'അല്‍ഫോന്‍സാമ്മ' നാടകം അരങ്ങിലേക്ക്‌

Posted on: 11 Oct 2008


പാലാ: അല്‍ഫോന്‍സാമ്മയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ആദ്യനാടകത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലാ കമ്യൂണിക്കേഷനാണ് 'അല്‍ഫോന്‍സാമ്മ' എന്ന പേരിട്ട നാടകം രംഗത്തെത്തിക്കുന്നത്. ഇതിന്റെ റിഹേഴ്‌സല്‍ക്യാമ്പ് വ്യാഴാഴ്ച ഉച്ചയ്ക്ക് എഫ്.സി.സി. പാലാ അസിസ്റ്റന്റ് പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ മരിയാ ഫ്രാന്‍സീസ് ഉദ്ഘാടനംചെയ്തു.
അല്‍ഫോന്‍സാമ്മയുടെ ജീവചരിത്രം നേരിട്ട് വിവരിക്കുന്ന ഒരു 'ഡോക്യു ഡ്രാമ'യായല്ല നാടകം അവതരിപ്പിക്കുന്നതെന്ന് പാലാ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ജയിംസ് വെണ്ണായിപ്പിള്ളില്‍ പറഞ്ഞു. സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥകള്‍ അല്‍ഫോന്‍സാമ്മ എങ്ങനെ നോക്കിക്കാണുകയും നേരിടുകയും ചെയ്തുവെന്ന് മനസ്സിലാക്കിക്കൊടുക്കുന്ന രീതിയിലാണ് അവതരണം.
അല്‍ഫോന്‍സാമ്മയായി സിനി ഉദയന്‍ വേഷമിടുന്നു. ഫ്രാന്‍സീസ് ടി. മാവേലിക്കര രചനയും വക്കം ഷക്കീര്‍ സംവിധാനവും നിര്‍വഹിക്കുന്നു.
പാലാ കമ്യൂണിക്കേഷന്‍സിന്റെ പതിനൊന്നാമത് നാടകമാണിത്. അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ഭരണങ്ങാനത്ത് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നവംബര്‍ ഏഴിനാണ് ആദ്യ അവതരണം.



MathrubhumiMatrimonial