goodnews head

വിവാദധൂമങ്ങള്‍ക്കിടയില്‍ കെടാവിളക്കായി സമീക്ഷ

Posted on: 07 Jul 2008


കാലടി: മതവും വിശ്വാസവും വിവാദം പുകയ്ക്കുമ്പോള്‍, നന്മയുടെ കെടാവിളക്കായി പ്രകാശം പരത്തുകയാണ് സമീക്ഷ. അതിര്‍വരമ്പുകളില്ലാത്ത ആത്മീയതയെ പ്രഘോഷിക്കുകയാണ് കാലടി ചെങ്ങലില്‍ സ്ഥാപിച്ചിട്ടുള്ള ഈ കേന്ദ്രം.

ഭാരതീയ പാരമ്പര്യങ്ങളെ സമന്വയിപ്പിച്ച് ഈശോ സഭാ വൈദികനായ ഫാ. എസ്. പൈനാടത്ത് 1987ലാണിതിന്തുടക്കംകുറിച്ചത്. 'എല്ലാറ്റിനെയും സമഭാവനയോടെ കാണുക' എന്നര്‍ത്ഥം വരുന്ന യജുര്‍വേദത്തിലെ ഒരു മന്ത്രത്തില്‍നിന്നെടുത്ത 'സമീക്ഷ' എന്ന പദംതന്നെ ഈ സംരംഭത്തിന്റെ ലക്ഷ്യം വെളിവാക്കുന്നു. അതിര്‍വരമ്പുകളില്ലാതെ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും സംഭാഷണവും സമന്വയവും പോഷിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫാ. പൈനാടത്ത് പറയുന്നു.

പെരിയാറിന്റെ പ്രകൃതിരമണീയതയിലാണ് സമീക്ഷ സ്ഥിതിചെയ്യുന്നത്. ആറ്റിലേക്കിറങ്ങുന്നിടത്ത് ഏഴ് തട്ടുള്ള വലിയ കല്‍വിളക്കുണ്ട്. ഈശ്വരസവിധത്തില്‍ ശ്രദ്ധയോടെ നിവര്‍ന്നുനില്‍ക്കുന്ന വ്യക്തിയുടെ പ്രതീകമാണിത്.

കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ സഹായത്തോടെയാണ് കേരളീയ തച്ചുശാസ്ത്രവിധിപ്രകാരമുള്ള സമചതുരാകൃതിയിലുള്ള ധ്യാനമന്ദിരം പണിതിരിക്കുന്നത്. നാലുവശത്തേക്കും തുറന്നിരിക്കുന്ന നാല് വാതിലുകള്‍. ആര്‍ക്കും പ്രവേശിക്കാം. എല്ലാവരും സംഗമിക്കുന്നത് നടുക്ക് ജ്വലിക്കുന്ന ദീപത്തിനു മുന്നില്‍. ദീപം വച്ചിരിക്കുന്നതാകട്ടെ മതസമന്വയത്തിന്റെ പ്രതീകമായി വിവിധങ്ങളായ എട്ട് മതങ്ങളുടെ അടയാളങ്ങള്‍ വരച്ചിട്ടുള്ള ആരചക്രത്തിന്റെ മധ്യത്തിലും. ഇതിനോട് ചേര്‍ന്ന് ഭഗവദ്ഗീത, ബൈബിള്‍, ഖുറാന്‍, ധമ്മപദം എന്നിവ സ്ഥാനംപിടിച്ചിരിക്കുന്നു. നാല്പതോളം പേര്‍ക്ക് ഒരേസമയം നിശ്ശബ്ദതയില്‍ ധ്യാനത്തില്‍ മുഴുകാം.

മതാന്തര സംഭാഷണങ്ങള്‍ക്കും പഠനത്തിനുമായി നിരവധി പ്രഗത്ഭരായ വ്യക്തികളും ഇവിടെ വരുന്നു. മതാന്തര ബന്ധങ്ങള്‍ പോഷിപ്പിക്കാനുള്ള സെമിനാറുകള്‍, പഠനക്കളരികള്‍, പ്രാര്‍ത്ഥനായോഗങ്ങള്‍ എന്നിവയും സമീക്ഷയില്‍ നടക്കാറുണ്ട്.

വിവിധ മതഗ്രന്ഥങ്ങളും പാരമ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇരുപതിനായിരം പുസ്തകങ്ങളുള്ള ലൈബ്രറിയും ഇവിടെയുണ്ട്. ലൈബ്രറിയോടു ചേര്‍ന്നുള്ള പഠനമുറിയിലും വിവിധ മതപ്രതീകങ്ങളുണ്ട്. ഈ ലൈബ്രറിയുടെ മൂല്യം പരിഗണിച്ച് എം.ജി. യൂണിവേഴ്‌സിറ്റി സമീക്ഷയെ ഒരു ഗവേഷണകേന്ദ്രമായി അംഗീകരിച്ചു.

24 പേര്‍ക്ക് താമസിക്കാനുള്ള ലളിതമായ സൗകര്യങ്ങളുമുണ്ട്. ഭാരതീയാശ്രമ ശൈലിയും പ്രകൃതി രമണീയമായ അന്തരീക്ഷവും നിരവധി ചിന്തകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. സസ്യാഹാരം മാത്രമാണ് ലഭിക്കുക. താമസത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഈശോസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വിവിധ മേഖലകളില്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള അഞ്ച് വൈദികരാണുള്ളത്. സ്ഥാപനത്തെ നയിക്കുന്നത് ഫാ. എസ്. പൈനാടത്തുതന്നെ. വിവിധ മതങ്ങളിലെ പ്രാര്‍ത്ഥനകളും മറ്റും സമന്വയിപ്പിച്ച് പുസ്തകങ്ങള്‍ തയ്യാറാക്കി ജനങ്ങള്‍ക്ക് എത്തിക്കുന്നു. തങ്ങളുടെ ആശയങ്ങള്‍ പൊതുജനങ്ങള്‍ക്ക് പകരാന്‍ പുറംനാടുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കാനും ഇവര്‍ പരിശ്രമിക്കുന്നു.

വൈദിക വിദ്യാര്‍ത്ഥികള്‍ക്കുള്ള തിയോളജി കോഴ്‌സും വിവാഹിതര്‍ക്കായി തിയോളജി ക്ലാസ്സും നടത്തുന്നുണ്ട്.

ഷൈജന്‍ തോട്ടപ്പള്ളി

 

 




MathrubhumiMatrimonial