അശരണരുടെ കണ്ണീര്‍

Posted on: 29 Sep 2008

എം.എം. അബ്ദുനൂര്‍



വിശുദ്ധി കൈക്കൊള്ളുകയും തന്റെ നാഥന്റെ നാമം സ്മരിക്കുകയും നമസ്‌കരിക്കുകയും ചെയ്തവന്‍ വിജയിച്ചിരിക്കുന്നു (87:14, 15)
ദൈവസമക്ഷത്തില്‍ വിജയം വരിക്കാന്‍ ഭാഗ്യം ലഭിക്കുന്ന മനുഷ്യന്റെ സവിശേഷതകള്‍ അല്ലാഹു ഈ വാക്യങ്ങളിലൂടെ വ്യക്തമാക്കുന്നു. ദുസ്വഭാവങ്ങള്‍ പൂര്‍ണമായും വെടിയാന്‍ ശ്രമിക്കുകയും സല്‍സ്വഭാവങ്ങള്‍ മുഖമുദ്രയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവനാണവന്‍. അങ്ങനെ, വിശുദ്ധി കൈവരിച്ചുകൊണ്ട് മരണാനന്തര ജീവിതം സന്തോഷഭരിതമാക്കാനുള്ള യജ്ഞമായി ഇഹലോകജീവിതത്തെ അവന്‍ കാണുന്നു. അതുകൊണ്ടുതന്നെ, അവന്റെ ജീവിതം മുഴുവന്‍ ദൈവപ്രീതിക്കുള്ള പ്രവൃത്തികളാല്‍ സമ്പന്നമാക്കാന്‍ അവന്‍ ജാഗ്രത പുലര്‍ത്തുന്നു.
ഒപ്പം തന്നെ, ഹൃദയം ദൈവസ്മരണകളാല്‍ നിറയ്ക്കുന്നു. ദൈവവിസ്മൃതിയില്‍ ഒരു നിമിഷംപോലും കഴിയാന്‍ അവനു സാധ്യമല്ല. സന്തോഷത്തിലും സന്താപത്തിലും ഒരു പോലെ ദൈവസ്മരണയാല്‍ അവന്റെ മനസ്സ് തരളിതമാണ്. അവനറിയാം, തന്റെ നാഥന്റെ തീരുമാനപ്രകാരമല്ലാതെ ഒന്നും ഈ ലോകത്തില്‍സംഭവിക്കുകയില്ലെന്ന്.
ഈ വിശേഷണങ്ങളോടൊപ്പം യഥാസമയങ്ങളില്‍ പ്രാര്‍ത്ഥനാനിര്‍ഭരനാകുന്നതില്‍ അഥവാ നമസ്‌കാരം നിലനിര്‍ത്തുന്നതില്‍ അവന്‍ കാര്‍ക്കശ്യം കാണിക്കുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലായാലും അടിസ്ഥാന ആരാധന (അഞ്ചുസമയത്തെ നമസ്‌കാരം) ഒഴിവാക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. എന്നല്ല, അതിന്റെ സമയത്തില്‍ പോലും ഒരു മാറ്റം വരുത്തുകയില്ല. തന്റെ ജീവിതവ്യാപാരങ്ങളില്‍ ഏതെങ്കിലും ഒന്ന് നമസ്‌കാരത്തെ ബാധിക്കുന്നുവെന്നു കണ്ടാല്‍ ആ ജീവിതവ്യാപാരത്തെ ജീവിതത്തില്‍ നിന്നു തന്നെ ഒഴിവാക്കും.
ഈ ഖുര്‍ആന്‍ വാക്യത്തിനു സാന്ദര്‍ഭികമായി മറ്റൊരു വ്യാഖ്യാനവും നല്കാവുന്നതാണ്. അത് ഇങ്ങനെയാണ്, റംസാന്‍ വ്രതം പൂര്‍ണമാകുന്നതോടെ ഈദുല്‍ ഫിത്വ്ര്‍ (ചെറിയ പെരുന്നാള്‍) ദിനം ആഗതമാകുമ്പോള്‍ നിര്‍ബ്ബന്ധദാനത്തില്‍പ്പെട്ട ഫിത്വ്ര്‍ സക്കാത് നല്കി വിശുദ്ധി കൈവരിക്കുകയും 'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍' എന്ന പ്രകീര്‍ത്തനത്തിലൂടെ ദൈവസ്മരണ നിലനിര്‍ത്തുകയും തുടര്‍ന്ന് പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിക്കുകയും ചെയ്തവന്‍ വിജയിച്ചു.
റാംസാന്‍ വ്രതം പൂര്‍ത്തിയാകുന്നതോടെ നിര്‍ബ്ബന്ധമാകുന്ന ദാനമാണ് ഫിത്വ്ര്‍ സക്കാത്. ഒരാള്‍ തന്റെയും തന്റെ സംരക്ഷണത്തിലുള്ള ഓരോ വ്യക്തിക്കും വേണ്ടി നലേ്കണ്ട ദാനമാണിത്. നോമ്പില്‍ ഏതെങ്കിലും ന്യൂനത വന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടാന്‍ ഫിത്വ്ര്‍ സക്കാത് സഹായിക്കുന്നു. നാട്ടില്‍ സാധാരണമായി ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമാണ് ഇതിനു വേണ്ടി ഉപയോഗിക്കേണ്ടത്.
ഒരു മാസത്തിലെ നോമ്പിലൂടെ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കിയ വിശ്വാസി നിത്യദാരിദ്ര്യത്തില്‍ കഴിയുന്നവരെ പെരുന്നാള്‍ ദിനത്തിലെങ്കിലും ഭക്ഷിപ്പിക്കുകവഴിയായി അവശരുടെ കണ്ണീരൊപ്പാനുള്ള പ്രവണത ജീവിതത്തിന്റെ ഭാഗമാക്കണം. അങ്ങനെ തന്റെ ജീവിതാന്ത്യംവരേയും അവശരുടെയും അശരണരുടെയും കണ്ണീരൊപ്പാന്‍ വിശ്വാസിക്കു കഴിയണം. ആ കഴിവും ആഗ്രഹവും അവനില്‍ വളര്‍ത്തിയെടുക്കുകയാണ് നോമ്പിന്റെയും ഫിത്വ്ര്‍ സക്കാത്തിന്റെയും മഹത്തായ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത്.



MathrubhumiMatrimonial