
'സുമംഗലീയ'വേദിയില്‍ 31 നവദമ്പതിമാര്‍ പുതുജീവിതത്തിലേക്ക്
Posted on: 21 Jan 2008

ശ്രീ മഹാഗണപതിക്ഷേത്രം മേല്‍ശാന്തി എം.എന്‍. കൃഷ്ണന്‍ നമ്പൂതിരിയുടെ മംഗല്യപൂജയോടെയാണ് വിവിധ ചടങ്ങുകള്‍ തുടങ്ങിയത്. പരമ്പരാഗത ചടങ്ങുകളോടെതന്നെയാണ് വിശാലമായ വേദിയില്‍ സമൂഹവിവാഹങ്ങളും നടന്നത്. ഒമ്പതരമണിയോടെ വധൂവരന്മാരെ നാദസ്വരത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ശ്രീ മഹാഗണപതിക്ഷേത്രം മാതൃസമിതി അധ്യക്ഷ ചന്ദ്രമതിയാണ് വേദിയിലേക്ക് ആനയിച്ചത്.
വിവാഹച്ചടങ്ങ് കഴിഞ്ഞതോടെ മാനന്തവാടി അമൃതാനന്ദമയീമഠം മഠാധിപതി അക്ഷയാമൃത ചൈതന്യയുടെ അനുഗ്രഹഭാഷണം നടന്നു. ശ്രീ മഹാഗണപതി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രധാനിയായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡരുടെ ഭാര്യയും 'സുമംഗലീയം' ഉദ്ഘാടകനായ എം.പി. വീരേന്ദ്രകുമാറിന്റെ അമ്മയുമായ മരുതേവി അവ്വയെ ചടങ്ങില്‍ അനുസ്മരിക്കുകയുണ്ടായി. 1972ല്‍ മഹാഗണപതിക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനം നടന്നപ്പോള്‍, നിലവിലുള്ള ഗണപതിവിഗ്രഹം സമര്‍പ്പിച്ചത് മരുതേവി അവ്വയായിരുന്നു. ഈ കാര്യമാണ് സംഘാടകര്‍ അനുസ്മരിച്ചത്.
സുമംഗലീയം പരിപാടിയിലൂടെ ജീവിത പങ്കാളികളായ വധൂവരന്മാര്‍ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത എം.പി. വീരേന്ദ്രകുമാര്‍ എം.പി. ആശംസിച്ചു. മനസ്സിലെ മാലിന്യങ്ങള്‍ മുഴുവന്‍ നീങ്ങിപ്പോകണം. ഐശ്വര്യവും മനസ്സമാധാനവും നിലനില്ക്കുകയും വേണം. സുമംഗലീയത്തിലൂടെ വിവാഹിതരായ 31 പെണ്‍കുട്ടികളുടെ അച്ഛനമ്മമാരും കുടുംബാംഗങ്ങളും എത്രത്തോളം സന്തുഷ്ടരായിരിക്കുന്നെന്ന് നമ്മള്‍ വിലയിരുത്തണം. ഇത്തരമൊരു സംരംഭം ആവിഷ്‌കരിച്ച് നടപ്പാക്കിയ ശ്രീ മഹാഗണപതി ചാരിറ്റബിള്‍ ട്രസ്റ്റ്, ആരുടെയും ആദരവ് പിടിച്ചുപറ്റും- അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ കെ.ജി. ഗോപാലപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.എം. സരസമ്മ, നീലഗിരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗോമതി ശിവാനന്ദന്‍, ഹിന്ദുഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.ആര്‍. ബാലകൃഷ്ണന്‍, ആദിവാസി സംഘം സംസ്ഥാന പ്രസിഡന്റ് പള്ളിയറ രാമന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍, വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് കണ്ണിവട്ടം കേശവന്‍ ചെട്ടി, കെ.എം. ബാലകൃഷ്ണന്‍, പി.കെ.കെ. നായര്‍ എന്നിവര്‍ സംസാരിച്ചു. എ. സുരേന്ദ്രന്‍ സ്വാഗതവും എന്‍.എം. വിജയന്‍ നന്ദിയും പറഞ്ഞു.
