സുഹ്‌റ ഒരു വിളംബിത കമ്പിതം - മികച്ച നാടകം

Posted on: 23 Jan 2011


കോട്ടയം:കുട്ടികളുടെ നാടകവേദി പാരമ്പര്യത്തിന്റെ വഴിയില്‍നിന്ന് മാറി സഞ്ചരിക്കുകയാണ് എന്ന സൂചനയാണ് ഹയര്‍സെക്കന്‍ഡറി നാടകവേദിയിലെ അരങ്ങ്. അവതരിപ്പിച്ച 23 നാടകങ്ങളിലും വ്യത്യസ്ഥതയുടെ മികവ് പ്രകടമായി.
പുതിയപരീക്ഷണങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് ആദ്യസ്ഥാനങ്ങള്‍ നേടാനായി. കൊല്ലം ടി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച 'സുഹ്‌റ ഒരു വിളംബിത കമ്പിതം' ഒന്നാംസ്ഥാനം നേടി. ബഷീര്‍ കഥാപാത്രങ്ങളെ വേദിയില്‍ അവതരിപ്പിച്ച് ആധുനിക സമൂഹം സ്ത്രീയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്നതിനെ ചിത്രീകരിക്കുകയാണ് ഈ നാടകം. ബഷീര്‍ കഥാപാത്രങ്ങളായ പൊന്‍കുരിശ് തോമ, ഒറ്റക്കണ്ണന്‍ പോക്കര്‍, പാത്തുമ്മ എന്നീ കഥാപാത്രങ്ങള്‍ വേദിയിലണിനിരക്കുന്നു.
നാടകത്തിലെ ജ്യോതി എന്ന കഥാപാത്രം വേദിവിട്ടിറങ്ങി അനുവാചകന്‍റടുത്തുവന്ന് സ്ത്രീസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന രംഗം പരമ്പരാഗത നാടകവഴിയില്‍നിന്ന് വേറിട്ട അവതരണ ശൈലിയായിരുന്നു.
വായനയും ചിന്തയും നഷ്ടപ്പെടുന്ന ആധുനിക ലോകത്ത് സ്ത്രീക്ക് സാമൂഹിക സുരക്ഷ ഇല്ലെന്ന് പ്രഖ്യാപിക്കുന്ന നാടകം അമല്‍രാജും രാജേഷ് ശര്‍മ്മയും ചേര്‍ന്നാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
തെരുവില്‍ ജീവിക്കുന്നവരുടെ സ്വപ്നങ്ങളുടെയും നഷ്ടങ്ങളുടെയും കഥ പറയുന്ന 'പച്ചമേഖങ്ങളുടെ ഗ്രാമം' രണ്ടാമത്തെ മികച്ച നാടകമായി. എറണാകുളം മൂത്തകുന്നം എസ്.എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ചതാണ് ഈ നാടകം. ഈ നാടകത്തിലെ തുമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കസ്തൂരി എന്ന വിദ്യാര്‍ത്ഥിനി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
കാസര്‍കോട് ചട്ടന്‍ചാല്‍ സി.എച്ച്.എസ്.എസ്. അവതരിപ്പിച്ച ബസന്തി മികച്ച മൂന്നാമത്തെ നാടകമായി. ഭീഷ്മാസാഹ്‌നിയുടെ ബസന്തി എന്ന നോവലിനെ ആധാരമാക്കി ചെയ്ത ഈ നാടകം തെരുവിലെ ജീവിതം തന്മയത്വത്തോടെ ചിത്രീകരിക്കുന്നു. പാലക്കാട് എസ്.എന്‍. ട്രസ്റ്റ് സ്‌കൂള്‍ അവതരിപ്പിച്ച 'പുറജാതി' എന്ന നാടകത്തിലെ പനിയടിമ എന്ന മുക്കുവനെ അവതരിപ്പിച്ച് വിഷ്ണു മികച്ച നടനായി.





MathrubhumiMatrimonial