
അമ്മയില്ലാത്ത നായ്ക്കുഞ്ഞുങ്ങള്‍ക്ക് പരമേശ്വരന്‍ എമ്പ്രാന്തിരി കൂട്ട്
Posted on: 07 Mar 2011

കുഞ്ഞികൃഷ്ണന്‍, കുഞ്ഞിക്കേളു, ദുശ്ശള എന്നീ നായ്ക്കുഞ്ഞുങ്ങള്‍. പുതിയില്ലത്ത് തന്റെ ചെറുപ്പകാലം തൊട്ട് വീട്ടുകാവലാളായി നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ഇരിയ പൂണൂരിലെ സുബ്രഹ്മണ്യഭട്ടിന്റെ വീട്ടില്‍നിന്ന് കൊണ്ടുവന്ന് വളര്‍ത്തിയ 'കിങ്ങിണി' എന്ന പെണ്‍പട്ടിയുടെ കുഞ്ഞുങ്ങളാണ് ഇത്. കുഞ്ഞുങ്ങള്‍ക്ക് രണ്ടാഴ്ചമാത്രം പ്രായമുള്ളപ്പോഴാണ് കിങ്ങിണി വണ്ടിതട്ടി ചത്തത്.
മുലകുടിമാറാത്ത കുഞ്ഞുങ്ങളെ കളയാന്‍ മനസ്സുവന്നില്ല. പാല് വായിലൊഴിച്ചുകൊടുത്തും ചെള്ള് നീക്കിയും വളര്‍ത്തിയെടുത്തു. ഓരോ പട്ടിക്കുഞ്ഞിനും പ്രത്യേകം കൂടും ചങ്ങലയുമുണ്ട്. കുളിപ്പിക്കാന്‍ പ്രത്യേക തോര്‍ത്തും സോപ്പുമുണ്ട്. കൂട്ടത്തില്‍ നാണം കുണുങ്ങിയെ കുഞ്ഞീഷ്ണനെന്നും ശൂരതയുള്ളവനെ കുഞ്ഞമ്പുവെന്നും കുഞ്ഞിക്കേളുവെന്നും പേരിട്ടു.
ആണുങ്ങള്‍ക്കിടയിലെ ഒരു പെണ്ണിന് ദുശ്ശളയെന്നും പേരിട്ടു. പേരുവിളിക്കുമ്പോള്‍ പട്ടിക്കുഞ്ഞുങ്ങള്‍ എമ്പ്രാന്തിരിയെ പൊതിയും. അന്നം കൊടുക്കുന്നവരെ ചതിക്കാത്തവര്‍ഗ്ഗമാണ് നാടന്‍നായ്ക്കളെന്നാണ് എമ്പ്രാന്തിരിയുടെ പക്ഷം. ഒരുനേരമെങ്കിലും അന്നം കൊടുത്തവരോട് അവ സ്‌നേഹംകാട്ടും -എമ്പ്രാന്തിരി പറയുന്നു. അതുകൊണ്ടാണ് നാടന്‍ നായ്ക്കളെ വളര്‍ത്തുന്നതില്‍ താല്പര്യമെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു. പോറ്റുന്ന നായ്ക്കളെ ഏറ്റെടുക്കാന്‍ ആരും വന്നില്ലെങ്കിലും വളര്‍ത്തി വലുതാക്കാനുള്ള ഉറച്ചതീരുമാനത്തിലാണ് പുതിയില്ലത്തെ പരമേശ്വരന്‍ എമ്പ്രാന്തിരി.
