വിശുദ്ധ ഓര്‍മ്മയില്‍ മേരിയമ്മ സിസ്റ്റര്‍

Posted on: 10 Oct 2008


കോടഞ്ചേരി: വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധരുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള മാര്‍പാപ്പയുടെ പ്രഖ്യാപനം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുകയാണ് മേരിയമ്മ സിസ്റ്റര്‍.

അല്‍ഫോന്‍സാമ്മയ്‌ക്കൊപ്പം ഭരണങ്ങാനം മഠത്തില്‍ ഒമ്പതുവര്‍ഷം ചെലവിട്ട അവര്‍ക്കിപ്പോള്‍ പ്രായം 91. കോടഞ്ചേരി ആശാഭവനില്‍ വിശ്രമജീവിതം.

മേരിയമ്മ സിസ്റ്ററിന് അല്‍ഫോന്‍സാമ്മ ഓര്‍മ മാത്രമല്ല. സമര്‍പ്പണജീവിതത്തിലെ ഓരോ നിമിഷത്തിലും മാതൃകയും പ്രചോദനവുമാണ്. 70 വര്‍ഷംമുമ്പ് 1938ല്‍ ഭരണങ്ങാനം മഠത്തില്‍ചെന്ന അന്ന്, മുതിര്‍ന്ന സിസ്റ്റര്‍മാര്‍ പാട്ടുപാടാന്‍ പറഞ്ഞത് അവരിപ്പോഴും ഓര്‍ക്കുന്നു.

സിസ്റ്റര്‍മാരുടെ മുമ്പില്‍ തലകുനിച്ച മേരിയമ്മ പാടാനാകാതെ പരുങ്ങിനിന്നു. പെട്ടെന്ന് അല്‍ഫോന്‍സാമ്മ അടുത്തെത്തി ചേര്‍ത്തുപിടിച്ചു ചോദിച്ചു:''ഏതാ പാട്ട്? നമുക്ക് ഒന്നിച്ചു പാടാം''.

ലില്ലിതാനോ മല്ലികേയാ
ചൊല്ലേറും നന്‍ മുല്ലപ്പൂവോ
അല്ല, നല്ല പിച്ചകമോ
ലിസ്യൂവിലെ റോസപ്പൂവോ


വിശുദ്ധിയോടൊപ്പം അന്നു പാടിയ പാട്ട് പിന്നീട് എത്രയോതവണ മേരിയമ്മ ഉരുവിട്ടു. ലിസ്യൂവിലെ കൊച്ചുത്രേസ്യയെക്കുറിച്ച് അന്ന് പാടിയ വരികള്‍ അല്‍ഫോന്‍സാമ്മയ്ക്ക് തന്നെയാണ് ഇന്ന് ഇണങ്ങുകയെന്ന് അവര്‍ തിരിച്ചറിയുന്നു. ഭരണങ്ങാനം മഠത്തില്‍ അല്‍ഫോന്‍സാമ്മയ്‌ക്കൊപ്പം കഴിഞ്ഞ മുതിര്‍ന്ന തലമുറയിലെ കന്യാസ്ത്രീകളില്‍ ജീവിച്ചിരിപ്പുള്ള ഓരേയൊരു ആളാണ് മേരിയമ്മ സിസ്റ്റര്‍.

പരിശീലനകാലത്ത് ഉപദേശങ്ങള്‍ തേടിയും ആധ്യാത്മിക കുറിപ്പുകള്‍ വായിക്കാനുമായി മേരിയമ്മ അല്‍ഫോന്‍സാമ്മയുടെ അടുത്ത് എത്തുമായിരുന്നു. വിധേയത്വം സംബന്ധിച്ച് അവര്‍ പറഞ്ഞത് മേരിയമ്മ സിസ്റ്ററിന് ഇന്നും ഓര്‍മയുണ്ട്.

''നമ്മള്‍ വട്ടയിലയും വെട്ടിയിലയുംപോലെ ആയിത്തീരണം. അവ അഴുകി ഫലവൃക്ഷങ്ങള്‍ക്ക് വളമാകുന്നതുപോലെ നാം മറ്റുള്ളവര്‍ക്കായി എരിഞ്ഞൊടുങ്ങണം''.

അല്‍ഫോന്‍സാമ്മയുടെ ആന്തരികവിശുദ്ധിയും നിഷ്‌കളങ്കതയും വിധേയത്വവുമെല്ലാം അന്നേ ധ്യാനഗുരുക്കന്മാര്‍ തിരിച്ചറിഞ്ഞിരുന്നതായി സിസ്റ്റര്‍ പറഞ്ഞു. 1946ല്‍ അല്‍ഫോന്‍സാമ്മയുടെ അന്ത്യസമയത്ത് മേരിയമ്മ സിസ്റ്ററും അരികിലുണ്ടായിരുന്നു.

അരുവിക്കുഴി സ്‌കൂളില്‍ അധ്യാപികയായിരിക്കെ 1937ലാണ് മേരിയമ്മ മഠത്തില്‍ ചേരുന്നത്. കോട്ടയം ആനിക്കാട് തേവടിയില്‍ അബ്രഹാം-മറിയം ദമ്പതിമാരുടെ മകളാണ്. 1937 മുതല്‍ 1956വരെ ഭരണങ്ങാനം മഠത്തില്‍ പ്രവര്‍ത്തിച്ചു.

1956ല്‍ മലബാറിലെത്തി വേനപ്പാറയില്‍ എഫ്.സി.സി. മഠം സ്ഥാപിച്ചു. വേനപ്പാറ എല്‍.പി. സ്‌കൂളില്‍ 1972ല്‍ വിരമിക്കുന്നതുവരെ അധ്യാപികയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് വിശ്രമത്തിനായി ആശാഭവനിലെത്തുന്നത്.





MathrubhumiMatrimonial