
അമ്മക്കിളിക്കൂടുകളുമായി ഒരമ്മ
Posted on: 23 Sep 2011
ഷിജു എസ്.നായര്‍

ബാല്യകാലത്ത് കിളികളോടും പ്രകൃതിയോടും തോന്നിയ ആകര്‍ഷണവും സ്‌നേഹവുമാണ് ഷിബിയെന്ന വീട്ടമ്മയെ പക്ഷിനിരീക്ഷകയും കിളിക്കൂടുകളുടെ ഇഷ്ടക്കാരിയുമാക്കിയത്. പ്രീ ഡിഗ്രിവരെ മാത്രം പഠിച്ചിട്ടുള്ള ഷിബിക്ക് കുടംബസുഹൃത്ത് 18 വര്‍ഷം മുമ്പ് ഒരു കിളിക്കൂട് സമ്മാനമായി നല്‍കി. ഷിബിക്ക് പക്ഷികളോടുള്ള സ്‌നേഹം മനസ്സിലാക്കിയാണ് ഈ സുഹൃത്ത് കിളിക്കൂട് സമ്മാനിച്ചത്. ഇതിനുശേഷം വീടിന് സമീപത്തെ കുറ്റിക്കാടുകളും മറ്റും കയറിയിറങ്ങിനടന്ന ഷിബി കിളികള്‍ ഉപേക്ഷിച്ചുപോയ കൂടുകള്‍മാത്രം ശേഖരിച്ചു.ഭൂരിഭാഗംകിളികളും മുട്ടയിട്ട് കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ അതുവരെ താമസിച്ചിരുന്ന കൂടുകള്‍ ഉപേക്ഷിച്ച് പുതിയ കൂടുകള്‍ പണിയുകയാണ് പതിവ്. കിളിക്കൂടുകള്‍ നഷ്ടപ്പെടുന്നതുമൂലം കിളികളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടരുതെന്ന ആഗ്രഹംകൂടി ഈ തീരുമാനത്തിന് പിന്നിലുണ്ട്.
മഞ്ഞക്കറുമ്പന്‍, നാട്ടുബുള്‍ബുള്‍, തുന്നാരന്‍, തേന്‍കിളി, ആറ്റക്കുരുവി, കുഞ്ഞാറ്റക്കിളികള്‍, നീലക്കോഴി, ഉപ്പന്‍ തുടങ്ങി അറുപതോളം പക്ഷികളുടെ കൂടുകള്‍ ഇപ്പോള്‍ വീട്ടമ്മയുടെ ശേഖരത്തിലുണ്ട്. കൂടൂകള്‍ ശേഖരിക്കാനും സൂക്ഷിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍മൂലം പുതിയകൂടുകള്‍ തേടിയുള്ള യാത്രകള്‍ ഇപ്പോഴില്ലെന്ന് ഷിബി പറയുന്നു. കോട്ടയം നേച്ചര്‍ സൊസൈറ്റി അംഗം കൂടിയായ ഷിബി പക്ഷിനിരീക്ഷണത്തില്‍നിന്നുലഭിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കാനായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി നേച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറുകളില്‍ ക്ലാസ്സുകളെടുക്കുന്നുണ്ട്.
ഷിബി ഇതിനകം രണ്ട് പുസ്തകങ്ങളും എഴുതി. നാട്ടുമ്പുറത്തെ ചെറിയ പക്ഷികളെ നിരീക്ഷിച്ച് എഴുതിയതാണ് 'ദൈവത്തിന്റെ സ്വന്തം പക്ഷികള്‍'. നീര്‍ത്തടങ്ങളില്‍ സാധാരണ കണ്ടുവരുന്ന സാധാരണ പക്ഷികളെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന 'വേമ്പനാട് നീര്‍പക്ഷികള്‍' എന്ന പുസ്തകരചനയിലും ഷിബിയിലെ പക്ഷിനിരീക്ഷകയുടെ സംഭാവനയുണ്ട്. കോട്ടയം നേച്ചര്‍ സൊസൈറ്റിയിലെ അംഗങ്ങളായ ഡോ. ശ്രീകുമാര്‍, ഡോ. ഉണ്ണികൃഷ്ണന്‍ എന്നിവരും ഈ പുസ്തകരചനയില്‍ സഹായിച്ചു.
