വയലിന്‍തന്ത്രികളില്‍ സൗഹൃദത്തിന്റെ സിംഫണി

Posted on: 23 Jan 2011


കോട്ടയം: കടം വാങ്ങിയ വയലിന്‍ തന്ത്രികളുമായി ജില്ലാമത്സരത്തില്‍ വിജയിച്ച ഷിമോണിന് സംസ്ഥാനതലത്തിലും 'എ' ഗ്രേഡ്. വയലിന്‍ കടംകൊടുത്ത ജിസ്റ്റാ ജോയിക്കും 'എ' ഗ്രേഡ് ലഭിച്ചതോടെ ഉയര്‍ന്നുകേട്ടത് സൗഹൃദത്തിന്റെ സിംഫണി. തൃശ്ശൂര്‍ ജില്ലാകലോത്സവത്തിലെ വയലിന്‍ (പാശ്ചാത്യം) ഹൈസ്‌കൂള്‍വിഭാഗം മത്സരത്തിന് വേദിയില്‍ കയറാന്‍ മിനിട്ടുകള്‍ ശേഷിക്കെയാണ് മതിലകം സെന്‍റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ ഷിമോണിന്റെ വയലിനിന്റെ തന്ത്രി പൊട്ടിയത്.

മത്സരത്തില്‍ പങ്കെടുക്കാനാകാതെ ഹൃദയം തകര്‍ന്ന് കരഞ്ഞ ഷിമോണിന് ഹയര്‍സെക്കന്‍ഡറി വിഭാഗം മത്സരത്തിനെത്തിയ തൃശ്ശൂര്‍ സേക്രട്ട്ഹാര്‍ട്ട് ജി.എച്ച്.എസ്.എസിലെ ജിസ്റ്റാജോയി തന്റെ വയലിന്‍ തന്ത്രി നല്‍കി. വയലിന്‍ ട്യൂണ്‍ ചെയ്ത് വേദിയിലെത്തിയ ഷിമോണിന് ഒന്നാംസ്ഥാനവും ലഭിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മത്സരിച്ച ജിസ്റ്റയ്ക്കും ഒന്നാംസ്ഥാനം ലഭിച്ചു.

2006ലെ കണ്ണൂര്‍ കലോത്സവത്തിലെ കലാപ്രതിഭയായിരുന്ന ഷാരോണിന്റെ സഹോദരനാണ് ഷിമോണ്‍. ആദ്യമായാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ച്ചയായി നാലാം തവണയാണ് ജിസ്റ്റയ്ക്ക് സംസ്ഥാനതലത്തില്‍ വയലിന്‍ 'എ' ഗ്രേഡ് ലഭിക്കുന്നത്. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍നിന്ന് വയലിന്‍ ഫോര്‍ത്ത് ഡിഗ്രി നേടിയിട്ടുണ്ട് ജിസ്റ്റ.



MathrubhumiMatrimonial