കാരുണ്യത്തിന്റെ വെളിച്ചം

Posted on: 22 Sep 2008

സയ്യിദ് മുഹമ്മദ് ശാക്കിര്‍



മനുഷ്യന്‍ തെറ്റുകള്‍ സംഭവിക്കുന്ന പ്രകൃതമുള്ളവനാണ്. നന്മയിലേക്കുള്ള ക്ഷണവും ഉദ്‌ബോധനവും എത്ര ശക്തമാണെങ്കിലും തിന്മയിലേക്ക് ചായുന്ന സ്വഭാവം മനുഷ്യനുണ്ട്.
തിന്മകളുടെ ആധിക്യം വര്‍ധിക്കുംതോറും മനസ്സ് കൂടുതല്‍ ദുഷിക്കുന്നു. ധര്‍മ്മചിന്തകള്‍ മായുന്നു. ആര്‍ദ്രത ഇല്ലാതാവുന്നു. പരുഷതയും കാഠിന്യവും മുഖമുദ്രയാവുന്നു. ചിലര്‍ക്കെങ്കിലും ഞാന്‍ തിന്മയുടെ വക്തവായിപ്പോയി; ഇനിയെനിക്ക് നന്മ നിറഞ്ഞ ജീവിതമില്ല, ഞാന്‍ ഏവര്‍ക്കു മുമ്പിലും ദുഷ്ടനായി മുദ്രകുത്തപ്പെട്ടു, ഞാന്‍ വിചാരിച്ചാലും നന്മയിലേക്കുള്ള മടക്കം സാധ്യമേയല്ല എന്ന് തോന്നാറുണ്ട്. എന്നാല്‍, വിശുദ്ധ ഖുര്‍ആന്‍ ഈ ധാരണ തിരുത്തുന്നു. പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്നതാണ്. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് (സൂറത്തുസ്സുമര്‍: 53).
പാപിയായ തന്നെ ദൈവം പരിഗണിക്കുകയില്ലെന്ന് കരുതി നിരാശപ്പെട്ട് അധര്‍മ്മത്തിന്റെ ഇരുട്ടില്‍ തപ്പിത്തടയുന്നവര്‍ക്ക് മുമ്പില്‍ കാരുണ്യത്തിന്റെ വെളിച്ചം കാട്ടി ദൈവം വഴികാണിക്കുന്നു. പശ്ചാത്താപം സ്ഫുടം ചെയെ്തടുത്ത നിഷ്‌കളങ്കമനസ്സുമായി, നന്മകളുടെയും സത്കര്‍മ്മങ്ങളുടെയും പ്രകാശം ആവാഹിച്ച്, ഹൃദയവും ജീവിതവും ജ്വലിപ്പിക്കാന്‍ മനുഷ്യന് സാധ്യമാകുന്നു.
എന്നാല്‍, ഇസ്‌ലാം വിഭാവനം ചെയ്യുന്ന പശ്ചാത്താപത്തിന് ചില മര്യാദകളുണ്ട്. ദൈവവുമായി മാത്രം ബന്ധപ്പെടുന്ന തിന്മകളാണെങ്കില്‍ പശ്ചാത്താപം സ്വീകാര്യമാകാന്‍ മൂന്ന് ഉപാധികള്‍ പാലിക്കപ്പെടണം. (ഒന്ന്) ചെയ്തുപോന്ന തിന്മയില്‍നിന്ന് പിന്മാറുക (രണ്ട്) സംഭവിച്ച ദുഷ്‌കര്‍മ്മത്തെ സംബന്ധിച്ച് ആത്മാര്‍ത്ഥമായ ഖേദമുണ്ടാവുക (മൂന്ന്) മേലില്‍ പ്രസ്തുത തിന്മയിലേക്ക് മടങ്ങുന്ന പ്രശ്‌നമില്ലെന്ന് പ്രതിജ്ഞചെയ്യുക എന്നിവയാണത്.
എന്നാല്‍, ഇതരവ്യക്തികളെ ബാധിക്കുന്ന തരത്തിലുള്ള തിന്മയാണ് ഒരാള്‍ ചെയ്തതെങ്കില്‍ തന്റെ ദ്രോഹത്തിനിരയായവരുടെ കോപത്തില്‍നിന്ന് മുക്തനാകുംവിധം അവരുടെ വിട്ടുവീഴ്ചകൂടി ലഭ്യമാകേണ്ടതുണ്ട്. ഒരു വ്യക്തി മറ്റൊരാള്‍ക്ക് നല്‍കാനുള്ള കടം വീട്ടാതെയോ, കടം കൊടുത്തവന്‍ വിട്ടുകൊടുക്കാതെയോ ദൈവത്തോട് നപ്രാര്‍ത്ഥിച്ചതുകൊണ്ട് പശ്ചാത്താപം പൂര്‍ണാകില്ല. ഇതരവ്യക്തികളുടെ അഭിമാനം ക്ഷതപ്പെടുത്തുന്ന തരത്തിലുള്ള വാക്കും പ്രവൃത്തിയും ശീലമാക്കിയവന്‍, താന്‍ കാരണം വേദനിച്ചവരുടെ മുറിവുണക്കാതെ കുറ്റവിമുക്തനാവുകയില്ല. വിശുദ്ധിയാര്‍ജിക്കാന്‍ മേല്‍ ഉപാധികള്‍ പാലിക്കുന്നതിലൂടെ, ഒരു വ്യക്തി വിശാലതയും സുതാര്യതയുമുള്ള സാമൂഹികബന്ധങ്ങള്‍ക്കാണ് അടിത്തറയിടുന്നത്.
പാപങ്ങള്‍ പ്രവൃത്തിക്കുന്നവര്‍ക്കുപോലും വിശുദ്ധി നേടാനുള്ള വഴി പറഞ്ഞുകൊടുക്കുന്ന ദൈവം കരുണാമയനാണ്. പാപമുക്തി നേടാനും നിഷ്‌കളങ്കതയാര്‍ജിക്കാനുമുള്ള മഹാസൗഭാഗ്യമാണ് റംസാന്‍. കളങ്കരഹിതമായ മനസ്സുമായി ദൈവസാമീപ്യം നേടുവാന്‍ വിശുദ്ധറാംസാന്‍ കരുത്തുപകരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.




MathrubhumiMatrimonial