goodnews head

ആ സാരിത്തലപ്പില്‍ തീരമണഞ്ഞത് എട്ട് കുരുന്നുജീവന്‍

Posted on: 30 Sep 2011




തിരുവനന്തപുരം: ആ മരണക്കയം ഇവിടെയാണെന്ന തോന്നാത്തവിധം ശാന്തമായി, കഠിനംകുളം കായലിനോട് വിടപറഞ്ഞ് പാര്‍വതീപുത്തനാര്‍ ഒഴുകിത്തുടങ്ങുന്ന ചാന്നാങ്കര. അപകട സ്ഥലത്തിന് തൊട്ടടുത്തുള്ള വീട്ടില്‍ ഒഴുക്കു നിലച്ചതുപോലെ ഭീതി കെട്ടിക്കിടക്കുന്ന കണ്ണുകളുമായി തങ്കമണി എന്ന അന്‍പത്തേഴുകാരിയുണ്ട്. അപകടം ആദ്യം കണ്ടതും സ്വന്തം സാരിത്തലപ്പില്‍ കല്ലു കെട്ടിയെറിഞ്ഞ് എട്ട് കുട്ടികളെ രക്ഷിച്ചതും ഇവരാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണനുവേണ്ടി കൈകാലിട്ടടിച്ചപ്പോള്‍ എവിടെനിന്നോ കിട്ടിയ ശക്തിയില്‍ വെള്ളത്തിലേക്കിറങ്ങുകയായിരുന്നുവെന്ന് ഇവര്‍ കണ്ണീരോടെ പറയുന്നു.

സ്‌കൂള്‍ വണ്ടി റോഡ് കടന്നുവന്നപ്പോള്‍ വീടിന്റെ മുറ്റത്തുണ്ടായിരുന്നു. വീടിനുള്ളിലേക്ക് കയറി നിമിഷങ്ങള്‍ക്കകം വലിയൊരു ഒച്ചയാണ് കേട്ടത്. മുറ്റത്തേക്കിറങ്ങിയപ്പോള്‍ കണ്ടത് വെള്ളത്തില്‍ കൈകാലിട്ടടിക്കുന്ന കുഞ്ഞുങ്ങളെയാണ്. വാന്‍ മറിഞ്ഞ്, തീരത്തുണ്ടായിരുന്ന വള്ളത്തില്‍ തട്ടിക്കിടക്കുകയായിരുന്നു. എന്തുചെയ്യണമെന്ന് ശങ്കിച്ചില്ല. ഉടുത്തിരുന്ന സാരിയുടെ തലപ്പ് കുട്ടികള്‍ക്ക് എറിഞ്ഞുകൊടുക്കാന്‍നോക്കി. പക്ഷേ എത്തുന്നില്ല. തൊട്ടടുത്ത് കിടന്ന ഒരു കല്ലെടുത്ത് സാരിത്തുമ്പില്‍ കെട്ടി എറിഞ്ഞുകൊടുത്തു. ഇതില്‍ പിടിച്ചാണ് ഓരോരുത്തരായി അഞ്ച് കുട്ടികള്‍ ആദ്യം കരയ്ക്ക് കയറിയത്. അപ്പോഴും കയത്തിന്റെ ഭാഗത്ത് കുഞ്ഞിക്കൈകള്‍ പിടിവള്ളി തേടി ഉയര്‍ന്നുതാഴുന്നുണ്ടായിരുന്നു. ഇത് പറയുമ്പോള്‍ തങ്കമണിയുടെ മുഖത്ത് അപകടത്തിന്റെ മുഴുവന്‍ ഭീതിയും കണ്ടു.

ഈ സമയം കിളിയും െ്രെഡവറും വാന്‍ വെള്ളത്തിലേക്ക് കൂപ്പുകുത്താതിരിക്കാനായി കിണഞ്ഞ് ശ്രമിക്കുന്നുണ്ടായിരുന്നു. തീരത്തുണ്ടായിരുന്ന കുറ്റിച്ചെടി കാലുകൊണ്ട് ചായ്ച്ചതും കുട്ടികളുടെ കുഞ്ഞിക്കൈകള്‍ അതിന്റെ നേരെ നീണ്ടു. ഇതില്‍ പിടിച്ച് മൂന്ന് കുട്ടികള്‍ കരയ്ക്കു കയറി. അപ്പോഴും ആറിന്റെ നടുവില്‍ കുഞ്ഞു ജീവന്റെ ശ്വാസം കുമിളകളായി ഉയരുന്നത് കാണാമായിരുന്നു. ഇതിനിടെ തങ്കമണിയുടെ വിളി കേട്ട് നാട്ടുകാരും ഓടിയെത്തി. നീന്താനറിയാത്തവര്‍ പോലും കയത്തിന്റെ ആഴം നോക്കാതെ വെള്ളത്തിലേക്കെടുത്തു ചാടി. മുഴുവന്‍പേരെയും രക്ഷിക്കാനായില്ലല്ലോ എന്ന സങ്കടംമാത്രം നാട്ടുകാര്‍ക്കിപ്പോഴുമുണ്ട്. രക്ഷാപ്രവര്‍ത്തകരുടെയും കുരുന്നുകളുടെയും ചെരുപ്പുകളും ബാഗുമൊക്കെ ചിന്നിച്ചിതറി കിടക്കുന്നതൊഴിച്ചാല്‍ അപകട സ്ഥലം ശാന്തം. വാന്‍ തട്ടി നിന്ന വള്ളത്തിന്റെ ശേഷിപ്പുകളും പുത്തനാറില്‍ ഇപ്പോഴും ദുരന്തത്തിന്റെ ഓര്‍മപ്പെടുത്തലായി ഉയര്‍ന്നു നില്‍ക്കുന്നു.

 

 




MathrubhumiMatrimonial