goodnews head

കല്ലുമ്മക്കായ കനിഞ്ഞു; കാരുണ്യത്തിന് കൈത്താങ്ങായി

Posted on: 01 Jul 2008


സാമൂഹിക സേവനത്തിന്റെ പേരില്‍ പണപ്പിരിവിനിറങ്ങുന്നവര്‍ക്ക് ബദല്‍ മാതൃകയായി മാറുകയാണ് കടലുണ്ടി
പഞ്ചായത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ 'യുവ' ചെറിയ തുരുത്തിയുടെ പ്രവര്‍ത്തകരാണ് പണം പിരിയ്ക്കാതെ സാമൂഹിക സേവനം നടത്താമെന്ന് തെളിയിക്കുന്നത്. സ്വയം അധ്വാനിച്ച് ലഭിക്കുന്ന പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തണമെന്നാണ് ഇവരുടെ നയം.അതുകൊണ്ട് തന്നെ പിരിവിനിറങ്ങുന്നതിന് പകരം കടലുണ്ടിപ്പുഴയില്‍ കല്ലുമ്മക്കായ് കൃഷി നടത്തി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയാണ് ഇവര്‍.

ക്ലബംഗങ്ങള്‍ സ്വരൂപിച്ച 15,000രൂപയൂമായാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കല്ലുമ്മക്കായ് കൃഷിയാരംഭിച്ചത്. മുളയില്‍ കയര്‍ കെട്ടി വിത്ത് കെട്ടിപ്പിടിപ്പിച്ചുള്ള ശാസ്ത്രീയമായ കൃഷിരീതിയായിരുന്നു ഇതിനുപയോഗിച്ചിരുന്നത്. സ്വന്തം ജോലിസമയം കഴിഞ്ഞുള്ള ഒഴിവുവേളയിലാണ് ഇവര്‍ കൃഷി പരിപാലനത്തിന് കണ്ടെത്തിയത്. അഞ്ച് മാസത്തിനു ശേഷം ക്ലബാംഗങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത വിളവാണ് ലഭിച്ചത്.

ഇതില്‍ നിന്നുള്ള ലാഭമുപയോഗിച്ച് കടലുണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന നവധാര പെയ്ന്‍ ആന്റ് പാലയേറ്റീവ് കെയര്‍ സെന്ററിനും പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പഠന സഹായവും നല്‍കാനുള്ള തീരുമാനത്തിലാണ് 'യുവ' പ്രവര്‍ത്തകര്‍.

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ഇനിയും ഇത്തരത്തിലുള്ള സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ക്ലബാംഗങ്ങളുടെ ലക്ഷ്യം. ഇതിനായി അടുത്ത സീസണില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കല്ലുമ്മക്കായ് കൃഷി നടത്താനുള്ള തീരുമാനത്തിലാണെന്ന് ക്ലബ് പ്രസിഡന്റ് വിജേഷ് മങ്ങന്തറ പറഞ്ഞു.

പി.വി. സനില്‍ കുമാര്‍

 

 




MathrubhumiMatrimonial