പുരുഷാരം പൂരലഹരിയിലേക്ക്‌

Posted on: 08 May 2011

പി. പ്രജിത്ത് (sreepraji@hotmail.com)



ഓര്‍മ്മകളുടെ കാറ്റില്‍ ഒരായിരം ശബ്ദഘോഷങ്ങള്‍ നിറച്ച് പൂരം പടിവാതിക്കലെത്തി. തൃശ്ശിവപേരൂരുകാരുടെ മനസ്സില്‍ തുടികൊട്ട് ഉയര്‍ന്നു- പഞ്ചവാദ്യത്തിന്റെ മാധുര്യവും പാണ്ടിയുടെ രൗദ്രതയുമെല്ലാം മനസ്സിലേക്ക് ഒഴുകിയെത്തുന്നു. ഇനി ആഘോഷത്തിമര്‍പ്പിന്റെ നാളുകള്‍. വാക്കുകള്‍ ചേക്കേറുന്നിടത്തെല്ലാം പൂരവിശേഷങ്ങള്‍ മാത്രം.
ഇലഞ്ഞിത്തറച്ചോട്ടിലും പാറമേക്കാവിന്റെ മുറ്റത്തും മഠത്തിലെ നടയിലുമെല്ലാം നടന്നുകാണാന്‍ ഒരുപാടുണ്ട്. മേളങ്ങള്‍ പതഞ്ഞൊഴുകുന്ന താളവഴികളെല്ലാം വൈകാതെ വടക്കുംനാഥനു മുമ്പില്‍ സംഗമിക്കും. ആള്‍ക്കൂട്ടവും അതിനുള്ളിലെ ആനക്കൂട്ടവും ആദ്യവട്ടം പൂരത്തിനെത്തിയവരെ അത്ഭുതപ്പെടുത്തും. പുലരിയില്‍ പൂരം മാനത്തു തീര്‍ക്കുന്ന വര്‍ണ്ണവിസ്മയങ്ങള്‍ അവര്‍ക്ക് മതിവരാക്കാഴ്ചകളാകും. ദേവീദേവന്മാരുടെ വരവില്‍ ദേവലോകമായി മാറുന്ന തൃശ്ശൂര്‍ പൂരവിശേഷങ്ങളിലൂടെ...


ജനസാഗരമാവാഹിച്ച് ഘടകപൂരങ്ങള്‍

പൂരദിവസം പുലര്‍ച്ചേ തന്നെ ഘടകപൂരങ്ങളുടെ പുറപ്പാടു തുടങ്ങും. വാദ്യഘോഷങ്ങളോടെ നാടുണര്‍ത്തിയുള്ള എഴുന്നള്ളിപ്പ്. ദേശദൈവങ്ങള്‍ക്കൊപ്പം ജനസമുദ്രവും നഗരത്തിലേക്കൊഴുകിയെത്തും.
കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക് പൂക്കാട്ടിക്കര, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളില്‍നിന്നാണ് ചെറുപൂരങ്ങള്‍ പുറപ്പെടുന്നത്.
മഞ്ഞും വെയിലുമേല്‍ക്കാതെ അതിരാവിലെ എഴുന്നള്ളുന്ന കണിമംഗലം ശാസ്താവാണ് പൂരദിവസം ആദ്യം വടക്കുന്നാഥനു മുമ്പിലെത്തുന്നത്. തെക്കേ ഗോപുരംവഴി കയറി ശാസ്താവ് പടിഞ്ഞാറെ നടവഴിയിറങ്ങും. പൂരത്തിനുവേണ്ടി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട പൂരത്തലേന്നു തുറന്നിടുന്നത് കുറ്റൂര്‍ നെയ്തലക്കാവിലമ്മയാണ്.
കാഴ്ചക്കാര്‍ക്ക് ദൃശ്യശ്രവ്യ വിരുന്നൊരുക്കിയാണ് ഘടകപൂരങ്ങള്‍ കൈലാസനാഥനെ വന്ദിക്കുക. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും രാത്രി 7.30 മുതല്‍ ഒരു മണി വരെയും ചെറുപൂരങ്ങള്‍ ഉണ്ടാകും.
കണിമംഗലം തെക്കേ ഗോപുരത്തിലൂടെയും പനമുക്കംപിള്ളിയും ചെമ്പൂക്കാവും കിഴക്കേഗോപുരം വഴിയും കാരമുക്ക് തെക്ക് നിന്നെത്തി പടിഞ്ഞാറെ ഗോപുരത്തിലൂടെയും ലാലൂരും ചൂരക്കോട്ടുകാവും അയ്യന്തോളും നെയ്തലക്കാവും പടിഞ്ഞാറുനിന്നു കയറി പടിഞ്ഞാറെ ഗോപുരം കടന്നുമാണ് വടക്കുന്നാഥന്റെ സവിധത്തിലെത്തുക.



പറകള്‍ സ്വീകരിച്ച് തിരുവമ്പാടി ഭഗവതി

പൂരദിവസം പുലര്‍ച്ചെ മുതല്‍ തന്നെ തിരുവമ്പാടിയുടെ ക്ഷേത്രച്ചടങ്ങുകള്‍ തുടങ്ങും. മൂന്ന് ആനകളോടുകൂടി നടപ്പാണ്ടിയുടെ അകമ്പടിയിലാണ് എഴുന്നള്ളിപ്പ് ആരംഭിക്കുക.
റോഡിനിരുവശവുമുള്ള പറകള്‍ സ്വീകരിച്ചുകൊണ്ടാണ് ഭഗവതിയുടെ യാത്ര. ഷൊര്‍ണൂര്‍ റോഡിലൂടെ തെക്കോട്ട് നടന്ന് നായ്ക്കനാല്‍ വഴി പടിഞ്ഞാറെ റൗണ്ടിലൂടെ പഴയനടക്കാവിലേക്കിറങ്ങി എഴുന്നള്ളിപ്പ് നടുവില്‍ മഠത്തിലെത്തും. നടുവില്‍ മഠത്തിലെ ഉപചാരങ്ങള്‍ക്കുശേഷമാണ് പൂരപ്രേമികളുടെ ആവേശമായ മഠത്തില്‍വരവ്.



പഞ്ചവാദ്യമധുരവുമായി മഠത്തില്‍ വരവ്

മൂന്നുതവണ ശംഖുവിളി... പഞ്ചവാദ്യം ആരംഭിക്കുകയായി. ബ്രഹ്മസ്വം മഠത്തിലെ ഇറക്കിപ്പൂജയ്ക്കുശേഷം മഠത്തില്‍ വരവിനായി തിടമ്പേറ്റും. പഞ്ചവാദ്യത്തിന്റെ പതികാലത്തിനു തുടക്കമിട്ടുകൊണ്ട് അന്നമനട പരമേശ്വരമാരാരുടെ കൈത്തലം തിമിലയില്‍ പതിക്കുന്നതോടെ മഠത്തിലെ മരച്ചോട്ടില്‍ മധുരകാലം വിരിയും.
മദ്ദളം, കൊമ്പ്, ഇലത്താളം, ഇടയ്ക്ക എന്നിവയുടെ ആവേശത്തില്‍ ആര്‍പ്പുവിളികളോടെയുള്ള എഴുന്നള്ളിപ്പ് പ്രദക്ഷിണവഴിയിലെത്തുമ്പോള്‍ ആനകളുടെ എണ്ണം കൂടും. യാത്ര നടുവിലാലിലെത്തി എടക്കലാശം കൊട്ടിക്കയറുമ്പോള്‍ തേക്കിന്‍കാട് ആര്‍പ്പുവിളികളില്‍ നിറയും.


ചെമ്പട കൂട്ടായി പാറമേക്കാവിലമ്മ

പൂമാലയണിഞ്ഞ്- നെറ്റിപ്പട്ടം ചൂടി മണിമാലകളേന്തിയ കരിവീരന്റെ പുറത്ത് പാറമേക്കാവ് ദേവി എഴുന്നള്ളും. ചെറിയ പാണിക്കുശേഷം ക്ഷേത്രമുറ്റത്ത് അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന 14 കൊമ്പന്മാര്‍ക്ക് നടുവിലേക്ക് ദേവി കയറിനില്‍ക്കും.
ആചാരവെടി മുഴക്കി ക്ഷേത്രാങ്കണത്തില്‍നിന്ന് ചെമ്പടത്താളത്തോടെയാണ് പുറപ്പാട്. 15 ആനകളും പാണ്ടിമേളവുമായി നടന്നുനീങ്ങുന്ന പാറമേക്കാവ് ദേവി കിഴക്കേ ഗോപുരം വഴി വടക്കുനാഥക്ഷേത്രത്തിന്റെ പടിഞ്ഞാറെ തിരുമുറ്റത്തേക്ക് നീങ്ങും. നടപ്പാണ്ടിക്ക് താളംപിടിച്ച് തട്ടകനിവാസികളും ദേവിയെ അനുഗമിക്കും.



കത്തിക്കയറുന്ന ഇലഞ്ഞിത്തറ മേളം

വടക്കുംനാഥന്റെ മതില്‍ക്കെട്ടിനകത്ത് ഇലഞ്ഞിത്തറയ്ക്കു സമീപം തീര്‍ത്ത പന്തലിനു ചുവട്ടിലാണ് ഏറ്റവും കൂടുതല്‍ വാദ്യക്കാര്‍ പങ്കെടുക്കുന്ന ഇലഞ്ഞിത്തറമേളം നടക്കുന്നത്.
ഉച്ചവെയിലിന്റെ തീച്ചൂട് മറന്ന് ജനസഹസ്രങ്ങള്‍ മേളത്തിന്റെ ആവേശത്തിന് കൈത്താളമെറിയും. പെരുവനം കുട്ടന്‍ മാരാരാണ് മേളത്തിനു പ്രമാണി.
ഉരുട്ടുചെണ്ട, വീക്കുചെണ്ട, കൊമ്പ്, കുഴല്‍, ഇലത്താളം എന്നിവ ഇലഞ്ഞിത്തറമേളത്തില്‍ സമ്മേളിക്കുന്നു.
ഉരുട്ടുചെണ്ടക്കാരുടെ മധ്യത്തില്‍ മേളപ്രമാണി നിലയുറപ്പിക്കും. ചെമ്പടയും ഒലമ്പലും കഴിഞ്ഞുള്ള പാണ്ടിമേളത്തിന്റെ ഭാഗങ്ങളാണ് ഇലഞ്ഞിച്ചുവട്ടില്‍ കൊട്ടിത്തീര്‍ക്കുക. പാണ്ടിമേളത്തിന്റെ കാലങ്ങള്‍ പൂര്‍ണ്ണമായും ഇവിടെനിന്നാസ്വദിക്കാം. പാണ്ടിമേളത്തിന്റെ ഉത്തുംഗമാതൃകയായ ഇലഞ്ഞിത്തറമേളം വൈകീട്ട് 4.30 ഓടെ കൊട്ടിക്കലാശിക്കും.


വസന്തഗോപുരമായി തെക്കോട്ടിറക്കം

പൂരാവേശത്തിന്റെ ചൂടും ചൂരും നിറഞ്ഞകണ്ണുകളെല്ലാം ഒരേസമയം തെക്കേ ഗോപുരനടയില്‍ പതിക്കും. ഗോപുരം കടന്നുവരുന്ന ഓരോ ഗജവീരനേയും ആര്‍പ്പുവിളികളോടെ പൂരപ്രേമികള്‍ സ്വീകരിക്കും.
ഇലഞ്ഞിത്തറമേളം കഴിഞ്ഞ് പാറമേക്കാവിന്റെ തിടമ്പേറ്റിയ കൊമ്പനാണ് ആദ്യം തെക്കോട്ടിറങ്ങുക.
തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് പടിഞ്ഞാറെ ഗോപുരത്തിലൂടെ വടക്കുംനാഥനിലേക്ക് പ്രവേശിച്ച് തിടമ്പേറ്റിയ കരിവീരന്‍ മഹാശിവനെ പ്രദക്ഷിണംവെച്ച് തെക്കേഗോപുരത്തിലൂടെ പുറത്തേക്ക് ചുവടുവെയ്ക്കും. കൊമ്പന്മാര്‍ക്കു പുറകെ തട്ടകക്കാരും ആര്‍പ്പുവിളികളോടെ തെക്കോട്ടിറക്കത്തില്‍ പങ്കുചേരും.


പൂരപ്പെരുമയുയര്‍ത്തി കുടമാറ്റം

തെക്കോട്ടിറക്കത്തിന് ആദ്യചുവടുവെച്ച കുട്ടങ്ങുളങ്ങര അര്‍ജ്ജുനന്‍ മറ്റ് ആറ് കൂട്ടാനകളും ജനസാഗരം വകഞ്ഞുമാറ്റി രാജപ്രതിമയെ വലംവെച്ച് തെക്കേഗോപുരനടയ്ക്ക് അഭിമുഖമായി നില്‍ക്കും.
തെക്കേഗോപുരം കടന്ന് ഇറക്കത്തില്‍ തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് നിലയുറപ്പിക്കുന്നതോടെ പൂരങ്ങളുടെ പൂരം വാനിലുയര്‍ത്തുന്ന വര്‍ണ്ണവിസ്മയങ്ങള്‍ക്ക് തുടക്കമാകും.
പൂരലഹരിയിലാറാടിയ പുരുഷാരം സാക്ഷിനിര്‍ത്തി തിരുവമ്പാടി വിഭാഗം കുടമാറ്റം തുടങ്ങും. ഒരിക്കല്‍ കുടമാറിയാല്‍ മൂന്നു തവണ ആലവട്ടവും വെണ്‍ചാമരവും വീശും. തിടമ്പേറ്റിയ ഗജവീരനു പിടിക്കുന്ന കുട മറ്റുള്ളവയില്‍നിന്ന് ഓരോ തവണ മാറ്റുമ്പോഴും വ്യത്യസ്തമായിരിക്കും. മാനത്ത് ഇരുട്ട് ചിതറിവീഴുമ്പോള്‍ പകല്‍പ്പൂരം പിരിയും. പിന്നെ, തനി ആവര്‍ത്തനമായി രാത്രിപൂരം. പുലര്‍ച്ചെ മൂന്നിന് വെടിക്കെട്ടിന് കാതോര്‍ക്കാം.







MathrubhumiMatrimonial