
നാദലയം
Posted on: 20 Jan 2011

കാത്തിരിക്കുക, നിങ്ങള്‍ വേദിയില്‍ എത്താന്‍ ഇനിയും വൈകും.... സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓരോ വേദിയില്‍നിന്നും കേള്‍ക്കുന്ന ആശ്വാസവചനമാണിത്. പക്ഷേ, ഇതാരുടെയും മനസ് തണുപ്പിക്കില്ലെന്ന് തീര്‍ച്ച. കലോത്സവം രണ്ടു നാള്‍ പിന്നിടുമ്പോള്‍ മത്സരങ്ങളുടെ വൈകിയോട്ടമാണ് മുഖ്യതലവേദന. ഇതേക്കുറിച്ച് ഒരു രസികന്‍ പറഞ്ഞതിങ്ങനെ: സംസ്ഥാന സ്‌കൂള്‍ കലോത്സവവും ഇന്ത്യല്‍ റെയില്‍വേയും തമ്മില്‍ വലിയ ചേര്‍ച്ചയുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവവും ഏറ്റവും വലിയ റെയില്‍വേയും തമ്മിലുള്ള സാദൃശ്യമല്ലത്. മറിച്ച് വൈകിയോട്ടത്തിലുള്ള പൊരുത്തമാണത്.
ഒന്നാംവേദിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും മത്സരങ്ങള്‍ കഴിയാന്‍ നേരം പുലരണം എന്ന നിലയാണ്. രാവിലെ 8.30ന് തുടങ്ങും എന്നുപറഞ്ഞ ഹൈസ്‌കൂള്‍ മോഹിനിയാട്ടത്തിന് ആദ്യ മത്സരാര്‍ഥി എത്തിയത് 9.45ന്. നാലു മണിക്കൂറോളം ഇവിടെ കാര്യങ്ങള്‍ വൈകി. പക്ഷേ, പങ്കെടുത്ത എല്ലാവര്‍ക്കും 'എ' ഗ്രേഡിന്റെ തിളക്കം സ്വന്തം.
രണ്ടാം വേദിയിലും കഥ വ്യത്യസ്തമല്ല നാലു മണിക്കൂര്‍ വൈകിയാണ് ഇവിടെ മത്സരങ്ങള്‍. ഉച്ചയ്ക്ക് 3ന് തുടങ്ങേണ്ട എച്ച്.എസ്.എസ്. പെണ്‍കുട്ടികളുടെ കുച്ചുപ്പുടി ആരംഭിച്ചപ്പോള്‍ സന്ധ്യകഴിഞ്ഞു. 24 പേര്‍ വേദിയില്‍ എത്തിയ എച്ച്.എസ്. പെണ്‍കുട്ടികളുടെ കുച്ചുപ്പുടിയാണ് കാര്യങ്ങള്‍ താളംതെറ്റിച്ചത്. ഇവിടെ രാവിലെ നടന്ന ആണ്‍കുട്ടികളുടെ കുച്ചുപ്പുടിയില്‍ രണ്ടു പേര്‍ക്കു മാത്രമായിരുന്നു എ ഗ്രേഡ്. നിലവാരം കുറഞ്ഞ മത്സരം ജനത്തെ മടുപ്പിച്ചു.
മൂന്നാംവേദിയില്‍ നാടകമത്സരത്തില്‍ മൈക്കിന്റെ തകരാറ് കല്ലുകടിയായി. വേദിയിലെ ശബ്ദവിന്യാസത്തില്‍ പിഴവന്നതോടെ ജഡ്ജിമാര്‍ക്കുപോലും അസ്വസ്ഥതയുണ്ടായി. ഇവിടെ തര്‍ക്കത്തെത്തുടര്‍ന്ന് മത്സരം അരമണിക്കൂര്‍ വൈകി.
നാലാംവേദിയില്‍ എച്ച്.എസ്.എസ്. വിഭാഗം മാര്‍ഗംകളിയില്‍ കണ്ണീരിന്റെ നനവുമുണ്ടായി. ലോകായുക്ത അപ്പീല്‍ അനുവദിക്കുമെന്ന ധാരണയില്‍ വേഷമിട്ടുവന്ന ഒരു ടീമിന് മത്സരിക്കാന്‍ കഴിഞ്ഞില്ല. അപ്പീല്‍ അനുവദിക്കാഞ്ഞതല്ല, മറിച്ച് അഭിഭാഷകന്‍ അപ്പീല്‍ യഥാസമയം കൊടുക്കാഞ്ഞതാണ് പ്രശ്‌നമായത്.
തിരുനക്കര മൈതാനത്തെ തുടര്‍ച്ചയായ രണ്ടാംനാളിലും താളപ്പെരുക്കങ്ങളില്‍ നിറച്ചു. ബുധനാഴ്ച ഇവിടെ പഞ്ചവാദ്യം അരങ്ങേറി. കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. പെരിങ്ങോടിന്റെ വിജയകഥ തുടര്‍ന്നു. കടവല്ലൂര്‍ സംഘത്തിന് രണ്ടാംസ്ഥാനവും.
അപ്പീലുകളുടെ തിരയേറ്റം മത്സരങ്ങളെ ഇനിയും വൈകിക്കുമെന്ന ഭീഷണി നിലനില്‍ക്കെയാണ് മേള മൂന്നാം പുലരിയിലേക്ക് പ്രവേശിക്കുന്നത്.
