goodnews head

ഒറ്റപ്പെട്ട കുരുന്നുകള്‍ സേവാഭാരതിയുടെ തണലില്‍

Posted on: 06 Nov 2007


അമ്പലവയല്‍: ഒറ്റപ്പെട്ടുപോയ ആദിവാസിക്കുരുന്നുകള്‍ക്ക് ഇനി സേവാഭാരതിയുടെ സംരക്ഷണം. 'ആരോരുമില്ലാതെ നാലു കുരുന്നുകള്‍ കോളനിയിലെ കൂരയില്‍' എന്ന തിങ്കളാഴ്ചത്തെ 'മാതൃഭൂമി' വാര്‍ത്തയ്ക്കു വന്‍പ്രതികരണമാണ് കേരളം നല്‍കിയത്. കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഒട്ടേറെ ഫോണ്‍ കോളുകള്‍ സംസ്ഥാനത്തെ വിവിധ 'മാതൃഭൂമി' ഓഫീസുകളിലെത്തി.

തോമാട്ടുചാലിനടുത്ത വാളശ്ശേരി ആദിവാസി കോളനിയിലെ തോലന്റെയും കല്യാണിയുടെയും മക്കളായ ബിജു (7), തങ്ക (5), അനിത (3), സന്തോഷ് (ഒന്നര) എന്നിവരാണ് ഒറ്റപ്പെട്ട നിലയില്‍ കഴിഞ്ഞത്. തോലന്‍ ഒരു മാസം മുമ്പ് മരിച്ചു. കല്യാണി രണ്ടാഴ്ച മുമ്പ് മറ്റൊരാളോടൊപ്പം പോയി. ഇതോടെയാണ് ആദിവാസികളില്‍ ഏറ്റവും പിന്നാക്കമായ പണിയവിഭാഗത്തിലെ പിഞ്ചുകുഞ്ഞുങ്ങള്‍ ഒറ്റപ്പെട്ടത്.


തിങ്കളാഴ്ച രാവിലെ 'മാതൃഭൂമി'യുമായി ബന്ധപ്പെട്ട സേവാഭാരതി വയനാട് ജില്ലാ സെക്രട്ടറി സി.കെ. ബാലകൃഷ്‌നന്‍, പ്രവര്‍ത്തകരായ വട്ടുവന മോഹനന്‍, ജി.ബാലകൃഷ്‌നന്‍, പുഷ്പരാജ് എന്നിവര്‍ കോളനിയിലെത്തി. അപ്പോഴേക്കും കുട്ടികളുടെ അമ്മ കല്യാണിയും അവിടെയെത്തിയിരുന്നു. മക്കളെ ഉപേക്ഷിച്ചുപോയ ശേഷം ആദ്യമായാണ് ഇവര്‍ കോളനിയിലെത്തിയത്. കുട്ടികളെ രേഖാമൂലം അവര്‍ സന്നദ്ധപ്രവര്‍ത്തകരെ ഏല്പിച്ചു. കല്യാണിയുടെ മറ്റൊരു മകള്‍ ശ്രീലത (8) അത്തോളിയിലെ ഒരു വീട്ടില്‍ പണിക്ക് നില്‍ക്കുന്നുണ്ട്. ഈ കുട്ടിയെ കണ്ടെത്തി സംരക്ഷിക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു.


ദത്തെടുക്കാനെത്തിയവര്‍ കൊണ്ടുവന്ന പുത്തനുടുപ്പുകളണിഞ്ഞാണ് നാലു കുരുന്നുകളും കോളനിയിലെ കൂട്ടുകാരോട് യാത്രപറഞ്ഞിറങ്ങിയത്. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ഒറ്റപ്പാലം മായന്നൂരിലെ 'തണലി'ലേക്ക് കൊണ്ടുപോകുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു.

മണ്ണുത്തിയിലെ എസ്.ഒ.എസ്. ഗ്രാമം, ചുള്ളിയോട്ടെ നിവേദിത ബാലികാസദനം തുടങ്ങി ഒട്ടേറെ സംഘടനകളും കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി.



 

 




MathrubhumiMatrimonial