നടനം മോഹനം

Posted on: 21 Jan 2011


യുവജനോത്സവത്തിന്റെ മൂന്നാംനാള്‍ ശാസ്ത്രീയനൃത്തങ്ങളുടെയും ക്ഷേത്രകലകളുടേയും ദിവസമായിരുന്നു.പുതിയ കാഴ്ചകളുടേയും അഭിരുചികളുടേയും അതിവേഗത്തിന്റേയും കാലമാണിത്.എന്നാല്‍, ഇക്കാലത്തും കഥകളിയും ഓട്ടന്‍തുള്ളലും ചാക്യാര്‍കൂത്തും ഒപ്പനയും അഭ്യസിച്ച് അസാമാന്യമായ വഴക്കത്തോടെ അവതരിപ്പിച്ച കുട്ടികള്‍, കേരളത്തിന്റെ തനതു കലാപാരമ്പര്യം സംരക്ഷിക്കുമെന്ന സന്ദേശമാണ് കൈമാറിയത്. പ്രകടനത്തില്‍ അഭ്യസനത്തിന്റേയും സമര്‍പ്പണത്തിന്റേയും മുദ്രകള്‍ കണ്ടു.ആസ്വാദകരും സന്തോഷത്തിലായിരുന്നു.ം

ചില്ലറ പ്രശ്‌നങ്ങളും മൂന്നാംനാളിലുണ്ടായി.ഹയര്‍സെക്കന്‍ഡറി തിരുവാതിരകളി മത്സരത്തില്‍ വൈകിയെത്തിയതിനാല്‍ മൂന്നു ടീമിനെ അയോഗ്യരാക്കി.അവര്‍ സങ്കടത്തിലായി.പിന്നീട് മത്സരമല്ലാതെ പ്രദര്‍ശനം മാത്രമായി ഇവരെ തിരുവാതിര അവതരിപ്പിക്കാന്‍ ഡി.പി.ഐ അനുവദിച്ചു.എന്നാല്‍, വിധികര്‍ത്താക്കള്‍ ഈ മുന്നു ടീമിന് ആദ്യംതന്നെ എ ഗ്രേഡ് കൊടുത്തു.അതൊടെ സംഘാടകര്‍ വെട്ടിലായി.ഈ റിസല്‍ട്ട് അംഗീകരിക്കാന്‍ ആവില്ലെന്ന നിലപാടാണ് അധികൃതര്‍ക്ക്.
വൃന്ദഗാനവേദിയില്‍ മൈക്ക് ശരിക്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ മത്സരത്തിനിടെ മൂന്നുവട്ടം കര്‍ട്ടനിടേണ്ടിവന്നു.ചില ഉപകരണങ്ങളുടെ ശബ്ദം കേള്‍ക്കാനേ കഴിഞ്ഞില്ല.ആവശ്യത്തിന് പ്ലഗ് കുത്താന്‍പോലും സൗകര്യമുണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അവര്‍ വിധികര്‍ത്താക്കള്‍ക്കുമുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുകയുംചെയ്തു.എന്നാല്‍, മൈക്കിന്റേതല്ല,ഹാളിന്റേതാണ് പ്രശ്‌നമെന്ന് സംഘാടകരില്‍ ചിലരും പറയുന്നു.

ജഡ്ജിമാര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാരോപിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ രണ്ടു ഉദ്യോഗസ്ഥരെ വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് തിരിച്ചയച്ചു.
ശാസ്ത്രീയ നൃത്തങ്ങള്‍ നടന്ന പ്രധാന വേദിയില്‍ കാഴ്ചക്കാര്‍ ധാരാളമുണ്ടായിരുന്നു.മറ്റിടങ്ങളില്‍ താരതമ്യേന കുറഞ്ഞു.എന്നാല്‍, അതുകൊണ്ടുതന്നെ നന്നായി പരിപാടികള്‍ ആസ്വദിക്കാനായെന്ന് കാണികളില്‍ ചിലര്‍ പറഞ്ഞു.മൂന്നാംദിവസവും ചെറിയ പോയിന്റുകളുടെ വ്യത്യാസത്തില്‍ ജില്ലകളുടെ ഒന്നാം സ്ഥാനം മാറിമറിഞ്ഞുകൊണ്ടേയിരുന്നു.പ്രവചനം അസാധ്യം.നൂറ്റിപ്പതിനേഴരപ്പവന്റെ കപ്പ് സ്വന്തമാക്കാനുള്ള വാശി മൂന്നാംനാളും അധികം വ്യത്യാസമില്ലാതെ തുടര്‍ന്നു. കോഴിക്കോടും തൃശ്ശൂരും കണ്ണൂരും പാലക്കാടും ആതിഥേയരായ കോട്ടയവും എറണാകുളവുമെല്ലാം കലോത്സവത്തിന്റെ ആദ്യനാള്‍മുതല്‍തന്നെ കടുത്ത വാശിയിലാണ്.





MathrubhumiMatrimonial