നാട്യനാദ വിസ്മയം

Posted on: 19 Jan 2011


വൈലോപ്പിള്ളിയുടെ ഒരു കാവ്യമുണ്ട്; വലിയ ദുരന്തമുണ്ടായതിനുശേഷവും പയ്യെപ്പയ്യെ ജീവിതം തളിരിടുന്നതും മനുഷ്യന്റെ ഇച്ഛാശക്തി ദുരന്തത്തിന്റെ ഓര്‍മ്മകളെ അതിജീവനം ചെയ്യുന്നതും കാട്ടിത്തരുന്ന കാവ്യം. അതുപോലെയാണ് ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം. പുല്ലുമേട് ദുരന്തത്തിന്റെ സങ്കടങ്ങളെ മായ്ച്ചും ആഹ്‌ളാദത്തിന്റെ കൈത്തിരികള്‍ തെളിച്ചും വിദ്യാര്‍ഥികളുടെ മഹാ കലാ-സാഹിത്യ സംഗമം കോട്ടയത്ത് തുടങ്ങി. ആറുനാള്‍ 17 വേദിയിലായി കൗമാരകേരളത്തിന്റെ കലാമികവ് മാറ്റുരയ്ക്കപ്പെടുന്ന ഉത്സവം.

ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ നഗരവഴികള്‍ കലോത്സവം കീഴടക്കിയിരുന്നു. ബാഡ്ജ് കുത്തി അഭിമാനത്തോടെ നീങ്ങുന്ന വിദ്യാര്‍ഥികള്‍. കര്‍മ്മനിരതരായി ഓടിനടക്കുന്ന അധ്യാപകര്‍, സംഘാടകര്‍, വഴികാട്ടികളായി പോലീസ്. വേദികള്‍തോറും അലഞ്ഞുനടന്ന് കാഴ്ചകള്‍ ആവോളം കാണുന്നവര്‍.

ബഹുവര്‍ണങ്ങളില്‍ കമാനങ്ങളൊരുക്കിയും ആശംസാ വചസ്സുകള്‍ കുറിച്ചുവച്ചും നഗരം കുട്ടികളെ വരവേറ്റു. രാവിലെ പ്രധാനവേദിയായ പോലീസ് പരേഡ് ഗ്രൗണ്ടില്‍ (പൊന്‍കുന്നം വര്‍ക്കി നഗര്‍)പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം.മുഹമ്മദ്ഹനീഷ് പതാകയുയര്‍ത്തി. തുടര്‍ന്ന് 51-ാം കലോത്സവത്തിന് നാന്ദികുറിച്ച് 51 വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗത ഗാന നൃത്താവിഷ്‌കാരം. സന്തോഷത്താല്‍ സദസ്സ് ആരവം കൊണ്ടു. പുല്ലുമേട് ദുരന്തത്തില്‍ മരിച്ച അയ്യപ്പഭക്തര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചായിരുന്നു പൊതുസമ്മേളനത്തിന്റെ തുടക്കം. അധ്യക്ഷന്‍ വി.എന്‍.വാസവന്‍ എം.എല്‍.എ അനുശോചനപ്രമേയം അവതരിപ്പിച്ചു.

പ്രാര്‍ഥനയും ആശംസയും നിശ്ബദമായി മനങ്ങളില്‍ നിറയവേ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ.ബേബി നിലവിളക്ക് കൊളുത്തി യുവജനോത്സവം ഉദ്ഘാടനം ചെയ്തു. കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി മുഖ്യാതിഥിയായിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനം എം.എല്‍.എ അദ്ദേഹത്തെ പൊന്നാടയണിയിച്ചാദരിച്ചു.

തുടര്‍ന്ന് നഗരത്തിന്റെ വിവിധ വേദികളില്‍ നൃത്തവും പാട്ടും അഭിനയവും ഒക്കെയായി കുട്ടികളുടെ പ്രതിഭാവിശേഷങ്ങള്‍ നിറഞ്ഞു. പക്ഷേ, പലയിടത്തും കാഴ്ചക്കാര്‍ കുറവായിരുന്നു. രാത്രിയായപ്പോള്‍ ചിലയിടത്ത് മത്സരിക്കുന്നവരും രക്ഷിതാക്കളും സംഘാടകരും മാത്രമായി.

സമയത്തിന് മത്സരങ്ങള്‍ തുടങ്ങാനാവില്ലെന്ന പതിവ് സമ്പ്രദായത്തിന് ഇക്കുറിയും മാറ്റമൊന്നും ഉണ്ടായില്ല. പ്രധാനവേദിയില്‍ നിശ്ചയിച്ചതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. മറ്റ് പലയിടത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മൗണ്ട് കാര്‍മ്മല്‍ സ്‌കൂളില്‍ വൈകുന്നേരം മോഹിനിയാട്ടം തുടങ്ങുമ്പോള്‍ രണ്ടര മണിക്കൂര്‍ വൈകിയിരുന്നു. നൃത്തയിനങ്ങളില്‍ അപ്പീല്‍നേടി വന്നവര്‍ കൂടിയായപ്പോള്‍ മത്സരങ്ങള്‍ നീളുമെന്ന അവസ്ഥയുമായി.

ഒന്നാംനാള്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ ചിലത് കണ്ടു. പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസ്സിലെ ആര്യ കെ.പി കഥകളിയില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗം കഥകളിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം എ ഗ്രേഡ് ലഭിച്ചു. കേരളത്തിന്റെ പരമ്പരാഗത ക്ലാസിക് നൃത്തരൂപത്തിന് പുതിയ അവകാശികളുണ്ടെന്ന് അത് തെളിയിച്ചു. കഥകളിപ്പാട്ടില്‍ മലയാളദേശത്തിന്റെ പര്യായമായി മാറിയ കലാമണ്ഡലം ഹൈദരാലിയുടെ നാട്ടുകാരി ജഹനാര കഥകളി മത്സരത്തില്‍ എ ഗ്രേഡ് നേടി. എന്നാല്‍ ഹൈസ്‌കൂള്‍ വിഭാഗം കുച്ചിപ്പുടിയില്‍ നിലവാരത്തകര്‍ച്ച പ്രകടമായി. ഈയിനത്തില്‍ എ ഗ്രേഡ് നേടിയവര്‍ മൂന്നുപേര്‍ മാത്രം. സമയം തെറ്റിവന്ന മത്സരാര്‍ഥിയെ അയോഗ്യനാക്കിയത് കുച്ചിപ്പുടി മത്സരവേദിയില്‍ വിവാദത്തിന് കാരണമായി.





MathrubhumiMatrimonial