goodnews head

കോളേജില്‍ പോകാത്ത ബാര്‍ബര്‍ ജറ്റിഷിന് നെറ്റ്

Posted on: 23 Jun 2011




കുറുപ്പംപടി: ബാര്‍ബര്‍ ജോലിക്കിടയില്‍ കോളേജില്‍ പോകാന്‍ കഴിയാതെ തപാല്‍മാര്‍ഗം ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ജെറ്റിഷ് ശിവദാസി(28)ന് ഇപ്പോള്‍ യു.ജി.സി.യുടെ 'നെറ്റും' (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) കൈപ്പിടിയില്‍. ജീവിത പ്രാരബ്ധങ്ങള്‍ക്കിടയില്‍ ചെറുപ്പത്തിലേ കുലത്തൊഴില്‍ ചെയ്ത് കുടുംബം പുലര്‍ത്തുമ്പോഴും പഠിക്കണമെന്ന ആഗ്രഹമാണ് ഈ യുവാവിനെ വ്യത്യസ്തനാക്കിയത്.

ആലുവമൂന്നാര്‍ റോഡില്‍ ചെറുകുന്നത്തെ 'മോഡേണ്‍ സലൂണി'ല്‍ തൊഴിലിന്റെ ഇടവേളകളിലെ പരിശ്രമങ്ങള്‍ സാര്‍ഥകമായതിന്റെ ആഹ്ലാദത്തിലാണ് ജെറ്റിഷ്.

പൂയംകുട്ടി മണികണ്ഠന്‍ചാല്‍ സ്വദേശിയാണ് ജെറ്റിഷ്. 10 കിലോമീറ്റര്‍ നടന്നാണ് അവിടെ നിന്ന് സ്‌കൂളില്‍ പോയിരുന്നത്. 11 സ്‌കൂളുകളിലായാണ് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. കോട്ടപ്പടി മാര്‍ ഏലിയാസ് സ്‌കൂളില്‍നിന്ന് പത്താംക്ലാസ് ജയിച്ചയുടനെ അമ്മാവനൊപ്പം കുലത്തൊഴിലിലേക്കിറങ്ങി. അന്നുമുതല്‍ കോട്ടപ്പടിയിലാണ് താമസിക്കുന്നത്. പഠിക്കണമെന്ന ആഗ്രഹം അടക്കാനാവാതെ വന്നപ്പോള്‍ പെരുമ്പാവൂരില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ കോഴ്‌സിന് ചേര്‍ന്നു. ഫസ്റ്റ്ക്ലാസ്സില്‍ പാസ്സായി. പ്രിഡിഗ്രി പഠിക്കാന്‍ കഴിഞ്ഞില്ല. 18 വയസ്സ് കഴിഞ്ഞപ്പോള്‍ എന്‍ട്രന്‍സിലൂടെ കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. 'ചരിത്രം' തപാല്‍ കോഴ്‌സിന് ചേര്‍ന്നു. പിന്നീട് എം.എ. മലയാളവും മികച്ച മാര്‍ക്കോടെ ജയിച്ചു.

2010 ഡിസംബര്‍ 26 നായിരുന്നു 'നെറ്റ്'. ഫലമറിഞ്ഞത് കഴിഞ്ഞദിവസം. കോളേജ് അധ്യാപകനാവുകയെന്ന സ്വപ്നം കൈയെത്താവുന്ന ദൂരത്തിലായതിന്റെ സന്തോഷം മറച്ചുവയ്ക്കുന്നില്ല ഈ യുവാവ്. കോട്ടേക്കുടി ശിവദാസിന്റെയും ശാന്തമ്മയുടെയും മകനാണ് ജെറ്റിഷ്. ഇതിനിടെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹംകഴിച്ചു. ഭാര്യ ബേബി പ്രളയക്കാട് വിദ്യാനികേതന്‍ സ്‌കൂളില്‍ അധ്യാപികയാണ്. നാല് വയസ്സുള്ള ഒരു മകനുണ്ട്. ചെറുകുന്നത്തെ ബാര്‍ബര്‍ഷോപ്പ് തുടങ്ങിയിട്ട് ഏഴ് വര്‍ഷമായി.

 

 




MathrubhumiMatrimonial