
ജീവന്‍ നല്‍കിയ ബിജിനോട് ഇവര്‍ക്ക് ജീവനെക്കാള്‍ പ്രിയം
Posted on: 11 Nov 2007

അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെ നാല്പതടിയോളം ആഴമുള്ള കയത്തില്‍ മൂന്നുതവണ മുങ്ങി ഉയര്‍ന്നു. പ്രതീക്ഷ നശിച്ച നിമിഷങ്ങള്‍... ഒരിക്കല്‍ക്കൂടി മുങ്ങിനോക്കി. മരണക്കയത്തിലേക്കു പോയ രണ്ട് ജീവനുകള്‍ സ്വന്തം കൈകളില്‍ ഭദ്രമാക്കി ഉയര്‍ന്നു. സ്വജീവന്‍ മറന്ന് അന്ന് കാട്ടിയ മനോധൈര്യം ബിജിന്‍ ബാബു(17) എന്ന പ്ലസ്‌വണ്‍കാരനെ സംസ്ഥാന ശിശുക്ഷേമസമിതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനാക്കി. ദേശീയ ധീരത അവാര്‍ഡിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. രക്ഷപ്പെട്ട രണ്ടാള്‍ക്കും ബിജിനോട് ഇപ്പോള്‍ ജീവനെക്കാള്‍ പ്രിയമാണ്. കാണുമ്പോള്‍ സന്തോഷാശ്രുക്കളാണ് സ്വാഗതമോതുന്നത്.
അന്നത്തെ സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് ഇന്നും മുക്തരാകാത്ത പവിത്രേശ്വരം കെ.എന്‍.എന്‍.എം.വി.എച്ച്.എസ്.എസ്സിലെ 10-ാം ക്ലാസ് വിദ്യാര്‍ഥികളായ നിധിന്‍(15), ആകാശ്(15) എന്നിവര്‍ ബിജിന്റെ മുന്നില്‍ മനസ്സുകൊണ്ട് നമിക്കുകയാണ്. ഓരോ സമാഗമവും ഇരുവരുടെയും കണ്ണുകള്‍ ഈറനണിയിക്കുന്നു. മരണത്തിന്റെ കരങ്ങളില്‍നിന്ന് ജീവന്‍ പിടിച്ചുവാങ്ങിത്തന്നതിന്.
2007 മെയ് 11നാണ് ബിജിന്‍ ഉള്‍പ്പെട്ട 22 അംഗ സ്‌കൗട്ട് സംഘം രണ്ടുദിവസത്തെ പരിസ്ഥിതിപഠന ക്യാമ്പിനായി അച്ചന്‍കോവില്‍ വനമേഖലയിലേക്കു പോയത്. രണ്ടാംദിവസമാണ് കുംഭാവുരുട്ടിയിലെത്തിയത്. അപകടം പതിയിരിക്കുന്നുവെന്ന സൂചകവും സെക്യൂരിറ്റി ജീവനക്കാരുടെ ഉപദേശങ്ങളും കടന്നാണ് കുട്ടികള്‍ വെള്ളത്തിലിറങ്ങിയത്. നിധിനും ആകാശും അടങ്ങിയ ഒമ്പതംഗസംഘത്തിന്റെ തലവനായിരുന്നു ബിജിന്‍.
കുളിക്കിടയിലും ആഴത്തിലേക്ക് പോകാതിരിക്കാന്‍ കൂടെയുള്ള അധ്യാപകര്‍ നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു ; ചിലര്‍ക്ക് ശകാരവും. ഇതിനിടെയാണ് രണ്ടുപേരും വെള്ളത്തിലേക്ക് താഴ്ന്നതെന്ന് ബിജിന്‍ ഓര്‍ക്കുന്നു. കയത്തില്‍നിന്ന് ആദ്യം ആകാശിനെയും പിന്നെ നിധിനെയും കരയ്‌ക്കെത്തിച്ചു. തിരുനെല്‍വേലിയിലെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇരുവരെയും ദിവസങ്ങള്‍ക്കുശേഷമാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായത്.
ഓടനാവട്ടം പരുത്തിയറ കടമ്പാട്ടുവിളയില്‍ ബാബുവിന്റെയും ആനിയുടെയും മകനാണ് ബിജിന്‍. അച്ഛന്റെ കുടുംബവീടിന് സമീപമുള്ള ആറ്റില്‍ കുട്ടിക്കാലംമുതല്‍ കുളിക്കാനിറങ്ങി നീന്തല്‍ വശമാക്കിയിരുന്നു. ആ അനുഭവസമ്പത്ത് രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിച്ചല്ലോ എന്ന സന്തോഷമാണ് ബിജിന്. കൊട്ടറ ശങ്കരമംഗലം എച്ച്.എസ്.എസ്സിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണിപ്പോള്‍. ഇടവട്ടം സ്വാതിയില്‍ ശിവദാസന്റെയും ലിജിയുടെയും മകനാണ് ആകാശ്. നിധിന്‍ പുത്തൂര്‍ കാരിക്കല്‍ നീതുഭവനില്‍ തങ്കച്ചന്റെയും ആനിയുടെയും മകനാണ്.
