goodnews head

തെരുവിന്റെ മക്കള്‍ക്ക് അന്നവുമായി അരുള്‍ സേവ്യര്‍

Posted on: 05 Nov 2007


ചെന്നൈ:മക്കളുടെ പിറന്നാള്‍ദിനങ്ങള്‍ അനാഥാലയത്തില്‍ ആഘോഷിക്കുക. മധുരപലഹാരങ്ങള്‍ നല്‍കുക അല്ലെങ്കില്‍ മനോവൈകല്യമുള്ളവരെ സംരക്ഷിക്കുന്ന മന്ദിരത്തിലെത്തി അന്തേവാസികള്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കുക. ഇവയൊക്കെ നഗരത്തിലെ ചുരുക്കം ചില സമ്പന്നകുടുംബങ്ങള്‍ ചെയ്തുപോരുന്ന ദാനകര്‍മങ്ങള്‍. ഇങ്ങനെ സാമൂഹിക ബാധ്യത നിറവേറ്റുന്ന ചില സന്നദ്ധസംഘടനകളുമുണ്ട്. എന്നാല്‍ നിശ്ചിതവരുമാനംകൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരന്‍ മാസത്തില്‍ രണ്ടുതവണയായി നഗരത്തിലെ ആയിരത്തോളം യാചകര്‍ക്ക് ഉച്ചഭക്ഷണം നല്‍കുക. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും ഒന്നുമില്ലാത്തവരുടെ വിശപ്പറിഞ്ഞ് അവരെത്തേടിയെത്തി ഭക്ഷണം നല്‍കി ആശ്വാസമേകുക. ആറുവര്‍ഷമായി സ്വന്തം വരുമാനമുപയോഗിച്ച് ഈ മഹത്കൃത്യം ഒരു തപസ്യയായി കൊണ്ടുപോവുകയാണ് മലയാളിയായ അരുള്‍സേവ്യര്‍.

ജാതിമത ഭേദമെന്യേ സഹജീവികളുടെ വിശപ്പറിഞ്ഞ് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതാണ് ഏറ്റവും വലിയ മനുഷ്യസേവനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒന്നുമില്ലാത്തവന് ഒരുനേരത്തെ ഭക്ഷണം നല്‍കിയാല്‍ മനഃസുഖവും പുണ്യവും ലഭിക്കുമെന്ന 'വളലാര്‍' എന്നറിയപ്പെടുന്ന രാമലിംഗസ്വാമിയുടെ ഉപദേശങ്ങളാണ് ഗുരുവായൂര്‍ സ്വദേശിയും പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ ടെക്‌നീഷ്യനുമായ അരുള്‍ സേവ്യറെ ഈ പുണ്യകര്‍മത്തിലേക്ക് നയിച്ചത്. അര്‍ഹിക്കുന്നവന് ഭക്ഷണം നല്‍കുകയെന്ന തത്ത്വത്തിലാണ് അരുള്‍സേവ്യര്‍ വിശ്വസിക്കുന്നത്. ജനനം ക്രിസ്ത്യന്‍ മതത്തിലാണെങ്കിലും അദ്ദേഹം മതവിശ്വാസിയല്ല. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നതിനുപകരം അന്നദാനം നല്‍കിയാണ് സേവ്യറിന്റെ പ്രാര്‍ഥന. സേവ്യറടങ്ങുന്ന നാലംഗകുടുംബമാണ് പാചകത്തിന് നേതൃത്വം. സത്കര്‍മത്തില്‍ ആകൃഷരായി ചില സുഹൃത്തുക്കളും പാചകത്തിനും ഭക്ഷണം പാക്ക് ചെയ്യാനുമായി അരുള്‍സേവ്യറിനെ സഹായിക്കാറുണ്ട്. അമ്പതുകിലോ അരി ഉപയോഗിച്ച് വെജിറ്റബിള്‍ ബിരിയാണി ഉണ്ടാക്കി പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്ന ഭക്ഷണം 500 പേരുടെ വിശപ്പ് മാറ്റാന്‍ കഴിയുന്നുണ്ട്.

അരുള്‍സേവ്യറിന്റെ ദാനകര്‍മത്തില്‍ ആകൃഷ്ടരായി ഉദാരമനസ്‌കരായ പലരും സഹായഹസ്തവുമായി എത്താറുണ്ട്. പലരും അരിയും പച്ചക്കറിയും സംഭാവന ചെയ്യാറുണ്ട്. നഗരത്തില്‍ ഭക്ഷണം വിതരണംചെയ്യാനായി രണ്ട് ഡോക്ടര്‍മാര്‍ വാഹനങ്ങള്‍ നല്‍കി അരുള്‍സേവ്യറെ സഹായിക്കുന്നു. ഭക്ഷണവിതരണത്തിനും അരുള്‍ സേവ്യറിനൊപ്പം നാലഞ്ചു ചെറുപ്പക്കാരുണ്ടാകും.അണ്ണാനഗറിനടുത്ത് ഐ.സി.എഫ്. സൗത്ത് കോളനിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് അരുള്‍സേവ്യര്‍ താമസിക്കുന്നത്. ക്വാര്‍ട്ടേഴ്‌സിനോടൊപ്പം ചേര്‍ന്ന് താത്കാലികമായി നിര്‍മിച്ച ഷെഡ്ഡിലാണ് പാചകം. മഴക്കാലമായതിനാല്‍ ഷെഡ് ചോര്‍ന്നൊലിക്കുന്നുണ്ട്. വളരെയേറെ ബുദ്ധിമുട്ടിയാണ് ചോര്‍ന്നൊലിക്കുന്ന ഷെഡ്ഡില്‍നിന്ന് പാചകം പൂര്‍ത്തിയാക്കുന്നത്. പുതിയ ഷെഡ് നിര്‍മിക്കണമെങ്കില്‍ 60,000 രൂപയെങ്കിലും ചെലവാകുമെന്ന് അരുള്‍സേവ്യര്‍ പറയുന്നു. 56 വയസ്സ് പ്രായമുള്ള അരുള്‍സേവ്യറിന് മരണംവരെ ഈ സേവനം മുടക്കമില്ലാതെ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. എന്നാല്‍ സ്ഥിരമായൊരു ഷെഡ്ഡ് നിര്‍മിക്കാന്‍ ഇത്രയും വലിയൊരു തുക ചെലവഴിക്കാനില്ലാതെ ബുദ്ധിമുട്ടുകയാണ് സേവ്യര്‍. പലരും അറിഞ്ഞ് നല്‍കുന്ന അരിയും പണവുമല്ലാതെ ആരോടും സഹായം അഭ്യര്‍ഥിക്കാറില്ലെന്ന് അരുള്‍ പറയുന്നു.വില്ലിവാക്കം, അണ്ണാനഗര്‍, അയനാവരം, കില്‍പ്പോക്ക്, പെരമ്പൂര്‍, അമിഞ്ചിക്കര, പുരസവാക്കം തുടങ്ങിയ സ്ഥലങ്ങളിലെ യാചകര്‍ക്കാണ് ഭക്ഷണം നല്‍കുക. എഗ്‌മോറില്‍ ഭക്ഷണം വിതരണംചെയ്യാനെത്തിയപ്പോള്‍ ഒരു തവണ റൗഡികള്‍ ആക്രമിക്കുകയുണ്ടായി. റൗഡി തലവന്‍ നിര്‍ദേശിക്കുന്ന ആളുകള്‍ക്ക് ഭക്ഷണം നല്‍കണമെന്നായിരുന്നു ആവശ്യം. അതിനുശേഷം എഗ്‌മോറിലേക്ക് പോകാറില്ലെന്ന് അരുള്‍സേവ്യര്‍ പറയുന്നു.

സമാനമനസ്‌കര്‍ക്കും അരി ദാനംചെയ്യാന്‍ അരുള്‍ മടിക്കാറില്ല. കൊളത്തൂരില്‍ കഴിഞ്ഞ 40 വര്‍ഷമായി യാചകര്‍ക്ക് കഞ്ഞിവിതരണം ചെയ്യുന്ന പെരിയസ്വാമിയ്ക്ക് ഇപ്പോള്‍ അരി എത്തിച്ചുകൊടുക്കുന്നത് സേവ്യറാണ്. ചിലപ്പോള്‍ കഞ്ഞി പാചകംചെയ്ത് എത്തിച്ചുകൊടുക്കും.
ഒന്നുരണ്ടു തവണയെങ്കിലും അരുള്‍സേവ്യര്‍ ദാനകര്‍മം പണമില്ലാതെ മുടങ്ങിപ്പോകുമോയെന്ന് ഭയന്നിരുന്നു. എന്നാല്‍ ദൈവനിശ്ചയം എന്നപോലെ അരുള്‍ സേവ്യറിലെ ബുദ്ധിമുട്ട് അറിഞ്ഞ് ഐ.സി.എഫിലെ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് 1500രൂപ വീട്ടിലെത്തിക്കുകയായിരുന്നു. ഇത്തരം അനുഭവങ്ങള്‍ ദാനകര്‍മത്തിന്റെ സുകൃതമാണെന്ന് അരുള്‍ സേവ്യര്‍ വിശ്വസിക്കുന്നു. മാസത്തില്‍ രണ്ടുതവണ നടത്തുന്ന ദാനകര്‍മം ഇനി ആഴ്ചയില്‍ ഒരിക്കലാക്കണമെന്നാണ് അരുള്‍സേവ്യറിന്റെ പ്രാര്‍ഥന. ഭാര്യ: ഗ്രേസി. മക്കള്‍: ജോണ്‍തോമസ്, ഷൈന്‍. ഫോണ്‍: 9841252170

കെ.കെ. സുരേഷ്‌കുമാര്‍

 

 




MathrubhumiMatrimonial