goodnews head

നക്ഷത്രഹോട്ടലില്‍ ആടിത്തിമിര്‍ത്ത് സമ്മാനപ്പൊതികളുമായി അവര്‍ മടങ്ങി

Posted on: 20 Jul 2008


കോയമ്പത്തൂര്‍: ചതുര്‍നക്ഷത്ര ഹോട്ടലായ റസിഡന്‍സിയില്‍ ഒരുദിവസം ആടിത്തിമിര്‍ത്ത് സമ്മാനപ്പൊതികളുമായി അവര്‍ മടങ്ങി, 90 ഓളം കുരുന്നുകള്‍. രോഗാതുര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരുനാള്‍ ഇവര്‍ക്ക് സമ്മാനിച്ചത് മേക്ക് എ വിഷ് ഫൗണ്ടേഷനാണ്. മാരകരോഗ ബാധിതരായ കരുന്നുകളുടെ ഒരാഗ്രഹം സാധിപ്പിച്ചുകൊടുക്കുന്ന അന്താരാഷ്ട്ര സന്നദ്ധ സേവനസംഘടനയാണ് മേക്ക് എ വിഷ് ഫൗണ്ടേഷന്‍.

റസിഡന്‍സിയില്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് ചില്‍ഡ്രന്‍സ് പാര്‍ട്ടിയില്‍ 90 ഓളം കുരുന്നുകളും രക്ഷിതാക്കളും ഉള്‍പ്പെടെ 250 ഓളം പേര്‍ പങ്കെടുത്തു.

കലാമത്സരങ്ങളും കലാപരിപാടികളും വിഭവസമൃദ്ധമായ ഭക്ഷണവും സമ്മാനങ്ങളും തങ്ങളുടെ ആഗ്രഹം സഫലീകരിക്കുന്ന വസ്തുക്കളുംകൊണ്ട് നിറഞ്ഞതായിരുന്നു ഒരുനാളത്തെ ആഘോഷം.അര്‍ബുദം, ഹീമോഫീലിയ, എച്ച്.ഐ.വി. പോസിറ്റീവ് എന്നിവ ബാധിച്ച കുട്ടികളായിരുന്നു പരിപാടിയിലെത്തിയവരില്‍ ബഹുഭൂരിപക്ഷവും. നഗരത്തിലെ സ്വകാര്യാസ്​പത്രിയിലെ അര്‍ബുദ-ഫീമോഫീലിയ വാര്‍ഡിലെ 20 ല്‍പരം കുട്ടികളെയും ആസ്​പത്രി അധികൃതര്‍ പരിപാടിയില്‍ പങ്കെടുപ്പിച്ചു.

കുട്ടികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ചടങ്ങില്‍ അവസരം നല്‍കി. ഉച്ചയ്ക്കുമുമ്പ് മാജിക്‌ഷോ നടന്നു. പ്രശസ്ത സംഗീത ട്രൂപ്പിന്റെ ഗാനമേള, നൃത്തഗ്രൂപ്പിന്റെ നൃത്തപരിപാടി എന്നിവയും നടന്നു.

പങ്കെടുത്ത എല്ലാ കുരുന്നുകള്‍ക്കും കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് യാത്രയാക്കിയത്. കുരുന്നുകളുടെ ഒരാഗ്രഹം സഫലമാക്കുന്നതിന്റെ ഭാഗമായി ആഗ്രഹപ്രകാരമുള്ള വസ്തുക്കളും ചടങ്ങില്‍ നല്‍കി. സൈക്കിള്‍, ക്രിക്കറ്റ്‌സെറ്റ്, ടെലിവിഷന്‍, പുതുവസ്ത്രം, കളിപ്പാട്ടം, ഡി.വി.ഡി. തുടങ്ങിയവ.സുമനസ്സുകളുടെ സഹകരണത്തോടെയാണ് മേക്ക് എ വിഷ് ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്. ഫൗണ്ടേഷന്റെ കോയമ്പത്തൂര്‍ പ്രോഗ്രാംഡയറക്ടര്‍ എയര്‍കമഡോര്‍ എവാണിയ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു രാജീവ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

 




MathrubhumiMatrimonial