കേരള മോഡല്‍ സ്‌കൂള്‍ യുവജനോത്സവം ഇനി കര്‍ണാടകയിലും

Posted on: 23 Jan 2011


കോട്ടയം:തമിഴ്‌നാടിനു പിന്നാലെ കര്‍ണാടകവും കേരളത്തിന്റെ മാതൃകയില്‍ സ്‌കൂള്‍ യുവജനോത്സവം സംഘടിപ്പിക്കാനൊരുങ്ങുന്നു.കേരളത്തില്‍ അരനൂറ്റാണ്ടിലധികമായി നടക്കുന്ന സ്‌കൂള്‍ യുവജനോത്സവത്തിന്റെ പേരും പെരുമയുമറിഞ്ഞ കര്‍ണാടകയിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതരാണ് ഇതുപോലൊരു മഹാമേള അവിടെയും നടത്താന്‍ ആലോചിക്കുന്നത്.
കേരളത്തിലെ മേളയുടെ നടത്തിപ്പ്,തയ്യാറെടുപ്പുകള്‍ തുടങ്ങി എല്ലാകാര്യങ്ങളുടെയും വിശദാംശങ്ങള്‍ അറിയാനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷിനെ കര്‍ണാടക ഡി.പി.ഐ ശനിയാഴ്ച വിളിച്ചിരുന്നു.എല്ലാ സഹായങ്ങളും നല്‍കാമെന്ന് മുഹമ്മദ് ഹനീഷ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥികളുടെ കലാമേള സംഘടിപ്പിക്കണമെന്ന ആഗ്രഹവുമായി അവിടെനിന്നുള്ള അധ്യാപക സംഘം നേരത്തേതന്നെ കോട്ടയത്ത് എത്തിയിരുന്നു.വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുമായി ഇവര്‍ ചര്‍ച്ച നടത്തി.
കര്‍ണാടകവും തമിഴ്‌നാടും കേരളത്തെ മാതൃകയാക്കി കലോത്സവം സംഘടിപ്പിക്കുന്നതിന് തയ്യാറായി എത്തിയത് കോട്ടയത്തെ മേളയിലായതിനാല്‍ ഈ മേളക്ക് കലോത്സവ ചരിത്രത്തില്‍ സവിശേഷമായ പ്രാധാന്യമുണ്ടെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു.കേരളം അതിര്‍ത്തികള്‍ ഭേദിച്ച് അന്യദേശങ്ങളിലേക്ക് വളരുന്നുവെന്ന് പാടിയ മഹാകവി പാലാ നാരായണന്‍ നായരുടെ നാട്ടില്‍വച്ചുതന്നെ കലോത്സവത്തിന്റെയും അന്യനാട്ടിലേക്കുള്ള വളര്‍ച്ചയുടെ തുടക്കമായത് സാര്‍ഥകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




MathrubhumiMatrimonial