
പൊറ്റക്കാട്ടെ ഇരുനൂറ് കണ്ണുകള്‍ ഇനി ഇരുള്‍ ജീവിതങ്ങള്‍ക്ക് വെട്ടമേകും
Posted on: 30 Sep 2011
സുരേഷ് മോഹന്‍

നിലമ്പൂര്‍: പുരാതന കുടുംബമായ പൊറ്റക്കാട്ടുകാരുടെ ഇരുനൂറ് കണ്ണുകള്‍ ഇനി അവരുടെ കാലശേഷവും ഇരുളില്‍ തപ്പുന്നവര്‍ക്ക് വെളിച്ചമേകും. കുടുംബ കൂട്ടായ്മയായ 'പൊറ്റക്കാട് കുഞ്ഞിമാളുഅമ്മ മെമ്മോറിയല്‍ ട്രസ്റ്റി'ന്റെ വാര്‍ഷികയോഗത്തിലാണ് മാനവരാശിക്കുതന്നെ മാതൃകയായ തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച സമ്മതപത്രം എല്ലാ അംഗങ്ങളും ട്രസ്റ്റ് സെക്രട്ടറിയെ ഏല്പിച്ചുകഴിഞ്ഞു.
ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ സമ്മതപത്രം അധികൃതര്‍ക്ക് ട്രസ്റ്റ് കൈമാറും. കുടുംബബന്ധങ്ങളുടെ ദൃഢത കുറയുന്ന ആധുനികകാലത്ത് അവ സ്‌നേഹപൂര്‍വം വിളക്കിച്ചേര്‍ക്കുന്നതിന് ആറുവര്‍ഷം മുമ്പാണ് പൊറ്റക്കാട് കുടുംബം ട്രസ്റ്റ് രൂപവത്കരിച്ചത്. അംഗങ്ങളുടെ കൂടിച്ചേരലിനും ഒത്തൊരുമയ്ക്കുമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ട്രസ്റ്റ് നടത്തുന്നുണ്ട്. എല്ലാവര്‍ഷവും വാര്‍ഷികയോഗത്തോടനുബന്ധിച്ച് സ്മരണിക പുറത്തിറക്കും. എല്ലാ കുട്ടികളും കഴിവിനനുസരിച്ച് അതിലെഴുതണമെന്നാണ് വ്യവസ്ഥ. ഇതിനുപുറമെ കുട്ടികള്‍ക്കായി രണ്ടുദിവസത്തേക്കുള്ള ക്യാമ്പും ഒരുക്കും. ഡിസംബര്‍, ജനവരി മാസങ്ങളിലായി അംഗങ്ങളെല്ലാം ചേര്‍ന്ന് വിനോദയാത്രയും നടത്തും.
ട്രസ്റ്റിലെ 70ന് മുകളില്‍ പ്രായമുള്ള അംഗങ്ങള്‍ക്ക് 300 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. വര്‍ഷത്തില്‍ 100 രൂപ അംഗത്വഫീസായി വാങ്ങുന്നതിനുപുറമെ ജോലിയുള്ളവര്‍ ഒരുദിവസത്തെ വരുമാനം അവരുടെ കുട്ടികളുടെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കും.
നിലമ്പൂരിലും ചുറ്റുപാടുകളിലും മാത്രമല്ല സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പുറത്തും വിദേശത്തും പൊറ്റക്കാട് കുടുംബത്തിലെ അംഗങ്ങളുണ്ട്. മാനേജിങ്ട്രസ്റ്റി പി. ഗോവര്‍ധനന്‍ വ്യോമസേനയില്‍നിന്ന് വിരമിച്ച് തിരുവനന്തപുരത്ത് അഭിഭാഷകവൃത്തിയിലാണ്. നിലമ്പൂരിലെ മുന്‍ പഞ്ചായത്തംഗം പി. പ്രദീപാണ് സെക്രട്ടറി. മഞ്ചേരി, എറണാകുളം, തിരുവനന്തപുരം, ഡല്‍ഹി, ചെന്നൈ, മുംബൈ, മധുര, ബാംഗ്ലൂര്‍, നോര്‍വെ എന്നിവിടങ്ങളിലെല്ലാം കുടുംബവേരുകള്‍ ചിതറിക്കിടക്കുന്നുണ്ട്.
