goodnews head

പുസ്തകവും യൂണിഫോമും ഇല്ലെങ്കിലും ബിജേഷിന് മാര്‍ക്ക് നൂറില്‍ നൂറ്

Posted on: 01 Feb 2008


കോഴിക്കോട്: പഠിക്കാനുള്ള പുസ്തകങ്ങളും ബാഗും യൂണിഫോമും ആവശ്യത്തിനില്ലെങ്കിലും കൈനിറയെ മാര്‍ക്ക് വാങ്ങിക്കൂട്ടുന്നതില്‍ ഒളവണ്ണ പഞ്ചായത്തിലെ കൊടിനാട്ട്മുക്ക് ഗവ. എല്‍.പി. സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബിജേഷ് മറ്റാര്‍ക്കും പിന്നിലല്ല.അമ്മികൊത്തും തവളപിടിത്തവും ഉപജീവനമാക്കി കഴിയുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള നാടോടികളായ വേടിയപ്പന്റെയും മുത്തമ്മയുടെയും നാല് മക്കളില്‍ രണ്ടാമനാണ് ഈ കൊച്ചുമിടുക്കന്‍. പഠിക്കാന്‍ വേണ്ടത്ര സാഹചര്യമില്ലെങ്കിലും ക്ലാസ്സില്‍ ചേര്‍ന്ന് അധികം കഴിയും മുമ്പുതന്നെ മലയാളവും കണക്കും വശത്താക്കി ബിജേഷ് അധ്യാപകരെ അദ്ഭുതപ്പെടുത്തി.

ചെറുപ്പത്തില്‍ സമപ്രായക്കാരായ കുട്ടികള്‍ ബാഗും യൂണിഫോമുമണിഞ്ഞ് സ്‌കൂളില്‍ പോകുമ്പോള്‍ ബിജേഷും വാശിപിടിക്കുമായിരുന്നു സ്‌കൂളില്‍ പോകാന്‍. അന്നന്നത്തെ ആഹാരത്തിന് വകകണ്ടെത്താനാകാത്ത അവന്റെ മാതാപിതാക്കള്‍ക്ക് അത് കണ്ടില്ലെന്നു നടിക്കാനേ സാധിക്കുമായിരുന്നുള്ളൂ. ഉപജീവനത്തിന് തമ്പടിക്കുന്ന സ്ഥലത്ത് കൂടാരം കെട്ടിയായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോള്‍, ഒളവണ്ണയിലെ ചാത്തോത്തറയില്‍ കൊച്ചുവാടകമുറിയില്‍ താമസിക്കുകയാണ് ഈ കുടുംബം.

മകന്റെ പഠിക്കാനുള്ള മോഹത്തെക്കുറിച്ച് മുത്തമ്മ, പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രന്‍ പറശ്ശേരിയോട് പറയുകയും അദ്ദേഹം മുന്‍കൈയെടുത്ത് ബിജേഷിനെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തതോടെ എട്ടാമത്തെ വയസ്സില്‍ ബിജേഷിന്റെ പഠിക്കാനുള്ള സ്വപ്നം പൂവണിയുകയായിരുന്നു.

വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്നാല്‍ അയല്‍വാസി വാങ്ങിക്കൊടുത്ത ആകെയുള്ള ഒരു യൂണിഫോം അലക്കി ഉണക്കാനിട്ട ശേഷമാണ് ബിജേഷ് അന്തിയുറങ്ങുന്ന കൊച്ചുമുറിയില്‍ പഠിക്കാനിരിക്കുക. സ്‌കൂള്‍ ബാഗില്ലാത്തതിനാല്‍ തുണിസഞ്ചിയിലാണ് പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത്. രാവിലെ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ ബിജേഷ് സ്‌കൂളിലെത്തും. പഠിപ്പിക്കുന്നവ പെട്ടെന്ന് മനസ്സിലാക്കുന്നതിനാല്‍ അധ്യാപകരുടെ പ്രിയപ്പെട്ടവന്‍ കൂടിയാണ് ഈ മിടുക്കന്‍. പ്രധാനാധ്യാപകന്‍ അഹമ്മദ് കുട്ടിയും ക്ലാസ്സധ്യാപകന്‍ ഗിരീഷും ബിജേഷിന്റെ കാര്യത്തില്‍ പ്രത്യേകം താത്പര്യം കാണിക്കുന്നു. സന്മനസ്സുള്ളവരും ക്ലാസ്സ ധ്യാപകരും ചേര്‍ന്നാണ് പഠിക്കാനുള്ള പുസ്തകങ്ങളില്‍ മിക്കതും തരപ്പെടുത്തിക്കൊടുത്തത്.

മകന്റെ തുടര്‍ന്നുള്ള പഠനത്തിനുള്ള ചെലവ് താങ്ങാനാകാതെ വിഷമിക്കുകയാണ് വേടിയപ്പനും മുത്തമ്മയും. ജനന സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ സ്‌കൂള്‍രേഖകളില്‍ ബിജേഷിനെ ചേര്‍ത്തിട്ടില്ല. ഇത് ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് മാതാപിതാക്കളും സ്‌കൂളധികൃതരും. രണ്ടാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ പത്തുവയസ്സുള്ള ചേച്ചിയും രണ്ട് അനുജത്തിമാരുമാണ് ബിജേഷിനുള്ളത്.

 

 




MathrubhumiMatrimonial