മിതത്വം

Posted on: 25 Sep 2008

മുഹമ്മദ് ഫൈസി ഓണമ്പിള്ളി



ചെലവുചെയ്യുമ്പോള്‍ അമിതമാകാതെയും ലുബ്ധത കാട്ടാതെയും മിതത്വം പാലിക്കുന്നവരാണ് സച്ചരിതരായ വിശ്വാസികള്‍.
വിശുദ്ധ ഖുര്‍ആന്‍: 25:28
അമിത ഭോഗവും അമിത വ്യയവും ഖുര്‍ആന്‍ വിലക്കുന്നു. മനുഷ്യജീവിതത്തിനാവശ്യമായ വിഭവങ്ങളെല്ലാം ഭൂമിയില്‍ ദൈവം ഒരുക്കിത്തന്നിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. ''ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്ക് പ്രയോജനമാകുംവിധം അല്ലാഹു സൃഷ്ടിച്ചുതന്നു. (ഖുര്‍ആന്‍: 2:49). ഭൗതിക പദാര്‍ത്ഥങ്ങളോടുള്ള മനുഷ്യേച്ഛയുടെ സഹജമായ അടുപ്പം ഖുര്‍ആന്‍ സമ്മതിക്കുന്നുണ്ട്. ''മഹിളാമണികള്‍, പുത്രന്മാര്‍ കൂമ്പാരമായി കൂട്ടിയ സ്വര്‍ണവും വെള്ളിയും മുന്തിയതരം കുതിരകള്‍, ആടുമാടുകള്‍, കൃഷിയിടങ്ങള്‍ എന്നിവയോടുള്ള പ്രേമം മനുഷ്യന് അലങ്കാരമായി''. (ഖുര്‍ആന്‍ 3;14).
ജീവിതത്തോടുള്ള സഹജമായ തൃഷ്ണയെ ഇസ്‌ലാം പ്രോത്സാപ്പിക്കുകയും അത് അനിവാര്യമായ മാനവ ധര്‍മമായി കാണുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇന്ദ്രിയസുഖങ്ങളെ പാടെ വര്‍ജിക്കുന്നതിനെ ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ആരാധനാ നേരങ്ങളില്‍ ഉള്‍പ്പെടെ ഭംഗിയോടെ വസ്ത്രം ധരിച്ചെത്താനും അനാരോഗ്യപരമായ പരിത്യാഗചിന്തയെ വെടിയാനും ഖുര്‍ആന്‍ ഉപദേശിക്കുന്നു. എന്നാല്‍ അത് അമിത തൃഷ്ണയായി മാറാതിരിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ട്. ''മനുഷ്യരെ! ഓരോ ആരാധനാ ഗേഹങ്ങളിലും നിങ്ങള്‍ ഭംഗിയായി വസ്ത്രം ധരിക്കുക. നിങ്ങള്‍ അന്നപാനീയാദികള്‍ ഉപയോഗിക്കുക. പക്ഷേ, നിങ്ങള്‍ അമിത ഭോഗമരുത്. നിശ്ചയം അല്ലാഹു അമിത ഭോഗികളെ ഇഷ്ടപ്പെടുന്നില്ല''. (ഖുര്‍ആന്‍ 7:31).
പ്രവര്‍ത്തനങ്ങള്‍ പരിധിവിടാതിരിക്കാന്‍ ഉപദേശിക്കുന്ന ഖുര്‍ആന്‍ വിശ്വാസികളെ വിശേഷിപ്പിക്കുന്നത് മധ്യമസമൂഹം എന്നാണ്. ജീവിതവീക്ഷണത്തില്‍ തീവ്രമായ ശൈലിയില്ലാതിരിക്കുകയും എന്നാല്‍ സമഗ്രജീവിത വീക്ഷണത്തിലും മധ്യസ്ഥമായ ഒരു അവബോധം കാത്തുസൂക്ഷിക്കുന്നവരായിരിക്കണം മധ്യമസമുദായം എന്നതുകൊണ്ട് ഖുര്‍ആന്‍ ഉദ്ദേശിച്ചത്.
മോഹങ്ങളെ നിയന്ത്രിച്ച് ജിതേന്ദ്രിയനാകുന്നില്ലെങ്കില്‍ അത് നാശകരമായിത്തീരുന്നുവെന്ന് ഖുര്‍ആന്‍ അന്യത്ര സൂചിപ്പിക്കുന്നു. മനുഷ്യന്‍ അവന്റെ മോഹങ്ങളുടെ നിയന്ത്രണത്തില്‍പ്പെട്ടാല്‍ അവനെ രക്ഷപ്പെടുത്താനാവില്ല എന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ''ദേഹേച്ഛകളെ ആരാധ്യരാക്കിയവരെക്കുറിച്ച് താങ്കള്‍ എന്തുപറയുന്നു. അവരുടെ കാര്യത്തിന്റെ ചുമതലക്കാരനാകാന്‍ താങ്കള്‍ക്കാവുമോ''? (ഖുര്‍ആന്‍ 25:44).
ദേഹേച്ഛകള്‍ക്കുമേല്‍ ദൈവിക നിര്‍ദേശങ്ങളുടെ ജയം അനിവാര്യമാകുന്നു. ഇല്ലെങ്കില്‍ ദൈവസ്മരണ നഷ്ടപ്പെട്ട മനസ്സിന്റെ നാശം ഉറപ്പായി മാറുന്നു. ദേഹേച്ഛകള്‍ക്ക് വിധേയനായ മനുഷ്യന്റെ ബോധം നശിക്കുകയും അവന് ദിശ തെറ്റുകയും ചെയ്യുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു. അവന്റെ അമിത ഭോഗതൃഷ്ണ പ്രപഞ്ചത്തിന്റെ സന്തുലിതത്വത്തെയും തകര്‍ത്തെറിയുന്നു. ''മനുഷ്യകരങ്ങളുടെ ദുഷ്‌ച്ചെയ്തികള്‍ മുഖേന കടലിലും കരയിലും നാശം വ്യാപകമായിരിക്കുന്നു (ഖുര്‍ആന്‍ 30:41) എന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ സ്വാര്‍ത്ഥതകൊണ്ടുമാത്രം പ്രപഞ്ചത്തിന്റെ ആത്മാവിനെ ചൂഴ്‌ന്നെടുക്കാന്‍ ഇറങ്ങിത്തിരിച്ച പുതിയ മനുഷ്യന്റെ നേരെയുള്ള ഖുര്‍ആന്റെ ഉഗ്രതാപമുള്ള മുന്നറിയിപ്പിന്റെ പൊരുള്‍ കൂടുതല്‍ പ്രസക്തമായി വരുന്നുണ്ട്.



MathrubhumiMatrimonial