പ്രതിഷേധ കലാശം, പ്രമാണിമക്കള്‍ക്ക് ജയം മുളയങ്കാവിന് നാലാംതായമ്പക കിരീടം

Posted on: 23 Jan 2011


കോട്ടയം: തായമ്പക മത്സരഘടനയില്‍ ജഡ്ജിമാര്‍ പ്രതിഷേധകലാശം തീര്‍ത്തു. മത്സരരീതി ഇങ്ങനെ ആകരുതെന്ന് അവര്‍ വ്യക്തമാക്കിയ ശേഷമാണ് ഫലപ്രഖ്യാപനം നടത്തിയത്. മത്സരത്തില്‍ ചേട്ടന്റെ അനുജന്‍ വിജയതാളംകൊട്ടി പാരമ്പര്യം കാത്തു. തായമ്പക രംഗത്തെ കുലപതികളായ മുളയംകാവിലേക്ക് വീണ്ടും ഒരു തായമ്പക കിരീടം.പ്രശസ്ത തായമ്പക കലാകാരന്‍ മുളയംകാവ് അരവിന്ദാക്ഷന്‍റ മകന്‍ അഭിജിത്തിനാണ് കിരീടം. അഭിജിത്തിന്റെ ചേട്ടന്‍ അജിത്ത് മൂന്നു തവണ കലോല്‍സവത്തില്‍ തായമ്പക ജേതാവായിരുന്നു.
പട്ടാമ്പി ജി വി എച്ച് എസ് എസി ലെ 9 ാം ക്ലാസ് കുട്ടിയാണ് അഭിജിത്ത്.

തായമ്പക രംഗത്തെ അതികായനായിരുന്ന മുളയംകാവ് മാധവന്റെ പിന്‍മുറക്കാരനാവുകയാണ് അഭിജിത്ത്. മാധവന്റെ മകനാണ് അരവിന്ദാക്ഷന്‍. അരവിന്ദാക്ഷനും മൂത്തമകന്‍ അജിത്തും ചേര്‍ന്ന് ഡബിള്‍ തായമ്പക അവതരിപ്പിക്കാറുണ്ട്. പൂരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും കൊട്ടാന്‍ അഭിജിത്തും പോകാറുണ്ട്. പള്ളിപ്പുറത്ത് മേളംനടത്തിയശേഷമാണ് അഭിജിത്ത് സ്‌കൂള്‍ മേളയ്ക്ക് വന്നത്.പ്രൊഫഷണല്‍ രീതിയിലായിരുന്നു സ്‌കൂള്‍ മേളയിലും അഭിജിത്തിന്റെ തായമ്പക പ്രകടനം അരങ്ങേറിയത്.

രണ്ടാം സ്ഥാനം നേടിയ തൃശ്ശൂര്‍ ചേര്‍പ്പ് സി എന്‍ എന്‍ സ്‌കൂള്‍ വിദ്യാര്‍ഥി പീ വി ആനന്ദും മേളകുടുംബത്തില്‍ നിന്നാണ് വരുന്നത്. മേളപ്രമാണി ചെറുശ്ശേരി കുട്ടന്‍ മാരാരുടെ മകനാണ് ആനന്ദ്.മലമക്കാവ് കേശവപ്പൊതുവാള്‍അഖില കേരള തായമ്പക മത്സരത്തില്‍ ആനന്ദ് ഒന്നാം സ്ഥാനം നേടിയിരുന്നു.

കണ്ണൂര്‍ കോറോം ജി എച്ച് എച്ച് എസിലെ യദുകൃഷണന്‍ മൂന്നാം സ്ഥാനം നേടി. കലാമണ്ഡലം ഉദയന്‍ നമ്പൂതിരിയാണ് ഗുരു.
അകമ്പടിക്കാര്‍ ഇല്ലാതെ തന്നെ തായമ്പക മത്സരം നടത്തേണ്ടി വരുന്നതിലെ അപാകമാണ് ജഡ്ജിമാര്‍ ചൂണ്ടി ക്കാട്ടിയത്. 2008 ലെ നിയമം മൂലം തായമ്പകയ്ക്ക് അകമ്പടിക്കാര്‍ കുട്ടികള്‍ തന്നെ ആകണം.

പ്രമാണിയായി കൊട്ടുന്ന ആള്‍ക്കൊപ്പം വട്ടം പിടിക്കണമെങ്കില്‍ അസാധാരണമായ വഴക്കം വേണം. കുട്ടികള്‍ക്ക് ഇതിനുള്ള ശേഷി ഇല്ലന്ന് ഈ രംഗത്തുള്ള എല്ലാവരും ചൂണ്ടിക്കാണിക്കുന്നു. അതു കൊണ്ടു തന്നെ തായമ്പകമത്സരം അകമ്പടിക്കാര്‍ ഇല്ലാതെ നടക്കുന്നു. അകമ്പടിക്കാര്‍ ഇല്ലെങ്കില്‍ തായമ്പക മത്സരത്തില്‍ താളമില്ലാതാകുന്നു.അതിന്റെ ഇമ്പം നഷ്ടപ്പെടുന്നു. വാരാണസി നാരായണന്‍ നമ്പൂതിരി, കലാമണ്ഡലം വിജയകൃഷണന്‍, പ്രഭാകരപ്പൊതുവാള്‍ എന്നിവര്‍ വിധികര്‍ത്താക്കളായി.



MathrubhumiMatrimonial