കലയുടെ കൂടിയാട്ടം

Posted on: 23 Jan 2011


ആരവം ഒടുങ്ങാറായി. ഞായറാഴ്ച വൈകുന്നേരം സമാപന സമ്മേളനം കുടി കഴിയുമ്പോള്‍ മനോഹരമായ ഒരു യുവജനോത്സവം കൂടി ചരിത്രത്തിന്റെ ഭാഗമാകും. ഞായറാഴ്ച അധികം മത്സരയിനങ്ങളില്ല. പക്ഷേ, നഗരത്തെ ആവേശം കൊള്ളിക്കുന്ന ഘോഷയാത്ര ഞായറാഴ്ച ഉച്ചയ്ക്കാണ്. 'ഭൂമി നമ്മുടെ വീട്' എന്ന് പേരിട്ട ഘോഷയാത്ര, ഭൂമിയുടെ ആധികളെക്കുറിച്ച് ചിന്തിക്കുന്നവരുടെ ആശങ്ക പങ്കുവയ്ക്കുന്നതാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിശ്ചലദൃശ്യങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കാണ് ഒന്നാംസ്ഥാനം. 95 പോയിന്റ് വീതം. 93 പോയിന്റ് ലഭിച്ച കാസര്‍കോട് രണ്ടും 91 വീതം പോയിന്റ് ലഭിച്ച കോഴിക്കോടും കൊല്ലവും മൂന്നാംസ്ഥാനത്തുമാണ്.
ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ 88 വീതം പോയിന്റ് നേടിയ തൃശൂരും എറണാകുളവുമാണ് ഒന്നാംസ്ഥാനത്ത്. 86 പോയിന്റ് വീതം ലഭിച്ച കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകള്‍ രണ്ടാംസ്ഥാനത്തും. 82 പോയിന്റ് വീതം നേടിയ മലപ്പുറം, പാലക്കാട് ജില്ലകള്‍ മൂന്നാംസ്ഥാനത്തെത്തി.

കലോത്സവത്തിന്റെ സമാപന സമ്മേളനം 23 ന് വൈകീട്ട് അഞ്ചിന് കലോത്സവത്തിന്റെ പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ- സാംസ്‌കാരിക മന്ത്രി എം.എ. ബേബി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. വി.എന്‍. വാസവന്‍ എം.എല്‍.എ. സ്വാഗതം ആശംസിക്കും. ചടങ്ങില്‍ പ്രശസ്ത നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിനെ പൊന്നാടയണിയിച്ച് ആദരിക്കും.

കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ സുവനീര്‍ പ്രകാശനം ചെയ്യും. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പത്മഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ് നല്‍കും.

എം.പി. മാരായ ജോസ്‌കെ. മാണി, ആന്റോ ആന്റണി, എം.എല്‍.എമാരായ കെ.എം.മാണി, അല്‍ഫോണ്‍സ് കണ്ണന്താനം, കെ. അജിത്, പ്രൊഫ. എന്‍. ജയരാജ്, കെ.സി. ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ജില്ലാ കളക്ടര്‍ മിനി ആന്റണി, റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.ജെ. കുര്യന്‍ നഗരസഭാ പ്രതിപക്ഷ നേതാവ് എം.കെ. പ്രഭാകരന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ത്രേസ്യാമ്മ ജോര്‍ജ് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.കെ. കര്‍ത്താ, ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ വി.ആര്‍. ഭാസ്‌കരന്‍, ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ അഡ്വ. വി.ബി. ബിനു, വികലാംഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് വി.എന്‍. ശശിധരന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ. ബി. ഇക്ബാല്‍, സ്‌കൂള്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

നഗരസഭാ ചെയര്‍മാന്‍ സണ്ണി കല്ലൂര്‍ പതാക കൈമാറ്റം ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പി. എം. മുഹമ്മദ് ഹനീഷ് നന്ദി പറയും. തുടര്‍ന്ന് കലോത്സവത്തില്‍ സമ്മാനാര്‍ഹമായ കലാപരിപാടികള്‍ നടക്കും.



MathrubhumiMatrimonial