വഴികാട്ടി

Posted on: 22 Sep 2008

പിണങ്ങോട് അബൂബക്കര്‍



''അല്ലാഹുവിങ്കല്‍നിന്ന് ഒരു വെളിച്ചവും സ്​പഷ്ടമായ ഒരു ഗ്രന്ഥവും നിങ്ങള്‍ക്കിതാ തന്നിരിക്കുന്നു''. ''തന്റെ തൃപ്തിയെ പിന്‍പറ്റിയവരെ അത് മൂലം അവര്‍ സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ ആവുകയും തന്റെ അനുമതിയോടെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരികയും നേരായ മാര്‍ഗ്ഗത്തില്‍ ചേര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നതാണ്. (വി.ഖു. 5 : 15, 16)
റംസാന്‍ മാസം ഖുര്‍ആന്‍ അവതരിച്ചതിന്റെ വാര്‍ഷികാഘോഷനാള്‍കൂടിയാണ്. ഖുര്‍ആന്‍ അടുത്തറിയാന്‍ റംസാന്‍ ഉപയോഗപ്പെടുത്തണം. അതോടൊപ്പം വിശുദ്ധ ഖുര്‍ ആന്‍ പാരായണം ചെയ്യാന്‍ സമയം അധികം കണ്ടെത്തണം, 'താങ്കള്‍ പറയുക എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ എഴുതുവാനായി സമുദ്ര (വെള്ളം) മഷിയാവുകയും അതിന്റെ അത്ര തന്നെ (സമുദ്രവെള്ളം) നാം സഹായമായി കൊണ്ടുവരികയും ചെയ്തിരുന്നാലും എന്റെ രക്ഷിതാവിന്റെ വചനങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് സമുദ്രം തീര്‍ന്നു പോവുക തന്നെ ചെയ്യും (വി.ഖു. അല്‍കഹ്ഫ്: 109).
ഖുര്‍ആന്‍ എക്കാലവും സവിശേഷ പഠനങ്ങള്‍ക്ക് പരിസരം സൃഷ്ടിച്ച ഗ്രന്ഥമാണ്. നാലായിരത്തിലധികം അടിസ്ഥാന അറിവുകള്‍ അതുള്‍കൊള്ളുന്നു. അതിന്റെ ഓരോ അക്ഷരങ്ങളും ഉരുവിടുന്നത് മഹത്വവും പുണ്യവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നിടത്ത് അല്ലാഹുവിന്റെ ''അനുഗ്രഹം'' വര്‍ഷിക്കുമെന്ന് ഹദീസില്‍ വ്യക്തമാക്കുന്നു.
പാരായണശാസ്ത്രമറിഞ്ഞും ശബ്ദസ്വരം പാലിച്ചും വിശേഷണം ഉള്‍ക്കൊണ്ടുമാണത് പാരായണം ചെയ്യേണ്ടത്.
വിശുദ്ധ ഖുര്‍ആന്‍ റംസാനില്‍ അവതരിച്ചു എന്നതിനാല്‍ റംസാനില്‍ കൂടുതല്‍ ഖുര്‍ആനുമായി ബന്ധം സ്ഥാപിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം. മാനവസമൂഹത്തിന്റെ മോചനത്തിനും അവരുടെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കുന്നതിനും ഖുര്‍ആന്‍ സൃഷ്ടിപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അപരിഷ്‌കൃ തസമൂഹത്തിന്റെ മാനസിക വികാസം വഴിമുട്ടിച്ച മുരടന്‍ ചിന്തകള്‍ തിരുത്തുന്നതിനും ഉന്നതവും ഉദാത്തവുമായ മാനവികതയിലേക്കവരെ നയിക്കുന്നതിനും ഖുര്‍ആന്‍ മാധ്യമമായി എന്നത് ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. ഖുര്‍ആന്‍ അവതരിപ്പിച്ച ചിന്താവിപ്ലവങ്ങള്‍ ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് പടര്‍ന്നുകയറി. അല്ലാഹുവിന്റെ വെളിപാടുകള്‍ മാനവസമൂഹത്തിന് വെളിച്ചമായി. വിശുദ്ധ റംസാനില്‍ ഖുര്‍ആന് മുന്തിയ ഒരിടം അനുവദിക്കണം. ഖുര്‍ആന്‍ വഴികാട്ടിയാണ്, അത് മാറോടടുക്കിപ്പിടിച്ചു സ്വീകരിക്കാന്‍ റംസാന്‍ നമ്മെ ഉണര്‍ത്തുന്നു.





MathrubhumiMatrimonial