
ചേരമാന്‍ ജുമാമസ്ജിദില്‍ ചരിത്രമെഴുതി സ്‌നേഹസംഗമം
Posted on: 22 Aug 2011

കൊടുങ്ങല്ലൂര്‍: ചരിത്രം സ്പന്ദിക്കുന്ന ചേരമാന്‍ ജുമാമസ്ജിദ് പുതിയൊരു ചരിത്രമുഹൂര്‍ത്തത്തിലേക്ക് വാതില്‍ തുറന്നു. മതസൗഹാര്‍ദ്ദത്തിന്റെ മഹിതമനോഹരചരിത്രം പേറിനില്‍ക്കുന്ന മസ്ജിദിന്റെ കവാടം കടന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും മുപ്പത് ബിഷപ്പുമാരും എത്തിയത് ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ്. സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും വിനിമയങ്ങള്‍ ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പത്തിന്റെയും പരസ്?പരബഹുമാനത്തിന്റെയും നല്ലനിമിഷങ്ങളാണ് സൃഷ്ടിച്ചത്. മതങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പ് നേരിയ വര മാത്രമാണെന്നും മൂല്യപരമായി മതങ്ങളുടെ സാരാംശം ഒന്നുതന്നെയാണെന്നും പ്രഖ്യാപിച്ചാണ് മാര്‍ ആലഞ്ചേരിയും സംഘവും മടങ്ങിയത്.
മാര്‍ ആലഞ്ചേരിയെയും സംഘത്തെയും മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ്‌സയിദ്, അബ്ദുള്‍ഖയ്യാം, മഹല്ല് കമ്മിറ്റിയുടെ മറ്റു ഭാരവാഹികള്‍, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സ്വീകരിച്ചു. മസ്ജിദിന്റെ അകത്തളങ്ങളിലേക്ക് പ്രവേശിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പും സംഘവും പള്ളിയുടെ സവിശേഷതകള്‍ കാണുകയും ചോദിച്ചറിയുകയും ചെയ്തു.
ഖുര്‍ആനിലെയും ബൈബിളിലെയും സൂക്തങ്ങള്‍ ഉദ്ധരിച്ചാണ് മഹല്ല് ഭാരവാഹികള്‍ ബിഷപ്പുമാരെ വരവേറ്റത്. ഈ സന്ദര്‍ശനം ചേരമാന്‍ ജുമാമസ്ജിദിന് ഒരിക്കലും മറക്കാനാവുകയില്ലെന്ന് മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്തും ഖത്തീബ് സുലൈമാന്‍ മൗലവിയും ചേര്‍ന്ന് ആര്‍ച്ച് ബിഷപ്പിന് ഖുര്‍ആന്‍ സമ്മാനിച്ചു. മഹല്ല് കമ്മിറ്റിക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് ബൈബിള്‍ സമ്മാനിച്ചു. മതങ്ങളുടെ സാരാംശം ഒന്നുതന്നെയാണെന്നും സ്‌നേഹമാണ് പ്രധാനമെന്നും മഹാകവി ഉള്ളൂരിന്റെ 'പ്രേമസംഗീത'ത്തിലെ വരികള്‍ ചൊല്ലി മേജര്‍ ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു. 30 മിനിറ്റോളം മസ്ജിദില്‍ ചെലവഴിച്ചാണ് ബിഷപ്പുമാര്‍ മടങ്ങിയത്.
