ബിലഹരി മാര്‍ക്കിട്ടു; വിധികര്‍ത്താക്കള്‍ക്ക് മുമ്പേ

Posted on: 23 Jan 2011


കോട്ടയം: കൊല്ലത്തു നിന്ന് പതിനൊന്നു വയസ്സുകാരന്‍ ബിലഹരി കോട്ടയത്തെത്തിയത് മത്സരം വിലയിരുത്തി ഗ്രേഡും മാര്‍ക്കുമിടാനാണ്. നാടകവേദിയിലും മോണോ ആക്ട് വേദിയിലും കേരള നടനം വേദിയിലും ബിലഹരി ഒറിജിനല്‍ വിധി കര്‍ത്താക്കളുടെ തൊട്ടുപിന്നിലിരുന്നു. വരയിട്ട 200 പേജ് നോട്ടുബുക്കില്‍ ഓരോ മത്സരാര്‍ഥിയുടെയും പ്രകടനം വിലയിരുത്തി മാര്‍ക്കും ഗ്രേഡ് സ്ഥാനവുമിട്ടു. യഥാര്‍ഥ ഫലത്തോട് മിക്കവാറും അടുത്തുവന്നു ബിലഹരിയുടെ മാര്‍ക്ക്.

കൊല്ലം തലവൂര്‍ യു.പി.എസ്സിലെ ആറാം ക്ലാസ്സുകാരനാണ് ഈ 'ഡ്യൂപ്ലിക്കേറ്റ് ജഡ്ജ്'. കുഞ്ഞു ബഷീറിന്റെ സ്വപ്നംപോലെ, മിഴി തുറക്കൂ എന്നീ രണ്ട് കുട്ടികളുടെ ടെലിഫിലിമിന്റെ സംവിധായകന്‍ കൂടിയാണിവന്‍. സ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പമാണ് ടെലിഫിലിം നിര്‍മിച്ചത്.
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബിലഹരി ആദ്യമായി സംസ്ഥാന കലോത്സവത്തിന് പോയത്. ഇഷ്ടയിനങ്ങളായ നാടകത്തിനും കേരള നടനത്തിനും മോണോ ആക്ടിനുമാണ് സ്വയം ജഡ്ജാകുക.

മോണോ ആക്ടില്‍ മത്സരം അവസാനിക്കുംവരെ ഇരുന്ന് ബിലഹരി ഒന്നും മൂന്നും സ്ഥാനങ്ങളിട്ടവര്‍ക്ക് വിധകര്‍ത്താക്കളും അതേ സ്ഥാനം നല്‍കിയിരുന്നു. ബിലഹരിയുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കിയ അച്ഛന്‍ സദാശിവനും കലോത്സവങ്ങളില്‍ ഒപ്പം പോകുന്നു. ഹൈസ്‌കൂളിലാകുമ്പോള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ വരുമെന്ന് ബിലഹരി പറഞ്ഞു. ഇപ്പോള്‍ ഏഴിനങ്ങളില്‍ മത്സരിച്ച് ജില്ലയില്‍ സമ്മാനം നേടിയിരുന്നു. മത്സരം കണ്ട് മാര്‍ക്കിടുമെങ്കിലും ബിലഹരിക്ക് വിധികര്‍ത്താവായിരിക്കണമെന്നൊന്നും ആഗ്രഹമില്ല. ശാസ്ത്രജ്ഞനാകാനാണ് ബിലഹരിയുടെ പഠിത്തം.



MathrubhumiMatrimonial