
കാണുക...തോല്‍ക്കാത്ത സൗഹൃദത്തിന്റെ ഉടയാടകള്‍
Posted on: 21 Jan 2011

മത്സരവീര്യം അതിരുകടക്കുന്ന കലോത്സവവേദിയിലെ ഊഷ്മളമായ കാഴ്ചയാണ് അമലും അക്ഷയും തമ്മിലുള്ള സൗഹൃദം. എന്തായിരിക്കണം ഈ കലാമേളയുടെ സന്ദേശമെന്ന് ഇവര്‍ നിശബ്ദമായി പറഞ്ഞുതരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ ഒന്നാംസ്ഥാനത്തെത്തിയ കോഴിക്കോട് പെരിങ്ങളം സ്‌കൂളിലെ കെ.അമല്‍നാഥിന് മത്സരിക്കാനായി സ്വന്തം വസ്ത്രം കടംകൊടുത്തത് ഒപ്പം മത്സരിക്കാനുണ്ടായിരുന്ന ഉറ്റമിത്രം എറണാകുളം സെന്റ് ആല്‍ബര്‍ട്‌സിലെ അക്ഷയ്ദാസ്. സ്വന്തം നേട്ടത്തേക്കാള്‍ അക്ഷയ് അമലിന്റെ വിജയം കൊതിച്ചു. ഒടുവില്‍ അത് സത്യമായപ്പോള്‍ അക്ഷയ് നാലാംസ്ഥാനത്തില്‍ തൃപ്തനായി. പക്ഷേ തോല്‍ക്കാത്ത സൗഹൃദത്തിന് മങ്ങാത്ത ഒന്നാംസ്ഥാനം.
ഇല്ലായ്മകളില്‍ ചവിട്ടിയാണ് ഇവര്‍ രണ്ടുപേരും നൃത്തം പഠിച്ചത്. അഞ്ചാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയ അമലിന് തണല്‍ അമ്മ രഞ്ജിനിയാണ്. ഒരു തുണിക്കടയില്‍ ജോലിചെയ്തുകിട്ടുന്ന പണംകൊണ്ടാണ് രഞ്ജിനി മകന്റെ സ്വപ്നങ്ങള്‍ക്ക് ചിലങ്കകെട്ടിയത്. കോട്ടയത്തേക്ക് പോരുമ്പോള്‍ സ്‌കൂളിലുള്ളവരും കുറേ നല്ലമനസ്സുകളും നല്‍കിയ സഹായമായിരുന്നു ആശ്രയം. അണിയാനുള്ള ചിലങ്ക ആലപ്പുഴയിലുള്ള മൃദുലയെന്ന പെണ്‍കുട്ടി കടംനല്‍കി. പക്ഷേ അപ്പോഴും ഉടയാടയുടെ കാര്യത്തില്‍ ആശയക്കുഴപ്പമായിരുന്നു. അവിടെയാണ് സ്‌നേഹമെന്ന വാക്ക് കടന്നുവരുന്നത്.
കാര്‍പ്പെന്ററായ വലിയതറരാജനും ഭാര്യ പ്രമീളയും ഏറെ പരിശ്രമിച്ചാണ് മകന്‍ അക്ഷയിന് ഭരതനാട്യമാടാനുള്ള വസ്ത്രം തുന്നിച്ചെടുത്തത്. പക്ഷേ അവസാനനിമിഷം അവന്‍ അത് കൂട്ടുകാരന് നല്‍കിയപ്പോള്‍ അവര്‍ വഴക്കുപറഞ്ഞില്ല. പകരം ചിരിച്ചു.
നൃത്താധ്യാപകന്‍ സുബേഷ് മട്ടാഞ്ചേരിക്ക് കീഴിലാണ് രണ്ടുപേരും പഠിക്കുന്നത്. കോഴിക്കോട്ടുനിന്ന് എറണാകുളത്തെത്തിയാല്‍ അക്ഷയ്‌യുടെ വീട്ടിലാണ് അമലിന്റെ താമസം. ഒരേ പാത്രത്തില്‍നിന്ന് ഭക്ഷണം. ഒരേ ചിലങ്കയില്‍ നൃത്തം. ഒമ്പതാംക്ലാസ്സ് മുതല്‍ കലോത്സവവേദികളില്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നു. ഒരാള്‍ ജയിച്ചപ്പോള്‍ മറ്റെയാള്‍ തോറ്റില്ല. പകരം അവരുടെ കൂട്ട് കൂടുതല്‍ ശക്തമായിക്കൊണ്ടിരുന്നു.
''എനിക്കറിയാമായിരുന്നു ഇത്തവണ ഇവന് തന്നെ സമ്മാനമെന്ന്..അവനല്ലേ കൂടുതല്‍ നല്ല ഡ്രസ്സ് വേണ്ടത്''-അമലിനെച്ചൂണ്ടി അക്ഷയ് പറയുന്നു. അമലിന് വസ്ത്രം കടംകൊടുത്ത അക്ഷയ് അണിഞ്ഞത് നൃത്തവിദ്യാലയത്തിലെ സൗമ്യയെന്ന കുട്ടി കുച്ചുപ്പുടിക്ക് കൊണ്ടുവന്ന ഉടയാട. കടം എന്നവാക്ക് ഇവരുടെയൊന്നും നാവിലില്ല. എല്ലാം നമ്മുടേതെന്ന വികാരം മാത്രം.
അടുത്തവര്‍ഷം തൃശ്ശൂരില്‍ അക്ഷയ്മാത്രമേ കാണൂ. അമലിന്റെ പഠനം ഇക്കൊല്ലം കഴിയും. പക്ഷേ 'ഒടുവില്‍ ഞാനൊറ്റയാകുന്നു' എന്ന് രണ്ടുപേര്‍ക്കും പറയാനാകില്ല. അവര്‍ പകുത്തെടുത്തിരിക്കുന്നത് ആത്മാവുതന്നെയല്ലേ...
