008

ബെന്നി ഫിലിപ്പ്‌



കോട്ടയം:കുടമാളൂര്‍ ഗ്രാമത്തിലേക്ക് ഞായറാഴ്ച രാവിലെ മുതല്‍ ജനപ്രവാഹമായിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലും സെന്റ്‌മേരീസ് പള്ളിയിലുമായി നടന്ന ചടങ്ങുകളില്‍ വിശ്വാസതീവ്രതയോടെ പതിനായിരങ്ങള്‍ പങ്കുകൊണ്ടു. ചാപ്പലിലെ അള്‍ത്താരയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് വണങ്ങി പ്രാര്‍ത്ഥനയര്‍പ്പിച്ച് അവര്‍ മടങ്ങി.
രാവിലെ 9 മണിക്ക് ജപമാലയോടെയാണ് ജന്മഗൃഹത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. 10ന് നടന്ന ആരാധനയ്ക്ക് ഫാ.തോമസ് ചേക്കോന്ത, ബ്രദര്‍ മാര്‍ട്ടിന്‍ പെരുമാലില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫാ.സേവ്യര്‍ കൊച്ചുപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെ വത്തിക്കാനില്‍ നടന്ന വിശുദ്ധ നാമകരണച്ചടങ്ങുകള്‍ വലിയ സ്‌ക്രീനില്‍ തത്സമയം സംപ്രേഷണം ചെയ്തു. വൈകുന്നേരം 4.30ന് കുടമാളൂര്‍ ഫൊറോനാപള്ളിയുടെ 11 ഇടവകകളില്‍ നിന്നുള്ള പ്രദക്ഷിണങ്ങള്‍ ജന്മഗൃഹത്തിലെത്തിച്ചേര്‍ന്നു.
തുടര്‍ന്ന് മാതാവിന്റെയും അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സെന്റ് മൈക്കിള്‍സ് ചാപ്പല്‍, പനമ്പാലം വഴി കുടമാളൂര്‍ പള്ളിയിലെത്തിച്ചേര്‍ന്നു.

വിശുദ്ധരുടെ രൂപങ്ങള്‍ പള്ളിയില്‍ പ്രതിഷ്ഠിച്ചതോടെ ഞായറാഴ്ചത്തെ പ്രധാന ചടങ്ങുകള്‍ അവസാനിച്ചു.





MathrubhumiMatrimonial