goodnews head

ഷബ്‌ന തളരുന്നില്ല; തളര്‍ന്നവര്‍ക്ക് തണലാവുകയാണ്...

Posted on: 21 Feb 2011

വിമല്‍ കോട്ടയ്ക്കല്‍





കോട്ടയ്ക്കല്‍: ഒന്നരവയസ്സില്‍ പനിവന്ന് കാലുകള്‍ തളര്‍ന്നപെണ്‍കുട്ടി. പിന്നീടവള്‍ വീല്‍ചെയറില്‍നിന്ന് എഴുന്നേറ്റിട്ടില്ല. പക്ഷേ, ആ മനസ്സ് വീല്‍ചെയറിലിരിക്കാന്‍ കൂട്ടാക്കിയില്ല; അത് പറന്നു, കൈയ്യെത്താത്തിടത്ത്, കണ്ണെത്താത്തിടത്ത്... ആ മനസ്സ് ശലഭത്തെപ്പോലെ പറന്നെത്തി. ഇന്ന് അവളെപ്പോലെയുള്ള അനേകം രോഗികള്‍ക്ക് അത്താണിയും പ്രതീക്ഷയുമാണ് ആ 25 കാരി.

മലപ്പുറം കൊണ്ടോട്ടി പൊന്നാട്ടെ സബിന മന്‍സിലില്‍ ഷബ്‌നയുടെ ജീവിതം 'ഫിനിക്‌സ് പക്ഷിയുടെ കഥയ്ക്ക് സമാനമാണ്. നിരാശയുടെ ചാരത്തില്‍നിന്ന് പിടഞ്ഞെണീറ്റ് ആത്മവിശ്വാസത്തിന്റെ സ്വന്തമായൊരു ലോകംതന്നെ അവള്‍ പണിതു. പത്താം ക്ലാസുവരെ ഉമ്മ ലൈലയാണ് അവളെ എടുത്ത് സ്‌കൂളില്‍ കൊണ്ടുപോയത്.

പിന്നെ െ്രെപവറ്റായി പ്ലസ്ടുവും ബി.എ. മലയാളവും പാസായി. കമ്പ്യൂട്ടര്‍ ഡിപ്ലോമയെടുത്തു. സാരി ഡിസൈനിങിലും ഗ്ലാസ് പെയിന്റിങ്ങിലും വൈദഗ്ധ്യം നേടി.

പിന്നീട് അക്ഷരലോകം അവള്‍ക്ക് കൂട്ടായി. മനസ്സില്‍ ചിറകിട്ടടിച്ച ആശയങ്ങള്‍ കഥകളായി കൂടുതുറന്ന് പറന്നു. ഒരു കഥാസമാഹാരം ഷബ്‌ന പുറത്തിറക്കി. 'എന്നേക്കുമുള്ള ഒരോര്‍മ്മ'. കാലുകള്‍ തളര്‍ന്നപെണ്‍കുട്ടിയുടെ നൈരാശ്യമോ കണ്ണീരോ ഒന്നുമല്ല അതില്‍ പ്രതിഫലിച്ചത്. പുസ്തകം സമര്‍പ്പിക്കുമ്പോള്‍ അവള്‍ ഇങ്ങനെ കുറിച്ചു; 'വിധിയെ പഴിച്ച് ഒതുങ്ങിക്കൂടാതെ മനക്കരുത്തുകൊണ്ട് മുന്നേറുന്നവര്‍ക്ക്.' ഈ പുസ്തകത്തിന്റെ പേരില്‍ ഒരു ബ്ലോഗും ഷബ്‌ന തുടങ്ങിയിട്ടുണ്ട്. അടുത്ത കഥാസമാഹാരത്തിന്റെ പണിപ്പുരയിലാണവള്‍.

കഥയുടെ ലോകത്തുമാത്രം ഒതുങ്ങിക്കൂടിയില്ല ഷബ്‌ന. തന്റെ ലോകം ഇനിയും വിശാലമാണെന്നവള്‍ മനസ്സിലാക്കി. അങ്ങനെയാണ് കഴിഞ്ഞവര്‍ഷം ഷബ്‌നാസ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങുന്നത്. ഷബ്‌നതന്നെ മാനേജിങ് ട്രസ്റ്റി. നാട്ടിലെ പ്രമുഖര്‍ പലരും അംഗങ്ങളായി. അവളെപ്പോലെ ചക്രക്കസേരയില്‍ അഭയം കണ്ടെത്തുന്നവര്‍ക്കും മാറാരോഗികള്‍ക്കും ദരിദ്രര്‍ക്കുമെല്ലാം ട്രസ്റ്റില്‍നിന്ന് സഹായം നല്‍കി. സൗദിയിലായിരുന്ന പിതാവ് കുഞ്ഞുട്ടി മടങ്ങിവന്നു. ഇപ്പോള്‍ കൊണ്ടോട്ടിയില്‍ ബിസിനസ്സ് നടത്തുന്ന അദ്ദേഹം വരുമാനത്തിന്റെ വലിയൊരുഭാഗം ഇതിനായി നീക്കിവെച്ചു. ഷബ്‌നയുടെ പുസ്തകത്തിന്റെ റോയല്‍റ്റി തുകയും ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി. നാട്ടുകാര്‍ കയ്യയച്ച് സഹായിച്ചു. ഓണത്തിനും പെരുന്നാളിനുമെല്ലാം പാവങ്ങള്‍ക്ക് അവള്‍ വീട്ടില്‍വെച്ച് അരിയും സാധനങ്ങളും വിതരണം ചെയ്തു. ദരിദ്രരായ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ നല്‍കി. ഞായറാഴ്ച കൊണ്ടോട്ടിയിലെ സ്‌കൂളില്‍ നടക്കുന്ന 'സാന്ത്വന കിരണം' എന്ന പരിപാടിയില്‍, വീല്‍ചെയറില്‍ കഴിയുന്ന അമ്പതിലധികം പേര്‍ക്ക് ട്രസ്റ്റിന്റെ സഹായം വിതരണം ചെയ്യും.

ഇപ്പോള്‍ ഷബ്‌നയുടെ പ്രധാനപണി കൗണ്‍സലിങ്ങാണ്. ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ഒരുപാടുപേര്‍ ദിവസവും ഷബ്‌നയുമായി ബന്ധപ്പെടും. കൂടുതലും നൈരാശ്യത്തിന്റെ നിലയില്ലാക്കയത്തില്‍ മുങ്ങി ജീവിക്കുന്നവര്‍. അവര്‍ക്കെല്ലാം ഷബ്‌ന ആത്മവിശ്വാസത്തിന്റെ ഔഷധം പകരും.

ഒരിക്കല്‍ കാസര്‍കോട്ടുനിന്ന് ഒരു ആണ്‍കുട്ടി വിളിച്ചു. അവന്റെയും കാലുകള്‍ തളര്‍ന്നതാണ്. 'എനിക്ക് മരിക്കണമെന്ന് തോന്നുന്നു' അവന്‍ പറഞ്ഞു. എങ്കില്‍ ഞാന്‍ എന്നേ മരിക്കണം? ഷബ്‌ന തിരിച്ച് ചോദിച്ചു. കുറച്ചുസമയം സംസാരിച്ചപ്പോഴേക്ക് അവന്റെ മനസ്സുമാറി. കോട്ടയത്തുനിന്ന് വിളിച്ച ചേച്ചിക്ക് കാന്‍സറായിരുന്നു. അതറിഞ്ഞതോടെ പിന്നെ അവര്‍ പുറത്തിറങ്ങാതായി. ആളുകളെ അഭിമുഖീകരിക്കാന്‍ മടി. ഒരിക്കല്‍ ഷബ്‌നയെ വിളിച്ചു. കുറേസമയം സംസാരിച്ചു. അടുത്തതവണ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു. 'ഞാനിപ്പോള്‍ എല്ലാ പരിപാടികള്‍ക്കും പോകുന്നുണ്ട്. എന്തിന് വെറുതെ ചടഞ്ഞിരിക്കണം?' അങ്ങനെ എത്രയോപേര്‍.

'രോഗികള്‍ക്ക് നിങ്ങളുടെ സഹതാപം വേണ്ട. സ്‌നേഹവും പരിഗണനയും മാത്രം മതി. അത് സമൂഹത്തില്‍നിന്ന് മാത്രമല്ല, കുടുംബത്തില്‍നിന്നും കിട്ടണം' ഷബ്‌ന പറയുന്നു. ''എന്റെ ഉമ്മയും ഉപ്പയും അതിന്റെ ഏറ്റവും നല്ല മാതൃകകളാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ എന്നെയും പുസ്തകസഞ്ചിയും ചുമന്ന് സ്‌കൂളിലേക്ക് പോകുമ്പോള്‍ എന്റെ ഉമ്മ പലതവണ വീണിട്ടുണ്ട്. ഇതുകണ്ട് പലരും ചോദിച്ചു. അതിനെ പഠിപ്പിച്ചിട്ടെന്താകാര്യം? വെറുതെ എന്തിന് കഷ്ടപ്പെടണം? പക്ഷേ, ഉമ്മ പിന്തിരിഞ്ഞില്ല. എട്ടാംക്ലാസ് വരെ മാത്രം പഠിച്ച ഉമ്മയ്ക്ക് വിദ്യാഭ്യാസത്തിന്റെ വിലയറിയാമായിരുന്നു. ഈ ഉമ്മയും എന്റെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുവാന്‍ ഓടിനടക്കുന്ന ഉപ്പയുമാണെന്റെ ശക്തി' ഷബ്‌നയുടെ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു.

ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായ ഈ പെണ്‍കുട്ടിയുടെ പ്രിയ എഴുത്തുകാരന്‍ എം.ടി.യാണ്. അനിയത്തി മര്‍വാ റോഷിന്‍ അഞ്ചാംക്ലാസില്‍ പഠിക്കുന്നു.









 

 




MathrubhumiMatrimonial