മിമിക്രി കുടുംബം

Posted on: 23 Jan 2011


മിമിക്രിയില്‍ അച്ഛന്റെയും ചേച്ചിയുടെയും ചേട്ടന്റെയും വഴിയെയാണ് പ്രിയാ ലക്ഷ്മി പ്രകാശും. സ്‌കൂള്‍ പഠനകാലത്ത് കലോല്‍സവ വേദികളില്‍ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു പ്രിയാലക്ഷ്മിയുടെ അച്ഛന്‍ ഡോ. പ്രേം പ്രകാശും ചേച്ചി സീതാ ലക്ഷ്മിയും ചേട്ടന്‍ സത്യപ്രകാശും. എല്ലാവരുടെയും ഇഷ്ടയിനം മിമിക്രിയും.

സര്‍വകലാശാല കലോല്‍സവത്തിലായിരുന്നു പ്രേം പ്രകാശ് താരം. മിമിക്രിയില്‍ തുടര്‍ച്ചയായി സമ്മാനം നേടി. പിന്നെ മൂത്ത മകള്‍ സീതാ ലക്ഷ്മിക്ക് ഏകാഭിനയത്തിന്റെ ആദ്യ പാഠങ്ങള്‍ പറഞ്ഞുകൊടുത്തതും പ്രേം പ്രകാശ് തന്നെ. 2003 മുതല്‍ 2007 വരെയുള്ള സ്‌കൂള്‍ പഠനകാലത്ത് സീതാലക്ഷ്മി മിമിക്രിയിലും കഥകളിയിലും മോഹിനിയാട്ടത്തിലും നാടോടിനൃത്തത്തിലും കേരളനടനത്തിലുമെല്ലാം വിജയിയായി. 2006ലും 2007ലുമാണ് മിമിക്രിക്ക് ഒന്നാം സ്ഥാനം കിട്ടിയത്. ഇപ്പോള്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്സിന് പഠിക്കുകയാണ്.

സീതാലക്ഷ്മിക്കു പിന്നാലെ എത്തിയത് അനുജന്‍ സത്യപ്രകാശ്. 2009ലും 2010ലും സത്യപ്രകാശ് മിമിക്രിയില്‍ സമ്മാനം നേടി. ചേട്ടന്റെ സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ പ്രിയാലക്ഷ്മിയുടേതായി ഊഴം. ഇത്തവണ മിമിക്രിയില്‍ ഒന്നാമതെത്തി. കഥകളിയില്‍ മൂന്നാം സ്ഥാനം. വയലിനില്‍ എ ഗ്രേഡും. കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച് എസ്.എസ് വിദ്യാര്‍ഥിനിയാണ് പ്രിയാ ലക്ഷ്മി.
കോഴിക്കോട്ടെ ഹോമിയോ ഡോക്ടര്‍മാരാണ് പ്രേം പ്രകാശും ഭാര്യ റീനയും.



MathrubhumiMatrimonial