കുഞ്ഞാരോമല്‍ക്ക് എ ഗ്രേഡുകള്‍ രണ്ട്‌

Posted on: 23 Jan 2011


കോട്ടയം: ''കുഞ്ഞ് ആരോമല്‍ചേകവര്‍'' ചാക്യാരായും നാടോടിയായും കോട്ടയത്തെത്തി രണ്ട് എ-ഗ്രേഡുകള്‍ കൈപ്പിടിയിലൊതുക്കി.
മാതൃഭൂമി ടെലിവിഷന്‍ നിര്‍മ്മിച്ച ഉണ്ണിയാര്‍ച്ച സീരിയലില്‍ ആരോമല്‍ ചേകവരുടെ കുട്ടിക്കാലം അവതരിപ്പിച്ച ഒ.കെ. പരമേശ്വരന്‍ നമ്പൂതിരിയാണ് ഇരട്ട നേട്ടത്തിനുടമയായത്.
കുഞ്ഞിമംഗലം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് പരമേശ്വരന്‍. കഴിഞ്ഞ വര്‍ഷം നാടോടി നൃത്തത്തില്‍ എ ഗ്രേഡോടെ ഒന്നാമത്തെത്തിയിരുന്നു.
രണ്ടാംക്ലാസ് മുതല്‍ ഈ മിടുക്കന്‍ യുവജനോത്സവവേദികളിലുണ്ട്. പൈങ്കുളം നാരായണചാക്യാരുടെ ശിക്ഷണത്തില്‍ കൂത്തും പിലാത്തറ മുത്തുരാജയുടെ ശിക്ഷണത്തില്‍ നാടോടിനൃത്തവും അഭ്യസിക്കുന്നു.
കൗസ്തുഭം എന്ന സിനിമയില്‍ ആണ്ടിപ്പെട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു. ശ്രീഗുരുവായൂരപ്പന്‍, ഗുരുവായൂര്‍ കേശവന്‍ എന്നീ സീരിയലുകളിലും അഭിനയിച്ചു. പരമേശ്വരന്‍ അഭിനയിച്ച ബ്രില്യന്‍റ് ബോയ്‌സ് എന്ന സിനിമ വൈകാതെ പുറത്തിറങ്ങും.
മാതൃഭൂമി പിലാത്തറ ലേഖകന്‍ ഒ.കെ. നാരായണന്‍ നമ്പൂതിരിയുടെയും മായാനമ്പൂതിരിയുടെയും മകനാണ് പരമേശ്വരന്‍.



MathrubhumiMatrimonial