
ശാസ്താംകോട്ട തടാകം: ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള നീക്കം വിവാദമാകുന്നു
Posted on: 31 Aug 2008
പി.ബസന്ത്
വിനോദസഞ്ചാരത്തിന് ശാസ്താംകോട്ട തടാകവും പരിസരവും തുറന്നിടുന്നത് മലിനീകരണവും കൈയേറ്റവും കൂട്ടുന്നതിന് മാത്രമേ സഹായിക്കൂവെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി

തടാകത്തില്‍ ബോട്ടിങ്ങും ചുറ്റും നടപ്പാതയും മറ്റും നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശമാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. റംസാര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ശാസ്താംകോട്ട ശുദ്ധജല തടാകം തന്നെ ഇല്ലാതാകുന്നതാണ് പുതിയ നിര്‍ദ്ദേശമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിനോദസഞ്ചാരത്തിന് തടാകവും പരിസരവും തുറന്നിടുന്നത് മലിനീകരണവും കൈയേറ്റവും കൂട്ടുന്നതിന് മാത്രമേ സഹായിക്കൂവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വിനോദസഞ്ചാരമേഖലയായി തടാകവും പരിസരവും മാറിയാല്‍ റിയല്‍ എസ്റ്റേറ്റുകാരുടെ കടന്നുകയറ്റത്തിന് വഴിവയ്ക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ ഭയക്കുന്നു. ഹോട്ടലുകളില്‍നിന്നും മറ്റുമുള്ള മാലിന്യം തടാകത്തിലേക്കായിരിക്കും പ്രവഹിക്കുക. ശുദ്ധജലകേന്ദ്രത്തിലേക്ക് തടസ്സമില്ലാത്ത ജനപ്രവാഹം തടാകത്തിലെ മലിനീകരണത്തിന്റെ ആക്കം കൂട്ടുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. സമീപമുള്ള കിണറുകളിലെ ഉറവകള്‍ താഴോട്ട് തടാകത്തിലേക്കാണെന്ന് സെസിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുന്നിന്റെ ചെരിവില്‍ ഹോട്ടലുകളും താമസസ്ഥലങ്ങളും നിര്‍മ്മിച്ചാല്‍, ഇവിടുത്തെ മാലിന്യം തടാകത്തിലേക്കായിരിക്കും ഒഴുകിയെത്തുക. ജനവാസം കൂടുന്നതിനനുസരിച്ച് കൃഷിയും കൂടും. കൃഷിക്കായി പ്രയോഗിക്കുന്ന രാസവളങ്ങളും ജൈവവളങ്ങളും ഒഴുകിയെത്തുന്നത് തടാകത്തിലേക്കാണ്. രാസവളങ്ങളില്‍ അടങ്ങിയിട്ടുള്ള നൈട്രജന്‍ പായലിന്റെ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇതിനു പുറമേ, തടാകത്തില്‍ മത്സ്യക്കൃഷിയുടെ ഭാഗമായി ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ച നടപടി തടാകത്തിലെ മത്സ്യസമ്പത്തിനെ നശിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. മറ്റ് മത്സ്യങ്ങളെ തിന്നുന്ന 'പ്രിഡേറ്റര്‍ ഫിഷ്' ഇനത്തില്‍പ്പെട്ടതാണ് ആറ്റുകൊഞ്ച്. വംശനാശഭീഷണി നേരിടുന്നുവെന്ന് സി. ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ പഠനത്തില്‍ കണ്ടെത്തി ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസിന് സംരക്ഷണത്തിന് ശുപാര്‍ശ ചെയ്ത വെള്ളക്കൊഞ്ച്, ഏട്ട തുടങ്ങിയ മത്സ്യങ്ങളുടെ വംശനാശമായിരിക്കും ഫലമെന്ന് പരിസ്ഥിതിസ്നേഹികള്‍ പറയുന്നു.
അതേസമയം കൈയേറ്റവും കായലിന്റെ മലിനീകരണവും സുരക്ഷതിത്വവും കണക്കിലെടുത്താണ് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന സാധ്യതകള്‍ പരിശോധിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.സോമപ്രസാദ് പറഞ്ഞു. മോട്ടോര്‍ ബൈക്കിന് പോലും പോകാന്‍ കഴിയാത്ത തരത്തില്‍ മൂന്നടിവീതിയിലുള്ള നടപ്പാതയാണ് നിര്‍മ്മിക്കുന്നത്. കായല്‍ത്തീരത്തിരുന്ന് മദ്യപിക്കുന്നതും കുപ്പി തടാകത്തിലേക്ക് വലിച്ചെറിയുന്നതും ഇപ്പോഴുണ്ടാക്കുന്ന മലിനീകരണം പരിസ്ഥിതിക്കാര്‍ കാണുന്നില്ലേയെന്ന് സോമപ്രസാദ് ചോദിക്കുന്നു. അതിരുകെട്ടി കൈയേറ്റം തടയുന്നതിനുള്ള നടപടികളെങ്ങനെ പരിസ്ഥിതിവിരുദ്ധമാകുമെന്ന് അദ്ദേഹം ചോദിച്ചു. പ്രകൃതിഭംഗി ആസ്വദിക്കാന്‍ കുടുംബങ്ങള്‍ എത്തുമ്പോള്‍ പരിസരം വൃത്തിയാക്കി വയ്ക്കാന്‍ നടപടികള്‍ ആവശ്യമാണ്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധമാണ് അവ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. സ്വഭാവികമായും ഈ സാഹചര്യത്തില്‍ തടാകത്തിന് ചുറ്റും കാവല്‍ക്കാരെ നിയമിക്കേണ്ടിവരും. കാവല്‍ക്കാരുള്ളത് കൈയേറ്റത്തെ തടയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ ഹോട്ടലുകളില്‍നിന്നോ മറ്റോ ഉണ്ടായേക്കാവുന്ന മലിനീകരണം തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തടാകതീരത്ത് ബണ്ടുകെട്ടി സമീപത്ത് മണ്ണൊലിപ്പ് തടയുന്നതിന് സഹായകമായ തരത്തില്‍ മുളയും മറ്റ് വൃക്ഷങ്ങളും നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഹാച്ചറിയില്‍ നിന്നുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണ് തടാകത്തില്‍ നിക്ഷേപിച്ചത്. ഇതുസംബന്ധിച്ച് ഉയര്‍ന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിന് തയ്യാറാണെന്നും സോമപ്രസാദ് പറഞ്ഞു.
*ു തടൗകന ്രനഹൃഹ്നൗതൃരൃഹ്നണീമ്കൃയ്ത
വെട്ടുകല്ല് ഖനനം നിയന്ത്രിക്കണം
ചെളി നീക്കം ചെയ്യണം
തടാകവും തീരവും അളന്ന് തിട്ടപ്പെടുത്തണം
ഭൂവിനിയോഗം നിയമവിധേയമാക്കണം
സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണം
കൊല്ലം: ശാസ്താംകോട്ട തടാകത്തിന് സമീപത്ത് വ്യാപകമായി കുന്നുകള്‍ ഇടിച്ചു നിരത്തുന്നത് നിരോധിക്കണമെന്ന് പരിസ്ഥിതി സംബന്ധിച്ച നിയമസഭാസമിതി ശുപാര്‍ശ ചെയ്തു. കൂടുതല്‍ പരിസ്ഥിതി ആഘാതമുണ്ടാകുന്നത് തടയുന്നതിനായി തടാകത്തിന് സമീപം നടക്കുന്ന വെട്ടുകല്ല് ഖനനം നിയന്ത്രണവിധേയമാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമീപ പഞ്ചായത്തുകളിലെ വീടുകളിലെയും പൊതുസ്ഥാപനങ്ങളിലെയും മാര്‍ക്കറ്റുകളിലെയും ഖരമാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് സര്‍ക്കാരിന്റെയും ക്ലീന്‍ കേരള മിഷന്റെയും സാമ്പത്തിക സാങ്കേതിക സഹായത്തോടെ സ്ഥാപിക്കുന്നത് ഈ തടാകത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം.
തടാകത്തിന് സമീപമുള്ള പമ്പ് ഹൗസില്‍നിന്ന് മലിനജലം തടാകത്തിലേക്ക് തന്നെ തുറന്നു വിടുന്നതായി സമിതിക്ക് ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വീണ്ടും പമ്പ് ഹൗസില്‍ എത്തിച്ച് ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. തടാകത്തിലെ ചില ഭാഗങ്ങളില്‍ 'നത്തക്ക' എന്ന ചെറുജീവി കൂട്ടമായി ചത്തുപൊങ്ങി പരിസ്ഥിതി പ്രശ്‌നം സൃഷ്ടിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയ സമിതി ഇത്തരത്തില്‍ ചെറുജീവികള്‍ ചത്തുപൊങ്ങുന്നത്തടാകത്തിലുണ്ടാകുന്ന രാസവ്യതിയാനത്തിന്റെ ഫലമാണോ എന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചു.
തടാകത്തിലെ തനത് സന്തുലിതാവസ്ഥയ്ക്ക് വിഘാതമുണ്ടാകാത്ത തരത്തില്‍ ചെളി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. തടാകത്തിലെ ചില ഭാഗങ്ങളില്‍ ചെളിയടിയുന്നത് സംബന്ധിച്ച് സമിതിക്ക് പരാതി ലഭിച്ചിരുന്നു. ചെളി നീക്കം ചെയ്യുന്നതിനെക്കുറിച്ച് വിദഗ്ദ്ധ രില്‍നിന്ന് അഭിപ്രായം ആരായണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തടാകത്തില്‍ ഡിറ്റര്‍ജന്റുകളും സോപ്പും ഉപയോഗിക്കുന്നതിലൂടെ പ്രതിദിനം 30.35 കിലോഗ്രാമോളം വരുന്ന മാലിന്യംകലരുന്നുണ്ട്.
ഇത് നിയന്ത്രിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് വസ്ത്രം അലക്കുന്നതിനും കുളിക്കുന്നതിനും മറ്റുമുള്ള പ്രത്യേക സംവിധാനങ്ങളും കംഫര്‍ട്ട് സ്‌റ്റേഷനുകളും നിര്‍മ്മിക്കണം.
അവിടെനിന്നുള്ള മലിനജലം തടാകത്തിലെത്താതെ നിയന്ത്രിക്കുകയും ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവര്‍ അടങ്ങുന്ന സ്റ്റാറ്റിയൂട്ടറി സമിതി രൂപവത്കരിച്ച് തടാക സംരക്ഷണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഏജന്‍സിയാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. തൊട്ടടുത്തുള്ള താഴ്ന്ന പ്രദേശമായ പടിഞ്ഞാറെ കല്ലടയിലെ ചെളിയൂറ്റും മണല്‍ ഖനനവും തടാകത്തിന്റെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുന്നു.
ഇവിടുത്തെ വിശാലമായ നെല്‍പ്പാടങ്ങള്‍ മണല്‍ഖനനം മൂലം 25 മീറ്ററലധികം താഴ്ച്ചയുള്ള വെള്ളക്കെട്ടുകളായി മാറിയിട്ടുണ്ട്. അതിനാല്‍, പടിഞ്ഞാറെകല്ലടയില്‍ മണല്‍ ഖനനം പൂര്‍ണ്ണമായി നിരോധിക്കണമെന്നും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂവിനിയോഗം പൂര്‍ണ്ണമായും നിയമവിധേയമാക്കണമെന്നും ഇതു പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
തടാകവും തീരപ്രദേശങ്ങളും അളന്നു തിട്ടപ്പെടുത്തി അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയും തടാകത്തിന്റെ നഷ്ടപ്പെട്ട വിസ്തൃതി വീണ്ടെടുക്കുകയും ചെയ്യണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
