
ദൈവത്തിന്റെ കരവേല
Posted on: 12 Oct 2008
മാര്‍ ജോസഫ് കല്ലറങ്ങാട്ട്
(പാലാ രൂപതാ മെത്രാന്‍)
(പാലാ രൂപതാ മെത്രാന്‍)
വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധ എന്നു പ്രഖ്യാപിക്കുന്ന ഈ ദിവസം ഭാരതക്രൈസ്തവര്‍ക്ക് ഒരു പൊന്നുണ്ണി പിറന്നതുപോലുള്ള അവസരമാണ്. രണ്ടായിരം വര്‍ഷങ്ങളിലെ ഒരുക്കം ഈ പിറവിക്കു വേണ്ടിവന്നു. ഇത് ഭാരതത്തിന് ഒരു കീര്‍ത്തിമുദ്രയും ഭാരതസഭയ്ക്ക് ഒരു അംഗീകാരവുമാണ്. ജനിച്ചിട്ട് ഒരുനൂറ്റാണ്ടുപോലും തികയാത്ത ഒരു വ്യക്തിയെ സാര്‍വ്വത്രികസഭയുടെ വണക്കത്തിനായി മാറ്റിവയ്ക്കപ്പെടാന്‍ സാധിച്ചു എന്നത് ഏറെ അസാധാരണസ്വഭാവം പുലര്‍ത്തുന്ന ഒരു പ്രക്രിയയത്രേ. ഭാരതമാതാപിതാക്കളില്‍നിന്നു പിറന്ന ഈ ആദ്യവിശുദ്ധയെ ഓരോ വിശ്വാസിയും അവന്റെ നെഞ്ചകത്തോടു ചേര്‍ത്തുപിടിക്കുകയാണ്.
ഒരു വ്യക്തി വിശുദ്ധന്‍/വിശുദ്ധ ആകുന്നതോടുകൂടി ദൈവമായിത്തീരുകയോ മാലാഖയായി മാറുകയോ ചെയ്യുന്നില്ല. ഒരു നല്ല മനുഷ്യജീവിതത്തിനു സഭ നല്‍കുന്ന അംഗീകാരമുദ്രയാണ് വിശുദ്ധപദവി. അല്‍ഫോന്‍സാ വിശുദ്ധ ആയപ്പോള്‍ ആരെയും തട്ടി പിറകിലാക്കുന്നില്ല; ആരുടെയെങ്കിലും മുമ്പില്‍ കയറിനില്‍ക്കുകയുമല്ല; പ്രത്യുത ഭൂമിയില്‍ ജീവിച്ച കാലത്ത് തിരുവചനം സ്വീകരിച്ച്, ഹൃദയപരിവര്‍ത്തനംവഴി ദൈവത്തിന്റെ പട്ടണം പണിയാന്‍ തീവ്രമായി ആഗ്രഹിച്ച വ്യക്തിയായിരുന്നു അവള്‍ എന്നു സഭ പഠിപ്പിക്കുകയാണ്. ഒരു വിശുദ്ധജീവിതത്തെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കുന്ന സഭയുടെ ഔദ്യോഗികപ്രവൃത്തിയാണ് വിശുദ്ധപദവി പ്രഖ്യാപനം.
ദൈവത്തെ കൂട്ടുപിടിച്ച് സ്വര്‍ഗ്ഗചിന്തയോടുകൂടി ജീവിച്ച ഒരു വ്യക്തിയുടെ ജീവിതം പഠിക്കുമ്പോള്‍ നമുക്കു കിട്ടുന്നത് പരലോകപരിചയമാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മ തന്മൂലം നമുക്ക് സ്വര്‍ഗ്ഗത്തെ നോക്കിക്കാണാനുള്ള കിളിവാതിലാണ്. ഭൗതികതയുടെ അതിപ്രസരംമൂലം ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ കഴിയാതിരിക്കുന്ന ഏവര്‍ക്കും അല്‍ഫോന്‍സാ ഒരു 'എഫാത്താ' അനുഭവം സൃഷ്ടിക്കും. മനസ്സിന്റെ ഉള്ളറകള്‍ തുറക്കാനുള്ള ഒരു ക്ഷണമാണത്. അല്‍ഫോന്‍സായെ കൂട്ടുപിടിച്ചാല്‍, അവള്‍ നമുക്ക് സ്വര്‍ഗ്ഗത്തെ കാണിച്ചുതരും.
വിശുദ്ധ അല്‍ഫോന്‍സായുടെ ജീവിതം തുറന്നുതരുന്ന വഴി സഹനത്തിന്‍േറതാണ്. മിശിഹായില്‍ വിശ്വസിക്കുന്നതുമാത്രമല്ല, മിശിഹായ്ക്കുവേണ്ടി സഹിക്കുന്നതും ദൈവകൃപയായിട്ടു കണ്ട വിശുദ്ധപൗലോസിന്റെ ആത്മീയതയാണ് അല്‍ഫോന്‍സാമ്മയുടേതും. മറ്റുള്ളവരുടെ സഹനങ്ങള്‍കൂടി ചോദിച്ചുവാങ്ങിയ അല്‍ഫോന്‍സാമ്മ, ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍ എന്ന ശ്ലീഹായുടെ ചിന്തകള്‍ക്കപ്പുറവും എത്തിനില്ക്കുകയാണല്ലോ.
വേദനകള്‍ ഉപേക്ഷിക്കപ്പെടേണ്ടതോ തിരസ്‌കരിക്കപ്പെടേണ്ടതോ അല്ലെന്നും പ്രത്യുത, സ്വീകരിക്കപ്പെടേണ്ടതും സ്വന്തമാക്കപ്പെടേണ്ടതുമാണെന്നും ഈ പുണ്യജീവിതം നമ്മെ പഠിപ്പിക്കുന്നു.
സ്വന്തം മുറിവുകളിലേക്കു നോക്കാതെ ഈശോയുടെ മുറിപ്പാടുകളിലേക്ക് നോക്കുക. ആ നോട്ടം പുതിയ ഒരു വീക്ഷണമാണ്. ഒരു വിശുദ്ധന്‍ സ്വന്തം വിശുദ്ധിയല്ല ലോകത്തിനു കൊടുക്കുന്നത്. മിശിഹായുടെയും സഭയുടെയും വിശുദ്ധിയെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ ഒരു ശൈലിയാണ് കാണിച്ചുകൊടുക്കുന്നത്. അതുകൊണ്ടാണ് പുണ്യവാന്മാരാണ് സഭയുടെ ഏറ്റവും വലിയ ട്രഷറി എന്ന് പറയുന്നത്. ഭാരതത്തിന്റെ മുഴുവന്‍ ആത്മീയട്രഷറിയാണ് അല്‍ഫോന്‍സാ.
അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവിപ്രഖ്യാപനം ഭാരതത്തില്‍ ഒരു ചലനം സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. ഭൗതികതയുടെ മറനീക്കി നമുക്കുള്ളിലെ ശിശുവിനെ തിരിച്ചറിയാന്‍ ഈ സംഭവം സഹായിക്കണം. ജീവിതത്തില്‍ ദൈവോന്മുഖമായ ഒരു ചിട്ടക്രമത്തിനു മുന്‍ഗണന കൊടുക്കാന്‍ ഈ ചരിത്രസംഭവം കാരണമാകും. മതവിദ്വേഷവും ഭീകരപ്രവര്‍ത്തനവും നിരീശ്വരവാദവും സാധുജനമര്‍ദ്ദനവും വര്‍ഗ്ഗീയതയും ഭൗതികതയും എല്ലാം ഉപേക്ഷിച്ച് ദൈവത്തിങ്കലേക്ക് മടങ്ങാനുള്ള ഒരു അനുകൂല അവസരമാണ് ഈ വിശുദ്ധപദവിപ്രഖ്യാപനം. പരിശുദ്ധ പിതാവ് ഈ പ്രഖ്യാപനം നടത്തുമ്പോള്‍ സമസ്തഭാരതീയരിലും ദൈവഭാഷ ശ്രവിക്കുവാനും തിരിച്ചറിയുവാനുമുള്ള ഒരു തുറവി ഉണ്ടാകട്ടെ. അത് നിത്യതയിലേക്കുള്ള തുറവിയാകും.
