ഗോപുരവാതില്‍ തുറന്ന് നെയ്തലക്കാവിലമ്മ

Posted on: 12 May 2011


തൃശ്ശൂര്‍: പൂരം ചടങ്ങുകള്‍ക്ക് നാന്ദികുറിച്ച് വടക്കുംനാഥന്റെ തെക്കേഗോപുര വാതില്‍ തുറക്കാന്‍ നെയ്തലക്കാവിലമ്മ ഇത്തവണയുമെത്തി. ബുധനാഴ്ച രാവിലെ 9.30ന് മണികണ്ഠനാലില്‍ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ മേളം തുടങ്ങി. മേളത്തിന്റെ അകമ്പടിയോടെ വടക്കുംനാഥന്റെ പടിഞ്ഞാറെ നടയിലൂടെ കയറി ദേവനെ വലംവച്ചു. തിരുവമ്പാടി ഭഗവതിയെ കാണാന്‍ തെക്കേ ഗോപുരനടയിലൂടെ ഇറങ്ങി. ഭഗവതിക്കു മുമ്പില്‍ പൂജ നടത്തിയശേഷം ഇറക്കിപ്പൂജയ്ക്കായി വിയ്യൂര്‍ മൂത്തേടത്ത് മനയില്‍ ചെന്നു. രണ്ടു മണിയോടെ നെയ്തലക്കാവില്‍ തിരിച്ചെത്തി.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.സി.എസ്. മേനോന്‍, മെമ്പര്‍മാരായ കെ.കുട്ടപ്പന്‍, എം.എല്‍. വനജാക്ഷി, സ്‌പെഷല്‍ കമ്മീഷണര്‍ എന്‍. സുകുമാരന്‍, സെക്രട്ടറി പി.രമണി, തൃശ്ശൂര്‍ ഗ്രൂപ്പ് അസിസ്റ്റന്‍റ് കമ്മീഷണര്‍ പി. മുരളീധരന്‍ തുടങ്ങിയ ഭാരവാഹികളും തദ്ദേശ തട്ടകനിവാസികളും പങ്കെടുത്തു.

കണിമംഗലം ശാസ്താവ് മുതലുള്ള ദേവീദേവന്‍മാര്‍ക്ക് പൂരത്തിനായി വടക്കുംനാഥ ക്ഷേത്രത്തില്‍ പ്രവേശിക്കാനും തെക്കേ ഗോപുരനടയിലൂടെ ഇറങ്ങാനുമുള്ള അനുമതിയാണീ ചടങ്ങ്. കൊച്ചി രാജാവിന്റെ കാലം മുതല്‍ തെക്കേ ഗോപുരനട തുറക്കാനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്.

പൂരം നാളില്‍ രാവിലെ 8.30ന് നെയ്തലക്കാവില്‍ ഭഗവതി ആനപ്പുറത്തേറി നാദസ്വരത്തിന്റെ അകമ്പടിയോടെ നടുവിലാലിലേക്ക് വീണ്ടും എഴുന്നള്ളും. പതിനൊന്നരയോടെ പതിനൊന്നാനകളുടെയും മേളത്തിന്റെയും അകമ്പടിയോടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നാരായണന്‍ തിടമ്പേറ്റും. പടിഞ്ഞാറെ ഗോപുരം വഴി കയറുന്ന ഭഗവതി തെക്കേ ഗോപുരനട വഴി പഴയനടക്കാവ് ക്ഷേത്രത്തില്‍ ഇറങ്ങും. രാത്രി 11.30ന് നടുവിലാലില്‍ നിന്ന് 11 ആനകള്‍ക്കൊപ്പം എഴുന്നള്ളി വടക്കുംനാഥനെ വലംവച്ച് നിലപാടുതറ വണങ്ങി നെയ്തലക്കാവില്‍ തിരിച്ചെത്തും.





MathrubhumiMatrimonial