അടുപ്പത്തിന്റെ അടയാളങ്ങള്‍

Posted on: 22 Sep 2008

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍



''നബിയെ പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. എന്നാല്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും തെറ്റുകള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യും.'' (ഖുര്‍ആന്‍)
നസ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ സ്നേഹിക്കുന്നതിനെക്കുറിച്ചാണ് മേല്‍സൂക്തം പറയുന്നത്. ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരെ ഓര്‍ത്തിരിക്കാന്‍ സുഖമാണ്. ഹൃദയം എപ്പോഴും അവരുടെ ഓര്‍മകളിലായിരിക്കും. മറ്റെവിടേക്കെങ്കിലും പോവാന്‍ അതു മടിച്ചും അറച്ചും നില്‍ക്കും. എപ്പോഴും സ്നേഹഭാജനത്തെ വാഴ്ത്താനായിരിക്കും നാവ് മുതിരുക. ഓര്‍ക്കാനായിരിക്കും മനസ്സ് വെമ്പുക. കാണാന്‍ കൊതിക്കും. ചേരാന്‍ കൊതിക്കും. അങ്ങനെയങ്ങനെ...
ഇപ്പറഞ്ഞതിനേക്കാള്‍ അപ്പുറത്താണ് അല്ലാഹുവിനോടുള്ള സ്നേഹം. അവന്റെ ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍, വര്‍ണശബളമായ അവന്റെ സൃഷ്ടിപ്രപഞ്ചം കാണുമ്പോള്‍ എല്ലാം ഓര്‍മകള്‍ ഉള്ളില്‍ നുരയ്ക്കും. ആ സ്നേഹബന്ധത്തിന് ഉലച്ചില്‍ തേടുന്ന വികാരവിചാരങ്ങള്‍ വരരുതേയെന്നായിരിക്കും പ്രാര്‍ത്ഥന.
ദിക്‌റുകള്‍-കീര്‍ത്തനങ്ങള്‍, അല്ലാഹുവിന്റെ വചനമായ ഖുര്‍ആന്‍ പാരായണം, ഇഷ്ടദാസനും ദൂതനുമായ മുഹമ്മദ് നബിയോടുള്ള അദമ്യമായ സ്നേഹം എന്നിവ അല്ലാഹുവിനോടുള്ള അടുപ്പത്തിന്റെ അടയാളങ്ങളാണ്. ഇമാം ഗസ്സാലി(റ) ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
അല്ലാഹുവിനെ സ്നേഹിക്കുന്നവന്‍ മിക്കപ്പോഴും രഹസ്യമായിട്ടായിരിക്കും അവനുമായി വിനിമയം നടത്തുക. പ്രത്യേകിച്ചും രാവിന്റെ നിശ്ശബ്ദതയില്‍, വിജനതയില്‍, ലോകമുറങ്ങിക്കിടക്കുമ്പോള്‍. അന്നേരങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ മെല്ലെ എഴുന്നേറ്റ് ആത്മഭാഷണങ്ങളില്‍ മുഴുകും. അവര്‍ക്കിതല്ലാതെ മറ്റൊരു ലഹരിയുണ്ടാവില്ല. മറ്റൊരാര്‍ത്തിയുണ്ടാവില്ല. അവരെ മെരുക്കാന്‍, ഒതുക്കാന്‍ ആര്‍ക്കുമാവില്ല.
ഉന്നതമായ സ്വഭാവവിശേഷങ്ങളോടെ, സഹിഷ്‌നുതയോടെ മനുഷ്യരാശിയുടെയും പ്രകൃതിയുടെയും സ്വച്ഛന്ദതയ്ക്കും സ്വസ്ഥതയ്ക്കുമായി അവര്‍ ജീവിതം ഉഴിഞ്ഞുവെയ്ക്കും. അങ്ങനെ പ്രപഞ്ചപരിപാലകന്‍ എന്ന അല്ലാഹുവിന്റെ സ്വഭാവം അവര്‍ സ്വയം ആവിഷ്‌കരിക്കും.





MathrubhumiMatrimonial