പുകയിലക്കച്ചവടക്കാര്‍ നിര്‍മ്മിച്ച പണ്ടകശാല ക്ഷേത്രം

Posted on: 12 Aug 2008


ഒരിക്കല്‍ സിലോണില്‍നിന്ന് ഒരുസംഘം വ്യാപാരികള്‍ പുകയിലയുമായി കപ്പലില്‍ കേരളത്തിലേക്ക് വരികയായിരുന്നു. കൊല്ലമായിരുന്നു ലക്ഷ്യം. എന്നാല്‍ കപ്പലിന് കൊല്ലത്ത് എത്താനായില്ല. കടലില്‍ അലഞ്ഞ് ഒടുവില്‍ സിലോണില്‍ത്തന്നെ തിരിച്ചെത്തി. അവിടെയെത്തി പ്രശ്‌നവിചാരം നടത്തിയപ്പോഴാണ് കൊല്ലത്ത് ഒരു ദേവാലയം പണിയണമെന്നു കണ്ടത്


കൊല്ലം: ഇന്നത്തെ ശ്രീലങ്കയായ പഴയ സിലോണിന്റെ വാസ്തുരീതിയിലും ശില്പസംവിധാനത്തിലും രൂപകല്പന ചെയ്തിരിക്കുന്ന, ശതാബ്ദങ്ങള്‍ പഴക്കംവരുന്ന ക്ഷേത്രം. വടക്കോട്ട് ദര്‍ശനം നല്‍കി വാണരുളുന്ന ഗണപതിയും കിഴക്കോട്ട് ദര്‍ശനം നല്‍കുന്ന പരമേശ്വരനും മുഖ്യദേവന്മാര്‍.

ചരിത്രവും ഐതിഹ്യവും കെട്ടുപിണയുന്ന ഈ അപൂര്‍വക്ഷേത്രം സ്ഥിതിചെയ്യുന്നത് കൊല്ലം നഗരത്തിലാണ്-കല്ലുപാലത്തിനു സമീപം ചാമക്കടയിലെ പണ്ടകശാലകള്‍ക്കു മുന്നില്‍.

സിലോണില്‍നിന്ന് എത്തിയ പുകയിലക്കച്ചവടക്കാരാണത്രെ പുകയില പണ്ടകശാലയില്‍ ക്ഷേത്രം നിര്‍മ്മിച്ചത്. അതേപ്പറ്റിയുള്ള ഐതിഹ്യം ഇങ്ങനെ:

ഒരിക്കല്‍ സിലോണില്‍നിന്ന് ഒരുസംഘം വ്യാപാരികള്‍ പുകയിലയുമായി കപ്പലില്‍ കേരളത്തിലേക്ക് വരികയായിരുന്നു. കൊല്ലമായിരുന്നു ലക്ഷ്യം. എന്നാല്‍ കപ്പലിന് കൊല്ലത്ത് എത്താനായില്ല. കടലില്‍ അലഞ്ഞ് ഒടുവില്‍ സിലോണില്‍ത്തന്നെ തിരിച്ചെത്തി. അവിടെയെത്തി പ്രശ്‌നവിചാരം നടത്തിയപ്പോഴാണ് കൊല്ലത്ത് ഒരു ദേവാലയം പണിയണമെന്നു കണ്ടത്. ഉടന്‍ അവര്‍ കൊല്ലത്തെത്തി ക്ഷേത്രം പണിതു-അങ്ങനെ കരിങ്കല്ലില്‍ ചിത്രപ്പണികളോടുകൂടിയ പുകയില പണ്ടകശാല ചിന്താദുരൈ ഗണപതിക്ഷേത്രം പിറവിയെടുത്തു.

സിംഹളമുദ്രകളും അടയാളങ്ങളും ഗോപുരത്തില്‍ ഇപ്പോഴും കാണാം. പഞ്ചമുഖത്തട്ടിലാണ് ക്ഷേത്രത്തിന്റെ ഘടന.

കരിങ്കല്ലില്‍ തീര്‍ത്ത ചതുര്‍ഭുജ വിഘ്‌നേശ്വരനാണ് ഇവിടെ കുടികൊള്ളുന്നത്. ചിന്താദുരൈ വിനായകന്‍ എന്നും കുഴിപ്പിള്ളയാര്‍ എന്നും വിശേഷിപ്പിച്ചുവരുന്നു. ശ്രീകോവിലില്‍ത്തന്നെ പരമേശ്വരനുമുണ്ട്. ബാലഗണപതിയുടെ കുസൃതികള്‍ നിയന്ത്രിക്കാന്‍ അച്ഛന്‍തന്നെ ഇവിടെ സ്വയംഭൂവായി വന്നുവെന്നാണ് ഇതിനുള്ള ഐതിഹ്യങ്ങളില്‍ ഒന്ന്.

പ്രാരംഭകാലത്ത് ഗോവിന്ദസങ്കല്പത്തിലുള്ള മഹാവിഷ്ണുക്ഷേത്രമായിരുന്നു ഇതെന്നും പറയപ്പെടുന്നു. ഗോവിന്ദസങ്കല്പം ഉണ്ടായിരുന്നുവെന്ന് അറിയിക്കാനായി തുളസിമാടത്തില്‍ ഇന്നും വിളക്ക് കൊളുത്താറുണ്ട്. കൊല്ലം തോടിനു സമീപം സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തില്‍, രാജഭരണകാലത്ത് മാര്‍ത്താണ്ഡവര്‍മ ജലമാര്‍ഗം വന്നിരുന്നതായി പറയപ്പെടുന്നു.

കാലാന്തരത്തില്‍ ക്ഷേത്രത്തിന് ജീര്‍ണത സംഭവിച്ചു. ഇതുമൂലം ദേശക്കാര്‍ക്ക് വിഘ്‌നങ്ങളും ദുരിതങ്ങളും വന്നുഭവിച്ചത്രെ.

ഇത്രയും പുരാതനവും ചരിത്രപശ്ചാത്തലം ഉള്ളതുമായ ക്ഷേത്രം നാശോന്മുഖമാകുന്നതു കണ്ട ഒരുസംഘം ഭക്തരാണ് ഒടുവില്‍ പുനരുദ്ധരിച്ചത്. 'കേരളശബ്ദം' മാനേജിങ് ഡയറക്ടര്‍ ഡോ. ബി.എ.രാജാകൃഷ്ണനാണിതിന് മുന്‍കൈയെടുത്ത്. അദ്ദേഹം രക്ഷാധികാരിയും അഡ്വ. വരിഞ്ഞം എന്‍.രാമചന്ദ്രന്‍ നായര്‍ പ്രസിഡന്റും എന്‍.ബാലചന്ദ്രന്‍ നായര്‍ സെക്രട്ടറിയുമായി ഉപദേശകസമിതി രൂപവത്കരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. മുഖമണ്ഡപം വൃത്തിയാക്കി, രാജഗോപുരവും തിടപ്പള്ളിയും നിര്‍മ്മിച്ച് പുനഃപ്രതിഷ്ഠ നടത്തി. ഏറെ ഭക്തജനങ്ങള്‍ ഇന്ന് ക്ഷേത്രത്തില്‍ എത്തുന്നു.

ടി.രഞ്ജുലാല്‍



MathrubhumiMatrimonial