തിരിച്ചുവരവ്‌

Posted on: 22 Sep 2008

കുഞ്ഞിമുഹമ്മദ് പറപ്പൂര്‍



പ്രവാചകവചനം: ഓരോമനുഷ്യനും പാപം ചെയ്യുന്നവനാണ്. പാപികളില്‍ നല്ലവര്‍ പശ്ചാത്തപിക്കുന്നവരാണ് (തിര്‍മിദി). മനുഷ്യരാരും പരമശുദ്ധരല്ല. സല്‍ഗുണസമ്പൂര്‍ണ്ണരായ നബിമാര്‍പോലും പാപമോചനം തേടി പശ്ചാത്തപിക്കുന്നവരായിരുന്നുവെന്ന് ഖുര്‍ ആനിലും നബി വചനങ്ങളിലും കാണാം. സ്വര്‍ഗ്ഗകവാടങ്ങള്‍ തുറന്നിടുകയും നരകവാതിലുകള്‍ അടയ്ക്കുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന മാസമാണ് റംസാനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അതായത് സ്വയം മാറാനും നേര്‍വഴിയിലേക്ക് തന്റെ ദിശമാറ്റാനും പറ്റിയ മാസമാണിതെന്ന് സാരം. അതിന് ആദ്യമായി വേണ്ടത് കഴിഞ്ഞകാലജീവിതത്തിലെ പാപങ്ങളില്‍നിന്ന് പശ്ചാത്തപിച്ച് മടങ്ങുകയാണ്. 'തൗബ' എന്നാണ് പശ്ചാത്താപത്തിന്ഖുര്‍ആനിലും ഹദീസിലും പ്രയോഗിച്ച പദം. മടക്കം എന്നാണ് അതിന്റെ അര്‍ത്ഥം. നമ്മുടെ ജീവിതത്തില്‍ എവിടെയെല്ലാം തിന്മകളുണ്ടോ അവ ഉപേക്ഷിച്ചു നന്മയിലേക്ക് തിരിച്ചു വരിക എന്നര്‍ത്ഥം.
ഏതെങ്കിലും തരത്തിലുള്ള തിന്മകള്‍ ചെയ്തുകൊണ്ട് ജീവിച്ചുനീങ്ങുന്ന ഒരാള്‍ ആ തിന്മകള്‍ വെടിഞ്ഞ് നന്മയിലേക്ക് തിരിച്ചു വരാനുള്ള പ്രതിജ്ഞയോടുകൂടിയായിരിക്കണം പശ്ചാത്തപിക്കേണ്ടത്. അതല്ലാതെ ചെയ്യുന്ന തിന്മകള്‍ ഉപേക്ഷിക്കാന്‍ തയ്യാറില്ലാത്ത ഒരാള്‍ '' നാഥാ എന്നോട് പൊറുക്കേണമേ'' എന്ന് പശ്ചാത്തപിക്കുന്നതില്‍ അര്‍ത്ഥമില്ല. വടക്കോട്ടു പോകേണ്ട ഒരു യാത്രക്കാരന്‍ തെക്കോട്ടു വണ്ടി കയറിയിരുന്ന് വടക്കോട്ട് എത്തണമെന്ന് പ്രതീക്ഷിക്കുന്നത് നിരര്‍ത്ഥകമാണ്. അയാള്‍ ലക്ഷ്യത്തിലെത്തണമെങ്കില്‍ ആ വണ്ടിയില്‍ നിന്നിറങ്ങി തനിക്ക് എത്തേണ്ട സ്ഥലത്തേക്ക് മാറിക്കയറണം. എന്നതുപോലെ നരകത്തിലെത്തുന്ന തിന്മകള്‍ പ്രവര്‍ത്തിച്ചുകൊണ്ട് ജീവിതം നയിക്കുകയും സ്വര്‍ഗ്ഗം നേടണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് വൃഥാവേലയാണ്. വിശ്വാസത്തിലോ , സ്വഭാവത്തിലോ, ഇടപാടുകുളിലോ മനുഷ്യബന്ധങ്ങളിലോ നാം തിന്മയുടെ വഴിയിലാണുള്ളതെങ്കില്‍ അവിടെനിന്ന് തിരിച്ച് പോന്ന് തെറ്റുകള്‍ തിരുത്തി നന്മയുടെ വഴിയില്‍ കയറിയിട്ടുവേണം പശ്ചാത്തപിക്കാന്‍.
മനുഷ്യന്‍ ചെയ്യുന്ന പാപങ്ങള്‍ രണ്ടുവിധമാണ്. ഒന്ന് താനും അല്ലാഹുവും മാത്രമറിയുന്ന പാപങ്ങള്‍. അവ അല്ലാഹു പൊറുത്തുതരണമെങ്കില്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണം. ചെയ്തുവരുന്ന പാപം അവസാനിപ്പിച്ചു അതില്‍നിന്ന് പൂര്‍ണ്ണാമയി പിന്‍മാറണം. ആത്മാര്‍ത്ഥമായ ഖേദം മനസ്സിലുണ്ടാവണം. ഇനി ആ കുറ്റം ബോധപൂര്‍വ്വം ചെയ്യുകയില്ലെന്ന് സ്വയം പ്രതിജ്ഞയെടുക്കുകയും വേണം. എന്നാല്‍ മനുഷ്യരെ കൂടിബാധിക്കുന്ന തെറ്റുകളാണ് ചെയ്തതെങ്കില്‍ ആ മനുഷ്യരുമായുള്ള ഇടപാടുകള്‍ കൂടി തീര്‍ത്തിട്ടുവേണം പശ്ചാത്തപിക്കാന്‍. അന്യരെ പരിഹസിക്കുക, ചീത്തവിളിക്കുക, അപമാനിക്കുക, പരദൂഷണം പറയുക എന്നീ കുറ്റകൃത്യങ്ങള്‍ക്കു അല്ലാഹുവോട് നാം പശ്ചാത്തപിച്ചാല്‍ പോരാ. ആമനുഷ്യരോടും കൂടിമാപ്പുചോദിക്കണം. അപ്രകാരം അപരന്റെ ധനം അപഹരിച്ചവര്‍ ആ കടങ്ങള്‍ വീട്ടിയിട്ടു വേണം പ്രാര്‍ത്ഥിക്കാന്‍. അപ്പോള്‍ പശ്ചാത്താപം എന്നത് എന്തെങ്കിലും ചൊല്ലിപ്പറഞ്ഞു കൊണ്ടുള്ള വെറുമൊരു പ്രാര്‍ത്ഥനയല്ല. മറിച്ചു ജീവിതത്തിന്റെ ബോധപൂര്‍വ്വമായ ഒരു പരിവര്‍ത്തനമാണ്.




MathrubhumiMatrimonial