goodnews head

പ്രതീക്ഷയേറുന്നു; ലിനറ്റിന് ഇനി കമ്പ്യൂട്ടറും കൂട്ട്‌

Posted on: 24 Aug 2008


മാനന്തവാടി: സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താമെന്ന പ്രതീക്ഷ വളരുന്നതിനിടെ ലിനറ്റിന് കൂട്ടായി കമ്പ്യൂട്ടറും സ്വന്തമായി. പതിനൊന്നു പേരുടെ ജീവന്‍ കവര്‍ന്ന പനമരം ബസ്സപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട പള്ളിക്കുന്ന് വെള്ളച്ചിമൂല ലിനറ്റ് മേരി ജീവതത്തിലേക്ക് തിരികെയെത്തുകയാണ്.

പ്രതിശ്രുതവരന്‍ ജോണ്‍സന്റെ പരിചരണത്തില്‍ തലപ്പുഴ ചുങ്കത്ത് വാടകവീട്ടില്‍ കഴിയുന്ന ലിനറ്റിന് മാനന്തവാടി രൂപതാ പി.ആര്‍.ഒ. ഫാ. തോമസ് ജോസഫ് തേരകമാണ് കമ്പ്യൂട്ടര്‍ സമ്മാനിച്ചത്. കമ്പ്യൂട്ടര്‍ സ്വന്തമാക്കണമെന്ന ലിനറ്റിന്റെ സ്വകാര്യമോഹം നേരത്തേ 'മാതൃഭൂമി' റിപ്പോര്‍ട്ടു ചെയ്തിരുന്നു. വാര്‍ത്ത വായിച്ച ഫാ. തോമസ് ജോസഫ് സുഹൃത്തുക്കളില്‍നിന്ന് സംഭാവന സ്വീകരിച്ചാണ് ലിനറ്റിന്റെ ആഗ്രഹം സാക്ഷാത്കരിച്ചത്. പ്രിന്റര്‍ ഉള്‍പ്പെടെ കമ്പ്യൂട്ടറിന് 30,000 രൂപയായി.

ദ്വാരക ലിറ്റില്‍ഫ്‌ളവര്‍ ഐ.ടി.സി. വിദ്യാര്‍ഥിനിയായിരുന്ന ലിനറ്റ് നേരത്തേത്തന്നെ കമ്പ്യൂട്ടര്‍ പരിശീലനം നേടിയിരുന്നു. ജോണ്‍സണും ലിനറ്റും തമ്മിലുള്ള വിവാഹം നിശ്ചയിച്ചതിനുശേഷമായിരുന്നു അപകടം. നാലുവര്‍ഷമായി പരസഹായമില്ലാതെ അനങ്ങാന്‍ കഴിയാത്ത ലിനറ്റിനെ വയനാട് എന്‍ജിനീയറിങ് കോളേജ് ജീവനക്കാരനായ ജോണ്‍സണാണ് പരിചരിക്കുന്നത്.

ലിനറ്റിനെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ഈ യുവാവ്. അതിനിടയില്‍ ഉണ്ടാകുന്ന കൊച്ചുകൊച്ചു സന്തോഷങ്ങള്‍ ഇവരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

ചുങ്കത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കമ്പ്യൂട്ടര്‍ നല്‍കാന്‍ ഫാ. തോമസ് ജോസഫ് തേരകത്തിനൊപ്പം സഹായം വാഗ്ദാനം ചെയ്ത തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബഷീറും ഉണ്ടായിരുന്നു.

 

 




MathrubhumiMatrimonial