
'തീവട്ടി' കൃഷ്ണന്‍കുട്ടിയുടെ കയ്യില്‍ ഭദ്രം
Posted on: 12 May 2011
തൃശ്ശൂര്‍:പാറമേക്കാവ് ഭഗവതിയുടെ നടവഴികളില്‍ ഇത്തവണയും വെളിച്ചം പകരുന്നത് ആറാട്ടുപുഴ മാരത്ത്‌വളപ്പില്‍ കൃഷ്ണന്‍കുട്ടി. തുടര്‍ച്ചയായി ഇരുപത്തിയാറാമത്തെ വര്‍ഷമാണ് കൃഷ്ണന്‍കുട്ടി പാറമേക്കാവിനുവേണ്ടി തീവട്ടി ഒരുക്കുന്നത്. തീവട്ടി ഒരുക്കുന്നതുമുതല്‍ കൊമ്പന്‍മാര്‍ക്കു മുന്‍പില്‍ അവ കത്തിച്ചുപിടിക്കുന്നതുവരെയുള്ള ജോലികളെല്ലാം കൃഷ്ണന്‍കുട്ടിയില്‍ ഭദ്രം.
പന്ത്രണ്ടു ദിവസത്തെ ജോലിയാണ് പൂരം നാള്‍ രാത്രി 5 മണിക്കൂറുകൊണ്ട് എരിഞ്ഞുതീരുന്നത്. കോറക്കഷണങ്ങള്‍ പശമാറ്റുന്നതിനായി കഴുകി ഉണക്കിയെടുക്കും. ഉണങ്ങിയ ഓലച്ചീളില്‍ വച്ച് ഇത് തീവട്ടിയില്‍ ചുറ്റിക്കെട്ടി ഉറപ്പിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് സഹായിയായി സമപ്രായക്കാരനായ ഒരാള്‍ മാത്രം. അരക്കിലോയിലധികം കോറക്കഷണങ്ങള്‍ വരിഞ്ഞുചുറ്റിയാണ് തീവട്ടിയിലെ ഒരു പന്തം ഒരുക്കുന്നത്.
ആറ് പന്തമടങ്ങുന്ന 12 തീവട്ടിയും 4 പന്തമുള്ള ഏഴും മൂന്ന് പന്തമുള്ള ഒരു തീവട്ടിയുമാണ് ഇത്തവണ പാറമേക്കാവിനുള്ളത്. തീവട്ടി പിടിച്ച് പൂരപ്പറമ്പിലേക്കിറങ്ങാന്‍ 30 പേര്‍ അടങ്ങിയ ഒരു സംഘംതന്നെയുണ്ട്. പന്തത്തില്‍ എണ്ണ ഒഴിക്കാനും നനയ്ക്കാനുമെല്ലാമുള്ള സഹായികള്‍ ഇതില്‍ ഉള്‍പ്പെടും.
