അല്‍ഫോന്‍സാമ്മയ്ക്ക് സ്മാരകങ്ങളൊരുക്കി അല്‍ഫോന്‍സാഗിരി

Posted on: 10 Oct 2008


പാലാ: അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ അകലക്കുന്നം ഗ്രാമപ്പഞ്ചായത്തിലെ അല്‍ഫോന്‍സാഗിരി ഗ്രാമം ആഹ്ലഌദം നെഞ്ചേറ്റുന്നു. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ആദ്യ ദേവാലയം ഇവിടെയാണ്. വിശുദ്ധ പ്രഖ്യാപനത്തിനോടനുബന്ധിച്ച് അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ പണികഴിപ്പിച്ച ചാപ്പലിന്റെയും പാരിഷ്ഹാളിന്റെയും വെഞ്ചരിപ്പുള്‍പ്പെടെ വിപുലമായ പരിപാടികളോടെ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം നടന്നുവരികയാണിവിടെ.

1986 ജൂലായ് 28 ന് രാവിലെ 10.30 നാണ് ഈ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. ആനപ്പുറത്ത് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ച് നെല്ലിക്കുന്ന് ഭാഗത്തേയ്ക്ക് ഭക്തിനിര്‍ഭരമായി നടന്ന പ്രദക്ഷിണം ഭക്തര്‍ക്ക് ഇന്നും അനുഗ്രഹദായകമായ ഓര്‍മ്മയാണ്.

രാവിലെ 10.30 ന് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പള്ളി കൂദാശ ചെയ്ത് ഗ്രാമത്തിന് 'അല്‍ഫോന്‍സാഗിരി' എന്ന് നാമകരണം ചെയ്തു. അല്‍ഫോന്‍സാമ്മയുടെ പേരില്‍ അറിയപ്പെടുന്ന ആദ്യ സ്ഥലമാണിത്.

പുതുതായി നിര്‍മ്മിച്ച പാരിഷ് ഹാളിന് അല്‍ഫോന്‍സാമ്മയുടെ പേരാണ് നല്‍കിയിരിക്കുന്നത്. രണ്ട് കുരിശുപള്ളികളും നിര്‍മ്മിച്ചുകഴിഞ്ഞു. പുതിയ വൈദിക മന്ദിരവും സെമിത്തേരി ചാപ്പലും അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിയുടെ സ്മാരകമായി 29 ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമര്‍പ്പിക്കും.

പാലാ അല്‍ഫോന്‍സാ കോളേജിന്റെ ദത്ത്ഗ്രാമം കൂടിയാണ് അല്‍ഫോന്‍സാഗിരി. ഫാ.മാത്യു പുന്നത്താനത്തുകുന്നേലാണ് ഇപ്പോഴത്തെ വികാരി.





MathrubhumiMatrimonial